archbishop-soosa-pakiam

തിരുവനന്തപുരം: ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പും കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി) അദ്ധ്യക്ഷനുമായ റവ. ഡോ. എം. സൂസപാക്യത്തെ അത്യാസന്ന നിലയിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത പനി, അണുബാധ, ശ്വാസ തടസം എന്നിവയെ തുടർന്ന് ബുധനാഴ്ച വൈകിട്ടോടെയാണ് സൂസപാക്യത്തെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് ആന്തരിക അവയവങ്ങൾക്ക് അണുബാധ ഉണ്ടായതിനാൽ നിലവിൽ മൾട്ടി ഡിസിപ്ളിനറി ഐ.സി.യുവിൽ ഡോക്ടർമാരുടെ പൂർണ നിരീക്ഷണത്തിലാണ് അദ്ദേഹം. അണുബാധ ശ്വാസകോശത്തെയും വൃക്കയെയും ബാധിച്ചതിനാൽ അദ്ദേഹത്തെ ഡയാലിസിസിന് വിധേയമാക്കേണ്ടി വരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

രണ്ടാഴ്ചത്തെ വത്തിക്കാൻ സന്ദർശനത്തിന് ശേഷം ചൊവ്വാഴ്ചയാണ് ആർച്ച് ബിഷപ്പ് തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. മടക്കയാത്രയ്ക്കിടെ ശാരീരിക അസ്വസ്ഥതയും പനിയും അനുഭവപ്പെട്ടതിനാൽ ദോഹ എയർപോർട്ടിൽ പ്രാഥമിക ചികിത്സ തേടിയ ശേഷമായിരുന്നു യാത്ര തുടർന്നതും. ചൊവ്വാഴ്ച വൈകിട്ട് മൂന്നോടെ തിരുവനന്തപുരത്തെത്തിയ സൂസപാക്യത്തെ ഉടൻ തന്നെ ജൂബിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ബുധനാഴ്ച വൈകിട്ടോടെ ശ്വാസതടസം കലശലായതിനാലാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി കിംസിലേക്ക് മാ​റ്റിയത്. അണുബാധയുള്ളതിനാൽ ബിഷപ് ഡോക്ടർമാരുടെ പൂർണ നിരീക്ഷണത്തിലാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സഹായമെത്രാൻ ആർ.ക്രിസ്തുദാസ് പറഞ്ഞു.