bayern-munich-champions-l
bayern munich champions league

പി.എസ്.ജി, മാഞ്ചസ്റ്റർ സിറ്റി,

യുവന്റസ്, അത്‌ലറ്റിക്കോ വിജയിച്ചു

റയലിന് സമനില

ലണ്ടൻ : കഴിഞ്ഞ സീസണിൽ ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ മികച്ചപ്രകടനം കാഴ്ചവച്ചിരുന്ന ടോട്ടൻ ഹാമിന് യുവേഫ ചാമ്പ്യൻസ് ലീഗിൽ മുൻ ചാമ്പ്യൻമാരായ ജർമ്മൻ ക്ളബ് ബയേൺ മ്യൂണിക്കിൽ നിന്ന് കനത്ത പ്രഹരം. സ്വന്തം തട്ടകത്തിൽനടന്ന മത്സരത്തിൽ രണ്ടിനെതിരെ ഏഴുഗോളുകൾ വാങ്ങിക്കൂട്ടിയാണ് ടോട്ടനം പൊട്ടിച്ചിതറിയത്.

നാലുഗോളുകൾ നേടിയ സെർജിഗ് നാബ്രിയാണ് ബയേണിന്റെ തകർപ്പൻ വിജയത്തിന് ചുക്കാൻ പിടിച്ചത്. 15-ാം മിനിട്ടിൽ കിമ്മിഷിലൂടെയാണ് ബയേൺ സ്കോർ ചെയ്യാൻ തുടങ്ങിയത്. 12-ാംമിനിട്ടിൽ സൺഹ്യൂംഗ് മിന്നിലൂടെ ടോട്ടൻ ഹാമാണ് മത്സരത്തിലെ ആദ്യഗോൾ നേടിയതെങ്കിലും പിന്നീട് ഒന്നിനുപിന്നാലെ ഒന്നായി ഗോളുകൾ സ്വന്തം വലയിൽ കയറുന്നതാണ് അവർ കണ്ടത്. 45-ാം മിനിട്ടിൽ റോബർട്ടോ ലെവാൻഡോവ്‌സ്കി ബയേണിന്റെ രണ്ടാംഗോളും നേടി.

രണ്ടാം പകുതിയിലായിരുന്നു ഗാൻബ്രിയുടെ നാലുഗോളുകളും. 53, 55, 83, 88 മിനിട്ടുകളിൽ ഗാൻബ്രി ടോട്ടൻഹാം വല കുലുക്കി. ഇതിനിടയിൽ 61-ാം മിനിട്ടിൽ പെനാൽറ്റിയിൽനിന്ന് ഹാരികേൻ ഒരു ഗോൾ തിരിച്ചടിച്ചിരുന്നു. 87-ാം മിനിട്ടിൽ ലെവൻഡോവ്‌സ്കി രണ്ടാം ഗോളും നേടി.

ഇൗ വിജയത്തോടെ രണ്ട് മത്സരങ്ങളിൽനിന്ന് ആറ്പോയിന്റായ ബയേൺ ഗ്രൂപ്പ് ബിയിൽ ഒന്നാമതാണ്. കഴിഞ്ഞ രാത്രി ഒളിമ്പിക് പിറേ യൂസിനെ 3-1ന് കീഴടക്കിയ റെഡ്സ്റ്റാർ ബെൽഗ്രേഡാണ് മൂന്ന് പോയിന്റുമായി രണ്ടാംസ്ഥാനത്ത്.

ഇറ്റാലിയൻ ക്ളബ് യുവന്റസ് ജർമ്മൻ ക്ളബ് ബയേർ ലെവർകൂസനെ 3-0ത്തിന് കീഴടക്കി ഗ്രൂപ്പ് ഡിയിൽ മൂന്നാമത്തേക്ക് എത്തി. 17-ാം മിനിട്ടിൽ ഹിഗ്വെയ്ൻ, 61-ാം മിനിട്ടിൽ ബെർണാഡേഷി, 88-ാം മിനിട്ടിൽ ക്രിസ്റ്റ്യാനോറൊണാൾഡോ എന്നിവരാണ് യുവന്റസിനായി സ്കോർ ചെയ്തത്. റഷ്യൻ ക്ളബ് ലോക്കോമോട്ടീവ് മോസ്കാവയെ 2-0ത്തിന് കീഴടക്കിയ സ്പാനിഷ് ക്ളബ് അത്‌ലറ്റിക്കോ മാഡ്രിഡ് നാലുപോയിന്റുമായി ഗ്രൂപ്പിൽ രണ്ടാംസ്ഥാനത്തുണ്ട്. 48-ാം മിനിട്ടിൽ യാവോ ഫെലിക്സും 58-ാം മിനിട്ടിൽ പാർട്ടേയുമാണ് അത്‌ലറ്റിക്കോയ്ക്കുവേണ്ടി സ്കോർ ചെയ്തത്.

ഇറ്റാലിയൻ താരം മൗറോ ഇക്കാർഡി 52-ാം മിനിട്ടിൽ നേടിയ ഏക ഗോളിന് ഗലറ്റസറിയെ കീഴടക്കിയ പാരീസ് സെന്റ് ജെർമെയ്ൻ എ ഗ്രൂപ്പിൽ രണ്ടാംജയവും ആറു പോയിന്റുമായി ഒന്നാമതെത്തി. റയൽ മാഡ്രിഡിനെ 2-2ന് സമനിലയിൽ പിടിച്ച ക്ളബ് ബ്രുഗെ രണ്ടാംസ്ഥാനത്തായി. നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ് ഒരു പോയിന്റുമായി നാലാമേതേക്ക് താഴ്ന്നു. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ബ്രുഗെതാരം ഡെന്നിസിന്റെ ഇരട്ട ഗോളുകൾക്ക് റയൽ ആദ്യ പകുതിയിൽ പിന്നിലായിരുന്നു. 55-ാം മിനിട്ടിൽ റാമോസും 85-ാം മിനിട്ടിൽ കാസിമെറോയും നേടിയ ഗോളുകളാണ് അവർക്ക് സമനില നൽകിയത്.

മത്സരഫലങ്ങൾ

ബയേൺ മ്യൂണിക് 7-ടോട്ടൻ ഹാം 2

അത്‌ലറ്റിക്കോമാഡ്രിഡ് 2-ലോക്കോമോട്ടീവ് 0

യുവന്റസ് 3-ലെവർകൂസൻ 0

മാഞ്ചസ്റ്റർ സിറ്റി 2-ഡൈനമോ 0

പി.എസ്.ജി 1-ഗലറ്റസറി 0

റെഡ് സ്റ്റാർ 3- പിറേ യൂസ് 1

റയൽ മാഡ്രിഡ് 2-ക്ളബ് ബ്രുഗെ 2

ഷാക്‌തർ 2-അറ്റ്ലാന്റ 1