ksrtc

തിരുവനന്തപുരം: ലാഭത്തിലോടുന്ന ദീർഘദൂര റൂട്ടുകൾ സ്വകാര്യ ബസ് മുതലാളിമാർക്ക് കാഴ്ചവച്ച് കെ.എസ്.ആ‌ർ.ടി.സിയെ പൂട്ടിക്കാനുള്ള തലതിരിഞ്ഞ 'പരിഷ്കാരത്തിന്" മാനേജ്മെന്റ് നീക്കം തുടങ്ങി. സ്വകാര്യ റൂട്ടുകളെ കെ.എസ്.ആർ.ടി.സിയുടെ ഭാഗമാക്കി കോർപറേഷനെ രക്ഷപ്പെടുത്താമെന്ന ശുപാർശയ്ക്ക് നേർ വിപരീതമാണ് സർക്കാരിന് സമർപ്പിച്ച പുതിയ പ്രൊപ്പോസൽ. ബസിന്റെ കുറവും ശബരിമല സീസണിൽ കൂടുതൽ ബസുകൾ ഉപയോഗിക്കേണ്ടി വരുന്നതുമണ് കാരണമായി പറയുന്നത്.

ഇപ്പോൾ സ്കാനിയ ബസ് വാടകയ്ക്കെടുത്ത് കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നുണ്ട്. ഡ്രൈവറും ബസുമാണ് സ്വാകാര്യ കമ്പനി നൽകുന്നത്. കണ്ടക്ടർ കെ.എസ്.ആർ.ടി.സിയുടേതും. എന്നാൽ, നെറ്റ് ലീസ് (മൊത്ത വാടക) എന്ന പേരിലെ പുതിയ വ്യവസ്ഥ പ്രകാരം കണ്ടക്ടറെയും ബസുടമ നൽകും. പകരം, നിശ്ചിത തുക വാടകയ്ക്ക് റൂട്ട് മൊത്തമായി കെ.എസ്.ആർ.ടി.സി സ്വകാര്യന് വിട്ടുകൊടുക്കും. അതായത് റൂട്ടിൽ എത്ര ലാഭം കൊയ്താലും നിശ്ചിത തുക മാത്രം കെ.എസ്.ആർ.ടി.സിക്ക് നൽകിയാൽ മതി.

ഹൈക്കോടതി ഉത്തരവനുസരിച്ച് താത്കാലിക ഡ്രൈവർമാരെ കൂട്ടത്തോടെ പിരിച്ചു വിടേണ്ടി വരുമെന്നറിഞ്ഞിട്ടും ബദൽ നടപടി സ്വീകരിക്കാതെ സർവീസ് വെട്ടിക്കുറച്ച് കോർപറേഷനെ അവതാളത്തിലാക്കിയതിന് പിന്നിലും ഈ പദ്ധതി അംഗീകരിപ്പിക്കാനുള്ള കുതന്ത്രമാണെന്ന ആരോപണം ജീവനക്കാർക്കിടയിൽ ഉയർന്നിട്ടുണ്ട്.

സ്വകാര്യബസുകളെ കെ.എസ്.ആർ.ടി.സിയുടെ ഭാഗമാക്കുന്ന ശുപാർശ കഴിഞ്ഞ ഒക്ടോബറിൽ അന്നത്തെ എം.ഡി ടോമിൻ തച്ചങ്കരിയാണ് സർക്കാരിന് സമർപ്പിച്ചത്. എന്നാൽ, തൊഴിലാളി സംഘടനകൾ എതിർത്തേക്കുമെന്ന മുൻവിധിയോടെ ഗതാഗത വകുപ്പ് ഇത് പൂഴ്‌ത്തി. ഉത്തർപ്രദേശ്, കർണാടക, തെലുങ്കാന സംസ്ഥാനങ്ങളിൽ വിജയകരമായി നടപ്പാക്കിയതാണിത്. അവിടെ സർക്കാരിനാണ് മുഴുവൻ ബസ് സർവീസിന്റെയും ചുമതല.

ഉപേക്ഷിച്ച പദ്ധതി

 സ്വകാര്യ ബസുകൾക്ക് നിശ്ചിത വാടക നൽകും

 ഡീസൽ,​ നികുതി,​ കണ്ടക്ടർ കോർപറേഷൻ നോക്കും

 ഡ്രൈവർ ബസുടമയുടേത്

നേട്ടം

 കൂടുതൽ ബസ് വാങ്ങേണ്ട. ബസിനൊപ്പം റൂട്ടും കിട്ടും

 ചാർജ് വർദ്ധനയിൽ ജനപക്ഷ തീരുമാനമെടുക്കാം

 കൂടുതൽ കണ്ടക്‌ടർമാരെ നിയമിക്കാം

പുതിയ പദ്ധതി

 നിശ്ചിത തുക മാത്രം കോർപറേഷന്

 കെ.എസ്.ആർ.ടി.സിക്ക് നിലവിലുള്ള റൂട്ടുകൾ നഷ്ടം

 കണ്ടക്ടർ, ഡ്രൈവർ നിയമനം കുറയും