നെയ്യാറ്റിൻകര: കഴിഞ്ഞ വർഷമാദ്യം നെയ്യാറ്റിൻകര കൃഷ്ണപുരം ഗ്രാമത്തിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന എഴുപതുകാരി മരിച്ചു. മൃതദേഹം സംസ്കരിക്കണമെങ്കിൽ തലസ്ഥാനത്തെ ശാന്തികവാടത്തിൽ കൊണ്ടുപോകണം. എന്നാൽ അവിടേക്ക് കൊണ്ടുപോകാനുള്ള സാമ്പത്തിക സ്ഥിതി ബന്ധുക്കൾക്ക് ഇല്ലായിരുന്നു. പണ്ട് ഗ്രാമത്തിന് സമീപം നഗരസഭാവക പൊതുശ്മശാന ഭൂമി ഉണ്ടായിരുന്നു. ഇവിടേക്ക് മൃതദേഹം കൊണ്ടു പോകാമെന്നു വച്ചാൽ സമീപവാസികളുടെ എതിർപ്പിൽ ശ്മശാന ഭൂമി കുരുങ്ങിക്കിടപ്പാണ്. ഇത്തരം അവസ്ഥയിൽ നെയ്യാറ്റിൻകര നഗരസഭാ പ്രദേശത്ത് കഴിയുന്ന ആയിരക്കണക്കിന് കുടുംബങ്ങളുണ്ട്.
ഇവർക്കായി നഗരസഭാ പ്രദേശത്ത് പൊതുശ്മശാനം സ്ഥാപിക്കുമെന്ന അധികൃതരുടെ വാഗ്ദാനത്തിന് കാൽനൂറ്റാണ്ട് പഴക്കം. അതേസമയം പെരുമ്പഴുതൂരിന് സമീപം കോട്ടൂരിൽ ഇലക്ട്രിക് ക്രിമിറ്റേറിയം സ്ഥാപിക്കാൻ ടെൻഡർ ക്ഷണിച്ചുവെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും കാര്യമായ പുരോഗതിയില്ല. ഒരു കോടി രൂപയാണത്രേ ഇതിലേക്കായി കഴിഞ്ഞ സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ നീക്കി വച്ചിട്ടുള്ളത്.
നഗരസഭാ പ്രദേശത്ത് മരണമുണ്ടായാൽ അവിടെ പോയി മൃതദേഹം സംസ്കരിക്കുന്ന സഞ്ചരിക്കുന്ന ക്രിമിറ്റേറിയം സ്ഥാപിക്കാൻ കഴിഞ്ഞ നഗരസഭാ ഭരണസമിതി ശ്രമിക്കുകയും ഇതിലേക്കായി ടെൻഡർ ക്ഷണിക്കുകയും ചെയ്തു. സ്ഥിരം സ്ഥാപിക്കുന്ന ക്രിമിറ്റേറിയത്തെക്കാൾ സഞ്ചരിക്കുന്ന ക്രിമിറ്റേറിയത്തിന് താരതമ്യേന വില കുറവുമാണ്. കാര്യമിതൊക്കെയാണെങ്കിലും ക്രിമിറ്റേറിയം വാങ്ങാൻ നഗരസഭാ ഫണ്ടിൽ കാശില്ലാത്തത് കാരണം പദ്ധതി ഉപേക്ഷിച്ചു.
ഏതാണ്ട് ഇരുപത് വർഷം മുൻപ് കൃഷ്ണപുരം ഗ്രാമത്തിന് സമീപം ഒഴിഞ്ഞു കിടക്കുന്ന നഗരസഭാ വക ഭൂമിയിൽ പൊതുശ്മശാനം നിർമ്മിക്കാൻ ശ്രമം നടത്തി. എന്നാൽ ക്ഷേത്രങ്ങളും ജനവാസവുമുള്ള ഇവിടെ ശ്മശാനം സ്ഥാപിക്കുന്നതിനെതിരെ ജനരോക്ഷം ഉയർന്നിരുന്നു. ഇതോടെ പദ്ധതി ഉപേക്ഷിച്ചു.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് നഗരസഭയുടെ തൊഴുക്കലിലെ പുറമ്പോക്ക് സ്ഥലത്ത് ശ്മശാനം നിർമ്മിക്കാൻ പദ്ധതിയിട്ടത്. ഇവിടെയും നാട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് പദ്ധതി ഉപേക്ഷിച്ചു.
പിന്നീട് പനങ്ങാട്ടുകരിയിൽ ശ്മശാനം നിർമിക്കാൻ പദ്ധതിയിട്ടു. സേവാസാധന എന്ന സംഘടന 30 സെന്റ് സ്ഥലവും നൽകി. പദ്ധതിക്ക് ക്വട്ടേഷനും ക്ഷണിച്ചു. അവിടെയും എതിർപ്പ് വില്ലനായതോടെ പദ്ധതി വച്ചുകെട്ടി. ഇപ്പോൾ സ്ഥലം നഗരസഭയുടെ കൈവശമായി.