മലയിൻകീഴ്: മാറനല്ലൂർ ചിലവക്കോട് ഭാഗത്തുള്ള സ്വകാര്യ വ്യക്തിയുടെ പശു ഫാമിൽ നിന്നു മാലിന്യം ഒഴുകുന്നതിനാൽ സമീപത്തെ വീടുകളിലുള്ളവർ ദുരിതത്തിലായിട്ട് നാളുകളേറെയായി. ഫാമിലെ മാലിന്യം സംഭരിച്ചിരുന്ന കുഴി നിറഞ്ഞ് തോട് പോലെയാണ് ഓഴുകുന്നത്. ചിലവക്കോട് തോട്ടത്തിൽ ശ്രീകുമാറിന്റെ വീടും കിണറും പരിസരവും മാലിന്യം കൊണ്ട് നിറഞ്ഞു. കിണറ്റിൽ മാലിന്യം ഇറങ്ങിയതിനാൽ കുടിവെള്ളവും മുട്ടിയിരിക്കുകയാണ്. അസഹ്യമായ ദുർഗന്ധം സഹിച്ചാണ് വീടിനുള്ളിൽ കുടുബം കഴിയുന്നത്. നിരവധി പശുക്കളുള്ള ഈ ഫാമിൽ നിന്ന് നേരത്തെയും ഇത്തരത്തിൽ മാലിന്യം ഒഴുകിയിരുന്നു. വേനൽക്കാലത്ത് വറ്റാത്ത ജലശ്രോതസായ സമീപത്തെ ചെറുകുളം മാലിന്യം നിറഞ്ഞതിനാൽ ഉപയോഗശൂന്യമായി. നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശം ദുർഗന്ധം സഹിച്ചും കുടിവെള്ളമില്ലാതെയും നരകയാതന അനുഭവിക്കുകയാണ്.
ചിലവക്കോട് ഉയർന്ന സ്ഥലത്താണ് പശുഫാം സ്ഥിതിചെയ്യുന്നത്. ഫാമിലെ മാലിന്യത്തിന് അറുതി വരുത്താൻ പശുഫാം ചിലവക്കോട് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് എസ്.എൻ.ഡി.പി യോഗം മാറനല്ലൂർ ശാഖാ പ്രസിഡന്റ് വിജയകുമാറും സെക്രട്ടറി ആർ. ചന്ദ്രനും അധികൃതർക്ക് ഇന്നലെ പരാതി നൽകി. അടിയന്തരമായി ആരോഗ്യവകുപ്പ് അധികൃതർ സ്ഥലത്തെത്തി ജനങ്ങളുടെ രോഗഭീതി അകറ്റണമെന്നും ഫാം മാറ്റുന്നതിന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്കും പരാതി നൽകും. ആറ് മാസം മുൻപ് ഇതേ സ്ഥിതി ഉണ്ടായപ്പോൾ ഫാം ഉടമ മാലിന്യം കെട്ടിനിറുത്തി പ്രശ്നത്തിന് പരിഹാരമുണ്ടാക്കുമെന്ന് ജനപ്രതിനിധികളോട് ഉറപ്പ് നൽകിയിരുന്നു. എന്നാൽ അതൊന്നും നടന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.