രാജി ഭിന്നതാത്പര്യ വിഷയത്തിൽ എത്തിക്സ് ഒാഫീസർ നോട്ടീസയച്ചതിനെതുടർന്ന്
മുംബയ് : ഭിന്ന താത്പര്യ വിഷയത്തിൽ ബി.സി.സി.ഐ എത്തിക്സ് ഒാഫീസർ ജസ്റ്റിസ് ഡി.കെ.ജെയ്ൻ നോട്ടീസയച്ചതിന് പിന്നാലെ മുൻ ഇന്ത്യൻക്രിക്കറ്റ് ക്യാപ്ടൻ കപിൽദേവ് ബി.സി.സി.ഐയുടെ ക്രിക്കറ്റ് ഉപദേശകസമിതി അംഗത്വം രാജിവച്ചു.
കഴിഞ്ഞ ആഴ്ചയാണ് കപിലിനും കമ്മിറ്റിഅംഗങ്ങളായ അംഷുമാൻ ഗേയ്ക്ക് വാദിനും ശാന്താ രംഗസ്വാമിക്കും ഡി.കെ. ജെയ്ൻ നോട്ടീസയച്ചിരുന്നത്. മദ്ധ്യപ്രദേശ് ക്രിക്കറ്റ്അസോസിയേഷൻ ആജീവനാന്ത അംഗം സഞ്ജീവ് ഗുപ്ത നൽകിയ പരാതിയുടെ പേരിലാണ് മൂവർക്കുമെതിരെ നോട്ടീസയച്ചത്. നേരത്തെ രാഹുൽ ദ്രാവിഡ്, വി.വി.എസ്. ലക്ഷ്മണൻ, സച്ചിൻ ടെൻഡുൽക്കർ തുടങ്ങിയവർക്കെതിരെയും ഭിന്നതാത്പര്യപ്രശ്നം ഉയർത്തി സഞ്ജീവ് ഗുപ്ത പരാതി നൽകിയിരുന്നു.സച്ചിൻ, ലക്ഷ്മൺ, ഗാംഗുലി എന്നിവരടങ്ങിയ ക്രിക്കറ്റ് ഉപദേശക സമിതിക്ക് ഭിന്നതാത്പര്യ വിഷയത്തിൽ സ്ഥാനമൊഴിയേണ്ടിവന്നതോടെയാണ് കോച്ചിനെ തിരഞ്ഞെടുക്കാൻ കപിലിന്റെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചത്. വനിതാ കോച്ചായി ഡബ്ള്യു.വി രാമനെയും പുരുഷ കോച്ചായി രവിശാസ്ത്രിയെയും തിരഞ്ഞെടുത്തത് ഇൗ സമിതിയാണ്.
കപിൽദേവിന് സ്വന്തമായി ഒരു ഫ്ളഡ്ലിറ്റ് കമ്പനിയുണ്ടെന്നും ഇന്ത്യൻ ക്രിക്കറ്റേഴ്സ് അസോസിയേഷനിലും ക്രിക്കറ്റ് ഉപദേശിക സമിതിയിലും ഒരേസമയം ഇരിക്കുന്നത് ഭിന്നതാത്പര്യ വിഷയപ്രകാരം ശരിയല്ലെന്നുമായിരുന്നു സഞ്ജീവ് ഗുപ്തയുടെ പരാതി. ഇതനുസരിച്ചായിരുന്നു ജസ്റ്റിസ് ജെയ്ൻ നോട്ടീസയച്ചത്. ശാന്താരംഗസ്വാമി കഴിഞ്ഞയാഴ്ച തന്നെ രാജിവച്ചിരുന്നു. ഇന്ത്യൻ ക്രിക്കറ്റേഴ്സ് അസോസിയേഷനിൽ അംഗമാണെന്നതായിരുന്നു ശാന്തയ്ക്കെതിരെ ഉയർന്ന പരാതി. ഗെയ്ക്ക് വാദ്സ്വന്തമായി അക്കാഡമി നടത്തുന്നുവെന്നതും. എന്നാൽ കപിലുൾപ്പടെയുള്ളവർ രാജിവയ്ക്കേണ്ടതില്ലെന്ന് സുപ്രീം കോടതി നിയമിച്ച ബി.സി.സി.ഐ ഉന്നത സമിതി തലവൻ വിനോദ് റായ് പറഞ്ഞിരുന്നു.