crime

കിളിമാനൂർ: പതിമൂന്ന് വർഷങ്ങൾക്ക് മുമ്പ് നടന്ന ഏറെ ദുരൂഹത നിറഞ്ഞ കൊലപാതകത്തിന്റെ വിചാരണയ്ക്ക് ഇന്ന് തുടക്കം.തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് കോടതി മൂന്നിലാണ് വിചാരണ നടക്കുന്നത്. 2006 നവംബർ 26 ന് നടന്ന കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ 2017 മേയ് 27 ന് മറ്റൊരു കേസിൽ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് കേസ് വഴിത്തിരിവായത്.പുല്ലയിൽ പറയ്ക്കോട് ദേവീക്ഷേത്രത്തിലെ കഴകക്കാരിയായി ജോലി നോക്കിയിരുന്ന പുല്ലയിൽ, കുന്നിൽകിഴക്കതിൽ വീട്ടിൽ കമലാക്ഷിയെയാണ് (80)ക്ഷേത്രക്കുളത്തിൽ കൊലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പുല്ലയിൽ പറയ്ക്കോട്, തെങ്ങുവിള വീട്ടിൽ മോഹൻകുമാർ (43) ആണ് സംഭവുമായി ബന്ധപ്പെട്ട് വർഷങ്ങൾക്ക് ശേഷം അറസ്റ്റിലായത്.

പ്രമാദമായ മലപ്പുറം, പൂക്കോട്ടുംപാടം, വില്വത്ത് ശിവക്ഷേത്രത്തിലെ വിഗ്രഹം തകർത്ത കേസിലാണ് പ്രതി മോഹൻകുമാർ പിടിയിലാകുന്നത്. പൊലീസ് ഇയാളെ തന്ത്രപരമായി പിടികൂടുകയായിരുന്നു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. പറയ്ക്കോട് ക്ഷേത്രത്തിന് സമീപത്തെ കുളത്തിൽ അടിവസ്ത്രം മാത്രം ധരിച്ച അവസ്ഥയിൽ വയറുകീറി ആന്തരികാവയവങ്ങൾ പുറത്തുവന്ന നിലയിലായിരുന്നു കമലാക്ഷിയുടെ മൃതദേഹം കാണപ്പെട്ടത്. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കം ഉണ്ടായിരുന്നു.

കുത്തി കൊലപ്പെടുത്തിയശേഷം കുളത്തിൽ മൃതദേഹം തള്ളുകയായിരുന്നുവെന്നാണ് മോഹൻകുമാർ പൊലീസിന് മൊഴി നല്കിയത്. തുടർന്ന് സുഹൃത്തിന്റെ കൈയിൽ നിന്ന് രൂപയും കടംവാങ്ങി മലപ്പുറത്തേയ്ക്ക് നാടുവിട്ട മോഹനകുമാർ പിന്നീട് നാട്ടിൽ വരികയോ ബന്ധുക്കളുമായി ബന്ധപ്പെടുകയോ ചെയ്തിരുന്നില്ല.പൊലീസ് അന്വേഷണം നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചിരുന്നില്ല. പറക്കോട് ക്ഷേത്രത്തിലെ അടിച്ചുവാരലും മറ്റും നടത്തിവന്നത് കമലാക്ഷിയാണ്. പുലർച്ചെ വീട്ടിൽ നിന്ന് ഒറ്റയ്ക്കാണ് കമലാക്ഷി ക്ഷേത്രത്തിൽ എത്താറുള്ളത്.ക്ഷേത്രം പുനരുദ്ധാരണത്തിന്റെ ഭാഗമായി ബാലാലയത്തിൽ പ്രതിഷ്ഠിച്ചിരുന്ന നാഗദൈവ വിഗ്രഹം കാണാതെ പോയി.ഇത് മോഹൻകുമാർ നശിപ്പിച്ചതാണെന്ന് കമലാക്ഷിയ്ക്ക് അറിയാമായിരുന്നു. ഇത് ക്ഷേത്ര ഭാരവാഹികളോട് പറയുമെന്ന് മനസ്സിലാക്കിയാണ് കമലാക്ഷിയെ കൊന്നത്.

നശിപ്പിച്ച നാഗദൈവ വിഗ്രഹങ്ങൾക്ക് പകരം പുതിയത് പ്രതിഷ്ഠിക്കുന്നതിന്റെ ചടങ്ങ് നടക്കുന്നതിനിടയിൽ പുലർച്ചെ കമലാക്ഷി ക്ഷേത്രത്തിലേക്ക് വരുമ്പോൾ പതുങ്ങിയിരുന്ന് കുത്തി കൊലപ്പെടുത്തിയശേഷം വലിച്ചിഴച്ച് മൃതദേഹം കുളത്തിൽ കൊണ്ടിടുകയായിരുന്നു. കിളിമാനൂർ മഹാദേവേശ്വരം ക്ഷേത്രത്തിനുസമീപം വാര്യർ സമാജത്തിന്റെ നാഗരുകാവിലെ പ്രതിഷ്ഠയും ഇയാൾ വർഷങ്ങൾക്ക് മുമ്പ് തകർത്തിരുന്നുവെന്ന് തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. അറസ്റ്റിലായ ശേഷം മോഹൻ കുമാറിനെ തെളിവെടുപ്പിനായി കൊണ്ടുവരികയും കമലാക്ഷിയുടെ മൃതദേഹം തള്ളിയ കുളത്തിൽ നിന്നുതന്നെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കണ്ടെടുക്കുകയും ചെയ്തിരുന്നു. സാക്ഷി പട്ടികയിൽ 35 ഓളം പേരാണുള്ളത്.