stethoscope


തിരുവനന്തപുരം: വർക്കല എസ്.ആർ മെഡിക്കൽ കോളേജിൽ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങളും അദ്ധ്യാപകരുമില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ഇവിടത്തെ വിദ്യാർത്ഥികളെ മറ്റു മെഡിക്കൽ കോളേജുകളിലേക്ക് മാറ്റുന്നത് സർക്കാർ പരിഗണിക്കുന്നു.

അടിസ്ഥാന സൗകര്യമില്ലാത്ത കോളേജിലെ തുടർപഠനം വിദ്യാർത്ഥികളുടെ ഭാവി തുലയ്ക്കുമെന്നും മറ്റു കോളേജുകളിലേക്ക് ഇവരെ മാറ്റുന്നതാണ് ഉത്തമമെന്നും വിജിലൻസ് സർക്കാരിന് ശുപാർശ നൽകി. പക്ഷേ,മാറ്റത്തിന് മെഡിക്കൽ കൗൺസിലിന്റെ പ്രത്യേക അനുമതി ആവശ്യമാണ്.

കോളേജിലെ സൗകര്യങ്ങളുടെ അപര്യാപ്തത കാരണം 2016ന് ശേഷം പ്രവേശനം അനുവദിച്ചിട്ടില്ല. തങ്ങൾക്ക് ഏ​റ്റവും ആവശ്യം രോഗികളാണെന്ന് മൂന്നാം വർഷ വിദ്യാർത്ഥികൾ പരാതിപ്പെട്ടിട്ടുണ്ട്. രോഗികളൊന്നും വരാത്ത ആശുപത്രിയിൽ മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യയെ കബളിപ്പിക്കാൻ രോഗികളെയും അദ്ധ്യാപകരെയും വാടകയ്ക്കാണ് കൊണ്ടുവന്നിരുന്നതെന്നും വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു.

ഭീമമായ ഫീസ് നൽകി പഠനം നടത്തുന്ന വിദ്യാർത്ഥികൾ എങ്ങനെയെങ്കിലും എം.ബി.ബി.എസ്. ജയിച്ചുവരുന്നത് അവർക്കും സമൂഹത്തിനും അപകടങ്ങളുണ്ടാക്കുമെന്ന് വിജിലൻസ് ചൂണ്ടിക്കാട്ടുന്നു. സൗകര്യങ്ങളില്ലാത്തതിന്റെ പേരിൽ നേരത്തേ അടച്ചുപൂട്ടിയ ഇടുക്കി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളെ മറ്റ് മെഡിക്കൽ കോളേജുകളിലേക്ക് മാറ്റിയിരുന്നു.

വിജിലൻസ് ശുപാർശകൾ:

 കോളേജ് ഉടമകൾക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുക്കണം

ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിന്റെ കെട്ടിടനിർമാണ അനുമതി വാങ്ങാതെ അനധികൃതമായി നിർമിച്ച, നമ്പർ ലഭിച്ചിട്ടില്ലാത്ത കെട്ടിടത്തിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന .മെഡിക്കൽ കോളേജിനെതിരെ പഞ്ചായത്ത് നിയമനടപടികൾ സ്വീകരിക്കണം

മെഡിക്കൽ കൗൺസിൽ കണ്ടെത്തലുകൾ:

രോഗികളില്ലാത്ത ആശുപത്രിയിൽ ഒഴിഞ്ഞ കിടക്കകൾ മാത്രമാണുള്ളത്.

ഓപ്പറേഷൻ തിയേറ്റർ ഉപയോഗിച്ചിട്ടില്ല.

ബ്ലഡ് ബാങ്ക് അടഞ്ഞുകിടക്കുന്നു.

ഇൻപേഷ്യന്റിനും ഔട്ട് പേഷ്യന്റിനും ആവശ്യമായ വിസ്തൃതിയിലില്ല ആശുപത്രിയുടെ നിർമിതി.

ശസ്ത്രക്രിയയും പ്രസവവും നടക്കുന്നില്ല.

മൈക്രോ ബയോളജി സെക്‌ഷനിൽ ഒരു ഉപകരണവുമില്ല.

ലക്ചർ ഹാളിന് മതിയായ വലിപ്പമില്ല.

വിദ്യാർത്ഥികളുടെയും റസിഡന്റ് ഡോക്ടർമാരുടെയും താമസസ്ഥലം സൗകര്യമില്ലാത്തതാണ്.

നഴ്സുമാർക്ക് താമസ സൗകര്യമില്ല.

സി.സി.ടി.വിയും ബയോമെട്രിക് ഉപകരണങ്ങളും പ്രവർത്തിക്കുന്നില്ല