swami-agnivesh

തിരുവനന്തപുരം: പൂജപ്പുര സരസ്വതി ക്ഷേത്ര മണ്ഡപത്തിൽ വൈദ്യ മഹാസഭയുടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ സ്വാമി അഗ്നിവേശിനെ ആർ.എസ്.എസ് പ്രവർത്തകർ തടഞ്ഞ് മടക്കിഅയച്ചു.

സഭയുടെ പരമ്പരാഗത വൈദ്യസമ്മേളനത്തിൽ സംസാരിക്കാൻ എഴുന്നേറ്റപ്പോഴായിരുന്നു ആർ.എസ്.എസ് ഭീഷണി. തുടർന്ന് സ്വാമി മടങ്ങിപ്പോയി. സ്വാമി ഹിന്ദു വിരോധിയാണെന്നും ഇവിടെ സംസാരിക്കാൻ പാടില്ലെന്നും അവർ ഭീഷണി മുഴക്കി. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സംഭവം.
മോദി യുഗത്തിൽ അക്രമവും പകയും വർഗീയതയും വൈറസ് പോലെ പടരുകയാണെന്ന് അഗ്നിവേശ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. പ്രശ്‌നങ്ങൾ ചർച്ച ചെയ്യാമെന്ന് പറഞ്ഞിട്ടും കൂട്ടാക്കാൻ തയ്യാറായില്ലെന്നും അക്രമത്തിന്റെ പാതയാണ് അവർ സ്വീകരിച്ചതെന്നും സ്വാമിക്കൊപ്പമുണ്ടായിരുന്നവർ പറഞ്ഞു. സംഭവത്തിൽ നിയമ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് സ്വാമി. തിരുവനന്തപുരത്ത് ശാന്തിഗ്രാമിന്റെ പ്രഭാഷണ പരമ്പരയടക്കമുള്ള പരിപാടികളിൽ സ്വാമി അഗ്നിവേശ് ഇന്ന് പങ്കെടുക്കുന്നുണ്ട്.