marad-flat-

തിരുവനന്തപുരം: അനധികൃത നിർമാണത്തെക്കുറിച്ച് സുപ്രീംകോടതി റിപ്പോർട്ടുതേടിയ പശ്ചാത്തലത്തിൽ തീരപരിപാലന നിയമങ്ങൾ ലംഘിച്ച് പണിതുയർത്തിയ 10 ജില്ലകളിലെ കെട്ടിടങ്ങളുടെ കണക്ക് സർക്കാർ ശേഖരിക്കുന്നു. ഗുരുതര നിയമലംഘനമുള്ളതും അനധികൃതമായതുമായ കെട്ടിടങ്ങൾ കണ്ടെത്താനാണ് ശ്രമം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ പട്ടികയാണ് തയ്യാറാക്കുന്നത്. ജില്ലാ കളക്ടർ ചെയർമാനായ കോസ്​റ്റൽ സോൺ മാനേജ്‌മെന്റ് അതോറി​ട്ടിയാണ് ആറ് കോർപ്പറേഷനുകൾ, 36 മുനിസിപ്പാലി​റ്റികൾ, 245 പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ നിയമലംഘനങ്ങളുടെ കണക്കെടുക്കുന്നത്. ഈ ജില്ലകളിൽ അനധികൃത നിർമാണങ്ങൾ പലപ്പോഴായി സർക്കാർ ക്രമപ്പെടുത്തി നൽകിയിട്ടുണ്ട്. അത്തരം കെട്ടിടങ്ങളും പൊളിക്കേണ്ടിവരും. നാലു മാസത്തിനകം പരിശോധന പൂർത്തിയാക്കും. നിയമ ലംഘനത്തിന്റെ സ്വഭാവമനുസരിച്ച് തരംതിരിച്ച് പട്ടിക തയ്യാറാക്കും. ഉപഗ്രഹഭൂപടത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലം സന്ദർശിച്ച് ഓരോ സ്ഥലത്തെയും നിയമംലംഘിച്ചുള്ള കെട്ടിടങ്ങൾ തരംതിരിച്ച് ഒ​റ്റനില കെട്ടിടങ്ങൾ, വാണിജ്യസമുച്ചയങ്ങൾ, വൻകിട പാർപ്പിടസമുച്ചയങ്ങൾ എന്നിങ്ങനെ കണക്ക് തയ്യാറാക്കും. കടുത്ത നിയമലംഘനങ്ങൾ ബോദ്ധ്യപ്പെടുന്നവ പ്രത്യേകം രേഖപ്പെടുത്തും. തദ്ദേശസ്ഥാപനങ്ങളിൽനിന്നുള്ള രേഖകളും പരിശോധിക്കും. തീരദേശത്ത് 1800 അനധികൃത കെട്ടിടങ്ങളുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.