
ഇംഗ്ലണ്ടിലെ സ്‌റ്റാഫോർഡ് ഷെയറിലുള്ള 16ാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട ബംഗ്ലാവാണ് ബ്രോഗ്ടൺ ഹാൾ. പുരാതന ബ്രിട്ടീഷ് ശൈലിയിൽ നിർമിക്കപ്പെട്ട ആഡംബര പൂർണമായ ഇവിടം ഇംഗ്ലണ്ടിലെ പ്രസിദ്ധനായ വ്യവസായി ജോൺ കൗഡ്‌വെലിന്റെ ഉടമസ്ഥതയിലുള്ളതാണ്. ബ്രിട്ടനിലെ പ്രസിദ്ധമായ ഫോൺസ് 4യു എന്ന മൊബൈൽ ഫോൺ റീട്ടെയിൽ കമ്പനിയുടെ സ്ഥാപകനാണ് ജോൺ കൗഡ്‌വെൽ. ഫോബ്സിന്റെ 2016ലെ കണക്കനുസരിച്ച് ലോകത്തെ ഏറ്റവും സമ്പന്നരായവരുടെ പട്ടികയിൽ 722ാമതാണ് ജോൺ. 66കാരനായ ജോൺ 29 വർഷങ്ങൾക്ക് മുമ്പാണ് 50 ബെഡ്റൂമുകൾ ഉള്ള ഈ ബംഗ്ലാവ് വാങ്ങിയത്. ഏകദേശം 10 മില്യൺ പൗണ്ടിലേറെ വിലമതിക്കുന്നതാണ് ബ്രോഗ്ടൺ ഹാൾ. ഇതുകൂടാതെ വേറെയും ബംഗ്ലാവുകൾ ജോണിനുണ്ട്. പക്ഷേ, അവയ്ക്കൊന്നും ഇല്ലാത്ത ഒരു പ്രത്യേകത ബ്രോഗ്ടൺ ഹാളിനുണ്ടെന്നാണ് ജോൺ പറയുന്നത്. 300 വർഷങ്ങൾക്ക് മുമ്പ് മരിച്ച ഒരു ആൺകുട്ടിയുടെ പ്രേതം ഇവിടെ കറങ്ങി നടക്കുന്നുണ്ടത്രെ. ജോൺ തന്നെയാണ് നാല് വർഷം മുമ്പ് തന്റെ ആഢംബര ബംഗ്ലാവിനെ പറ്റിയുള്ള ഈ രഹസ്യം വെളിപ്പെടുത്തിയത്.
13ാം നൂറ്റാണ്ട് മുതൽ ബ്രോഗ്ടൺ പ്രഭു കുടുംബാംഗങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. 17ാം നൂറ്റാണ്ടിൽ ഇംഗ്ലീഷ് സിവിൽ വാർ നടക്കുന്ന സമയം ഒരു ആൺകുട്ടി ക്രോംവെൽ സൈന്യത്തിന്റെ വെടിയേറ്റ് ബംഗ്ലാവിൽ മരിക്കുകയുണ്ടായത്രെ. ഈ കുട്ടിയുടെ പ്രേതമാണ് തന്റെ ബംഗ്ലാവിൽ ചുറ്റിക്കറങ്ങുന്നതെന്ന് ജോൺ പറയുന്നു.
പക്ഷേ, ജോൺ ഇതേവരെ ആ പ്രേതത്തെ കണ്ടിട്ടില്ല. എന്നാൽ, പ്രേതത്തിന്റെ സാന്നിദ്ധ്യം താനും ജോലിക്കാരും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. കോണിപ്പടികളിലും മുറികളിലും പ്രേതത്തിന്റെ സാന്നിദ്ധ്യത്തെ പറ്റി തന്റെ ജോലിക്കാർക്കുണ്ടായ അനുഭവങ്ങളും ജോൺ പറയുന്നു. പക്ഷേ, ആരെയും ഈ പ്രേതം ഉപദ്രവിച്ചിട്ടില്ലത്രെ. ജോണിന്റെ ഈ വെളിപ്പെടുത്തൽ ആളുകളുടെ ശ്രദ്ധ നേടാനുള്ള വെറും കെട്ടുകഥയാണെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. ഇംഗ്ലീഷ് സിവിൽ വാർ കാലഘട്ടത്തിലെ ബ്രിട്ടന്റെ പ്രൗഢി വിളിച്ചോതുന്നതാണ് ഈ മനോഹരമായ ബംഗ്ലാവ്.
1914 ജോൺ ഹാൾ എന്ന വ്യവസായി വാങ്ങി പുനഃരുദ്ധാരണം നടത്തിയ ബ്രോഗ്ടൺ ഹാൾ പിന്നീട് 1940കളിൽ സ്‌കൂളിനായും 1952ൽ സന്യാസിനികൾക്കായും കൈമാറപ്പെട്ടു. ഇവിടെ താമസിക്കുന്നവരുടെ മൂത്ത പുത്രൻമാർ ബംഗ്ലാവിന്റെ അനന്തരാവകാശി ആകുന്നതിനു മുമ്പ് മരിക്കുമെന്ന അന്തവിശ്വാസങ്ങളും ബ്രോഗ്ടൺ ഹാളിനെ ചുറ്റിപ്പറ്റി നിലനിന്നിരുന്നു.