തിരുവനന്തപുരം: കുണ്ടമൺകടവിലെ തന്റെ ആശ്രമം കത്തിച്ച സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം പൊലീസിലെ ആർ.എസ്.എസുകാർ അട്ടിമറിച്ചതായി സ്കൂൾ ഓഫ് ഭഗവത് ഗീതാ സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി ആരോപിച്ചു. കഴിഞ്ഞ വർഷം ഒക്ടോബർ 27ന് രാത്രിയായിരുന്നു സംഭവം. ഒരുവർഷം നീണ്ട അന്വേഷണത്തിനൊടുവിലും കേസിന് തുമ്പില്ലാതിരിക്കെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയ പശ്ചാത്തലത്തിൽ സ്വാമി സന്ദീപാനന്ദഗിരി 'ഫ്ളാഷി'നോട് സംസാരിക്കുന്നു:
പൊലീസ് മുൻകൂട്ടി അറിഞ്ഞു
ആർ.എസ്.എസ് പ്രവർത്തകർ തന്നെ ലക്ഷ്യം വച്ച് ആശ്രമം അക്രമിക്കാൻ സാദ്ധ്യതയുണ്ടെന്ന വിവരം പൊലീസ് മുൻകൂട്ടി അറിഞ്ഞിരുന്നു. തീവയ്പ്പ് സംഭവമുണ്ടാകുന്നതിന് ഏതാനും ദിവസം മുമ്പ് വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ ചിലർ ആശ്രമത്തിലേക്ക് മാർച്ച് നടത്തി. മാർച്ച് നടന്ന ദിവസം രാവിലെ പൊലീസെത്തി ആശ്രമത്തിൽ പാർക്ക് ചെയ്തിരുന്ന തന്റെ കാറും രണ്ട് സ്കൂൾ വാനുകളും അവിടെ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു. മാർച്ച് നടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണിത്. ആശ്രമത്തിന്റെ വളപ്പിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനം മാറ്റണമെന്ന ആവശ്യത്തിന്റെ സാംഗത്യം ചോദ്യം ചെയ്തെങ്കിലും സുരക്ഷാ നടപടികളുടെ ഭാഗമെന്ന നിലയിൽ നിർദേശം അംഗീകരിച്ചു. താൻ മടങ്ങിയെത്തിയശേഷമാണ് കാർ ആശ്രമത്തിലെത്തിച്ചത്. ആശ്രമത്തിൽ കാറുണ്ടായിരുന്നതിനാൽ താനും ഉണ്ടാകുമെന്ന് കരുതിയാകാം അക്രമം നടത്തിയത്. ഷിബുസ്വാമിക്ക് ആദരാഞ്ജലികളെന്നെഴുതി റീത്ത് സമർപ്പിച്ചു. അവർ എന്നെയും വാഹനത്തെയും ലക്ഷ്യം വച്ചിരുന്നുവെന്ന് പൊലീസിന് അറിയാമായിരുന്നു.ആർ.എസ്.എസിലുള്ളവർ പൊലീസിലുമുണ്ട്. അന്വേഷണ വിവരങ്ങളും പൊലീസിന്റെ നീക്കങ്ങളുമെല്ലാം അപ്പപ്പോൾ അക്രമികൾ മനസിലാക്കിയിരുന്നു. അന്വേഷിച്ചാലും തെളിവുകളൊന്നും കണ്ടെത്താൻ കഴിയാത്ത വിധത്തിലാണ് സംഭവം ആസൂത്രണം ചെയ്തത്.
രേഖാചിത്രം എവിടെ?
ലോക്കൽ പൊലീസ് ഒരുവർഷമായി അന്വേഷിച്ചിട്ടും യാതൊരു തുമ്പും ലഭിച്ചിട്ടില്ല. സംഭവത്തിന് പ്രാദേശിക ബന്ധമുണ്ടെന്ന് വ്യക്തമാണ്. ഇതുവരെ കേസ് അന്വേഷണം നടത്തിയ ചില ഉദ്യോഗസ്ഥർക്ക് ആർ.എസ്.എസ് ബന്ധമുണ്ടെന്ന് മനസിലായിട്ടുണ്ട്. ഇത്തരത്തിലുള്ള ബന്ധങ്ങളും ബന്ധനങ്ങളും തെളിവ് ശേഖരണത്തിനും ചോദ്യം ചെയ്യലിനും മറ്ര് അന്വേഷണ മുറകൾക്കും തടസമായിട്ടുണ്ടെന്ന് വ്യക്തമാണ്. അടുത്തിടെ മറ്റൊരു ഉദ്യോഗസ്ഥനും കേസിന്റെ പുരോഗതി വിലയിരുത്താനെത്തിയിരുന്നു. പുതുതായി എന്തെങ്കിലും പറയാനുണ്ടോയെന്നായിരുന്നു അദ്ദേഹത്തിന് അറിയേണ്ടത്. അന്വേഷണ ഉദ്യേഗസ്ഥരായെത്തുന്നവർക്ക് ഇതിൽ സങ്കുചിതമോ രാഷ്ട്രീയമോ ആയ നിലപാടുകളുണ്ടോയെന്ന് എങ്ങനെ അറിയാൻ കഴിയും.
സിസി. ടിവി കാമറകൾ വരും മുമ്പ് പൊലീസ്, കേസുകൾ അന്വേഷിച്ച് തെളിയിച്ചിട്ടില്ലേ. ആശ്രമത്തിന് ആറ് കിലോ മീറ്റർ ചുറ്റളവിലുള്ള കാമറകൾ പരതുകയും പെട്രോൾ പമ്പുകളിലും മറ്റും പരിശോധന നടത്തുകയും ചെയ്തെങ്കിലും തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ വാദം. ആരെയും കൊണ്ടുപോയി ഇടിച്ചോ തൊഴിച്ചോ വിരട്ടിയോ കുറ്രം സമ്മതിപ്പിക്കണമെന്ന് തനിക്ക് താത്പര്യമില്ല. ദൃക്‌സാക്ഷി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അക്രമിയുടെ രേഖാചിത്രം തയാറാക്കിയെങ്കിലും പൊലിസ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. രേഖാചിത്രം പുറത്തുവന്നാലല്ലേ പ്രതിയെ തിരിച്ചറിയാൻ കഴിയൂ. അതെന്തിനാണ് ഒളിച്ചുവയ്ക്കുന്നത്. ഇതെല്ലാം ആരെയോ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
ക്രൈംബ്രാഞ്ച് വരട്ടെ
മുഖ്യമന്ത്രിയുടെ നിർദേശാനുസരണം നിയോഗിക്കപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വരട്ടെ. ലോക്കൽ പൊലീസിനോട് വെളിപ്പെടുത്തിയ കാര്യങ്ങളെല്ലാം അവരോടും പറയും. സത്യസന്ധമായി അന്വേഷിച്ചാൽ കുറ്റവാളികളെ കണ്ടെത്താവുന്നതേയുളളൂ. ഇത്തരം കേസുകളിൽ പൊലീസ് സ്വീകരിക്കുന്ന അന്വേഷണ മാർഗങ്ങളെല്ലാം മുൻകൂട്ടി മനസിലാക്കി അത്തരം തെളിവുകളില്ലാത്ത വിധത്തിലാണ് സംഭവം ആസൂത്രണം ചെയ്തിട്ടുളളത്. പെട്രോൾ, വാഹനങ്ങളിൽ നിന്ന് ഊറ്റിയതാകാം. റീത്ത് വാങ്ങിയ കടയോ റീത്തിലുണ്ടായിരുന്ന കുറിപ്പിലെ കൈയ്യക്ഷരമോ പൊലീസിന് തിരിച്ചറിയാൻ പറ്റിയിട്ടില്ല. ഇത്തരം കാര്യങ്ങൾ തിരിച്ചറിയാൻ പഴുതടച്ച അന്വേഷണമുണ്ടാകണം. ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് അന്വേഷണം ഏൽപ്പിക്കുമെന്നാണ് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചിട്ടുള്ളത്.
''
തിരഞ്ഞെടുപ്പ് ചുമതലയുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലായതിനാൽ അന്വേഷണത്തിന് നിയോഗിച്ചതിനെപ്പറ്റി അറിഞ്ഞിട്ടില്ല. ഉത്തരവ് ലഭിച്ചാലുടൻ അന്വേഷണം ഏറ്റെടുക്കും.
- എസ്. ശ്രീജിത്ത്, ക്രൈംബ്രാഞ്ച് ഐ.ജി