worls-athletics
worls athletics

പുരുഷ പോൾവാട്ടിൽ സാം കെൻ ഡ്രിക്‌സിന് സ്വർണം

ദോഹ : ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ തന്റെ തുടർച്ചയായ രണ്ടാം സ്വർണമെഡൽ നേടി അമേരിക്കൻ പുരുഷ പോൾ വാട്ട് താരം സാം കെൻഡ്രിക്സ്.

ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ യൂറോപ്യൻ ചാമ്പ്യനായ അർമാൻഡ് ഡുപ്ളാന്റിസിനോട് ഇഞ്ചോടിഞ്ച് പൊരുതിയാണ് സാം അത്യുന്നതിയിലെത്തിയത്.

5.97 മീറ്റർ ചാടിയാണ് സാം സ്വർണത്തിലെത്തിയത്. അർമാൻഡും ഇതേ ഉയരം ക്ളിയർ ചെയ്തെങ്കിലും ചാൻസുകളുടെ എണ്ണക്കുറവ് സാമിന്റെ സുവർണ പുരുഷനാക്കി മാറ്റി.

5.55 മീറ്റർ മുതലാണ് സാം ചാടിത്തുടങ്ങിയത്. 5.7, 5.80 മീറ്ററുകൾ ആദ്യചാൻസിൽതന്നെ ചാടിക്കടന്നു. 5.87 എന്ന ഉയരം ക്ളിയർ ചെയ്യാൻ മൂന്നാം ചാൻസ് വേണ്ടിവന്നു. എന്നാൽ അടുത്ത ഉയരമായ 5.92 മീറ്റർ ആദ്യ ചാൻസിൽ ക്ളിയർ ചെയ്തു. മൂന്നാമത്തെ ചാൻസിലാണ് 5.97 മീറ്റർ കടന്നത്. തുടർന്ന് 6.02 മീറ്റർ ലക്ഷ്യമിട്ടെങ്കിലും ക്ളിയർ ചെയ്യാനായില്ല.

അർമാൻഡ് 5.70 മീറ്റർ , 5.80മീറ്റർ ലക്ഷ്യങ്ങൾ ആദ്യശ്രമത്തിൽ ക്ളിയർ ചെയ്തു. 5.87 ക്ളിയർ ചെയ്യാൻ രണ്ടാമത്തെ ചാൻസിലാണ് കഴിഞ്ഞത്. 5.92 ക്ളിയർ ചെയ്യാൻ മൂന്നാംചാൻസ് വേണ്ടിവന്നു. 5.97 മീറ്ററിന്റെ കാര്യത്തിലും മൂന്നാംചാൻസെടുത്തതോടെ വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 5.87 മീറ്റർ ക്ളിയർചെയ്ത പോളണ്ടിന്റെ പീറ്റർ ലിസെക്കിനാണ് വെങ്കലം.

ഇൗ സീസണിൽ 6.06 മീറ്റർ ചാടിയിരുന്ന സാം കെൻഡ്രിക്സ് സെർജി ബുബ്‌കയ്ക്ക് ശേഷം തുടർച്ചയായ ലോക ചാമ്പ്യൻഷിപ്പുകളിൽ സ്വർണംനേടുന്ന ആദ്യ പോൾവാട്ട് താരമെന്ന റെക്കാഡിനും ഉടമയായി. 1997 വരെയുള്ള തുടർച്ചയായ ആറ് ലോക ചാമ്പ്യൻഷിപ്പുകളിൽ ബുബ്‌ക പോൾവാട്ട് സ്വർണം സ്വന്തമാക്കിയിരുന്നു.

200 മീറ്ററിൽ

നോഹയുടെ സ്വർണം

ദോഹയിലെ ട്രാക്കിൽ 200 മീറ്റർ സ്വർണം നോഹയ്ക്ക്. അമേരിക്കൻ താരം നോഹ ലൈൽസ് 19.83 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സ്വർണം സ്വന്തമാക്കിയത്. 19.95 സെക്കൻഡിൽ ഫിനിഷ് ചെയ്ത കാനഡയുടെ ആന്ദ്രേ ഡി ഗ്രാസ് വെള്ളിയും 19.98 സെക്കൻഡിൽ ഒാടിയെത്തിയ ഇക്വഡോറിന്റെ അലക്‌സ് ക്വിനോനസ് വെങ്കലവും സ്വന്തമാക്കി.

അവസാന 50 മീറ്ററിലെ അത്യുജ്ജ്വലമായ കുതിപ്പാണ് നോഹയ്ക്ക് ഒന്നാംസ്ഥാനം നേടിക്കൊടുത്തത്. റേസിന്റെ തുടക്കത്തിൽ ബ്രിട്ടന്റെ ആദം ജെമിലയായിരുന്നു മുന്നിൽ. എന്നാൽ ലാസ്റ്റ് സ്ട്രൈയ്‌റ്റിൽ ലീഡ് മാറിമറിഞ്ഞു. ഉസൈൻ ബോൾട്ടിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ഒാടിയ നോഹ ഒന്നാമതേക്ക് എത്തിയപ്പോൾ ജെമിലി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ആന്ദ്രേ ഡി ഗ്രാസിന്റെ ഇൗ ലോക മീറ്റിലെ രണ്ടാം മെഡലാണിത്. കഴിഞ്ഞദിവസം നടന്ന 100 മീറ്ററിൽ ഗ്രാസ് വെങ്കലം നേടിയിരുന്നു.

വെങ്കലമെങ്കിലും പ്രതീക്ഷിച്ച ജെമിലെയെ അട്ടിമറിച്ചാണ് ഇക്വഡോറുകാരനായ ക്വിനോനസ് മൂന്നാമത്തേക്ക് ഒാടിക്കയറിയത്. 2016 ലെ ഒളിമ്പിക്സിലും ജെമിലിക്ക് തലനാരിഴയ്ക്ക് വെങ്കലം നഷ്ടമായിരുന്നു. 2017 ലെ 200 മീറ്റർ ചാമ്പ്യൻ തുർക്കിയുടെ റാമിൽ ഗുലിയേയും ഇന്നലെ മത്സരിക്കാനുണ്ടായിരുന്നുവെങ്കിലും അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

800 മീറ്ററിൽ

ഡൊണോവൻ

പുരുഷൻമാരുടെ 800 മീറ്ററിൽ സ്വർണം നേടുന്ന ആദ്യ അമേരിക്കൻ താരമെന്ന റെക്കാഡ് സ്വന്തമാക്കി ഡെണോവൻ ബ്രാഡിയർ. 22 കാരനായ ഡൊണോവൻ ആദ്യമായാണ് ലോക ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ മത്സരിക്കാനിറങ്ങിയത്. ഒരുമിനിട്ട് 42.34 സെക്കൻഡിൽ ചാമ്പ്യൻഷിപ്പ് റെക്കാഡോടെയാണ് ഡൊണോവന്റെ സ്വർണം.

ആദ്യ 500 മീറ്ററിൽ ലീഡ് ചെയ്തിരുന്ന പ്യൂർട്ടോറിക്കോക്കാരൻ വെസ്‌ലി വസ്ക്വേസിനെ മറികടന്നാണ് ഡൊണോവന്റെ സ്വർണ നേട്ടം. വെസ്‌ലി അഞ്ചാമതേക്ക് പിന്തള്ളപ്പെട്ടപ്പോൾ ബഹാമസിന്റെ അമൽ ടുക്ക ഒരു മിനിട്ട് 43.47 സെക്കൻഡിൽ രണ്ടാംസ്ഥാനത്തും കെനിയയുടെ ഫെർഗൂസൺ റോട്ടിച്ച് 1 മിനിട്ട് 43.82 സെക്കൻഡിൽ നാലാമതുമെത്തി.

അന്നു എട്ടാമത്

കെസ്‌ലിക്ക് സ്വർണം

കഴിഞ്ഞ രാത്രി നടന്ന വനിതകളുടെ ജാവലിനിൽ ഇന്ത്യൻ താരം അന്നുറാണി എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ ആസ്ട്രേലിയയുടെ കെസ്‌ലി ലീ ബാർബർ ഒന്നാമതെത്തി. 66.56 മീറ്ററാണ് കെസ്‌ലി എറിഞ്ഞത്. 61.12 മീറ്റർ എറിയാനേ അന്നുവിന്കഴിഞ്ഞുള്ളൂ. ക്വാളിഫയിംഗ് റൗണ്ടിൽ 62.43 മീറ്റർ എറിഞ്ഞ് പുതിയ ദേശീയ റെക്കാഡ് കുറിച്ചിരുന്ന അന്നുവിന് ഫൈനലിൽ ആമികവ് നിലനിറുത്താൻ കഴിഞ്ഞില്ല.

മുന്നിൽ അമേരിക്ക

ലോക ചാമ്പ്യൻഷിപ്പ് ആറാം ദിനത്തിലെത്തിയപ്പോഴും മെഡൽ പട്ടികയിൽ മുന്നിൽ അമേരിക്കതന്നെ. ഏഴ് വീതം സ്വർണവും വെള്ളിയും ഉൾപ്പെടെ 16 മെഡലുകളാണ് അമേരിക്കയ്ക്കുള്ളത്. രണ്ട് സ്വർണമുൾപ്പെടെ എട്ട് മെഡലുകളുമായി ചൈനയാണ് രണ്ടാംസ്ഥാനത്ത്.

മെഡൽ നില

(രാജ്യം, സ്വർണം, വെള്ളി, വെങ്കലം, ആകെ എന്ന ക്രമത്തിൽ)

അമേരിക്ക 7-7-2-16

ചൈന 2-3-3-8

ജമൈക്ക 2-2-0-4

കെനിയ 2-0-2-4

എത്യോപ്യ 1-2-0-3