1

തിരുവനന്തപുരം: തലസ്ഥാനത്തെ കോഫിഹൗസ് ചരിത്രം മാറ്റിയെഴുതി പാളയം എം.എൽ.എ ഹോസ്റ്റലിലെ കോഫിഹൗസിൽ വനിതാ ജീവനക്കാർ ഇന്നലെ മുതൽ ജോലിയിൽ പ്രവേശിച്ചു. കല്ലയം അകത്തോട്ടുകോണം മേലരികത്ത് വീട്ടിൽ ഷീന,​ പുന്നക്കുളം തെക്കേതെങ്ങുവിള വീട്ടിൽ ശ്രീക്കുട്ടി എന്നിവരാണ് കോഫിഹൗസിലെ പുതിയ ജീവനക്കാരികൾ. രാജകീയ വേഷവും കൂർമ്പൻ തൊപ്പിയുമൊന്നുമില്ലെങ്കിലും 'റാണിമാരായി" തന്നെ ഓർഡറെടുത്തും ഭക്ഷണം വിളമ്പിയും ആദ്യദിനം ആഘോഷമാക്കി ഇവർ. ആശ്രിതനിയമനത്തിലൂടെയാണ് ഇരുവർക്കും ജോലി ലഭിച്ചത്. ഇന്ത്യൻ കോഫിഹൗസിന്റെ തൃശൂർ സൊസൈറ്റിക്ക് കീഴിൽ പ്രവ‌ർത്തിക്കുന്ന 60 ബ്രാഞ്ചുകളിലും ഇതാദ്യമായാണ് സ്ത്രീകളെ ജോലിക്കെടുക്കുന്നത്. കണ്ണൂർ സൊസൈറ്റിയിൽ ആറ് മാസം മുൻപ് നടത്തിയ വനിതാനിയമനം മാത്രമാണ് 1958ൽ ആരംഭിച്ച കോഫിഹൗസിന്റെ ചരിത്രത്തിലെ ആദ്യ വളകിലുക്കം.

ഷീനയാണ് ആശ്രിതനിയമനം ആവശ്യപ്പെട്ട് ആദ്യമെത്തിയത്. സ്ത്രീകൾക്ക് ജോലി നൽകുന്ന പതിവില്ലാത്തതിനാൽ മാനേജ്മെന്റ് ആവശ്യം നിരസിച്ചു. എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രന്റെ നിർദ്ദേശപ്രകാരം മുഖ്യമന്ത്രിക്ക് നിവേദനം നൽകി. വ്യവസായ വകുപ്പിന് മുന്നിലെത്തിയ നിവേദനം പലതവണ ചർച്ച ചെയ്തതിന് ശേഷമാണ് നിയമനത്തിലേക്കെത്തിയത്.

6 മാസത്തെ ട്രെയിനിംഗ് പിരീഡിനും ഒരു വർഷം പ്രൊബേഷൻ പിരീഡിനും ശേഷം ഷീനയും ശ്രീക്കുട്ടിയും യൂണിഫോം അണിയും. ഇപ്പോൾ നീലയും കോഫീബ്രൗണും നിറമുള്ള ചുരിദാറാണ് വേഷം. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് ഡ്യൂട്ടി സമയം. ആശ്രിതനിയമനപ്രകാരം വിവിധ ജില്ലകളിലായി 7 വനിതകൾ ഇന്നലെ ജോലിയിൽ പ്രവേശിച്ചു.

2016ലാണ് ബ്രെയിൻ ട്യൂമർ ബാധിച്ച് ഷീനയുടെ ഭർത്താവ് സന്തോഷ് കുമാർ മരണമടഞ്ഞത്. 10 വയസുകാരിയായ മകൾ അലീനയും ഭർത്താവിന്റെ അമ്മ വിമലയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായതിനാലാണ് ജോലിക്കായി പോരാട്ടത്തിനിറങ്ങിയതെന്ന് ഷീന പറയുന്നു. സന്തോഷ് കുമാർ ജോലി ചെയ്ത എം.എൽ.എ ഹോസ്റ്റലിലെ കോഫിഹൗസിൽ ഇനി ഷീനയുമുണ്ടാകും.

നാല് മാസങ്ങൾക്ക് മുമ്പുണ്ടായ ഒരു അപകടത്തിലാണ് ശ്രീക്കുട്ടിയുടെ ഭർത്താവ് തമ്പാനൂർ കോഫിഹൗസിലെ പാചകവിഭാഗം ജോലിക്കാരനായ അരുൺകുമാർ മരിച്ചത്. ബന്ധുക്കൾ പറഞ്ഞാണ് സ്ത്രീകൾ കോഫിഹൗസിൽ നിയമനത്തിനായി ശ്രമിക്കുന്നുണ്ടെന്ന കാര്യം ശ്രീക്കുട്ടി അറിഞ്ഞത്. ഉടൻ അപേക്ഷിച്ചു. രണ്ടാം ക്ലാസുകാരനായ കൈലാസ്, അംഗൻവാടി വിദ്യാർത്ഥിയായ കാശിനാഥ് എന്നിവരാണ് മക്കൾ.