meen-malinyam-kettininnu-

കല്ലമ്പലം: നാവായിക്കുളം ഗവ ഹയർസെക്കൻഡറി സ്കൂളിനു മുന്നിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന മാർക്കറ്റ് വിദ്യാർഥികളുടെയും നാട്ടുകാരുടെയും എതിർപ്പിനെ തുടർന്ന്‍ പഞ്ചായത്ത് സർവകക്ഷിയോഗം വിളിച്ച് തീരുമാനമെടുത്ത് സ്കൂളിനു മുന്നിൽ നിന്നും 150 മീറ്റർ അകലേയ്ക്ക് മാറ്റിയെങ്കിലും വീണ്ടും പ്രതിസന്ധിയിൽ. വ്യാപാര സ്ഥാപനങ്ങളുടെയും വീടുകളുടെയും മുന്നിലാണ് മാർക്കറ്റ് ഇപ്പോൾ പ്രവർത്തിക്കുന്നത്. മീൻ വെള്ളവും മത്സ്യ മാലിന്യങ്ങളും കെട്ടിനിന്ന് ദുർഗന്ധം വമിക്കുകയും പുഴുക്കൾ ഉണ്ടാകുകയും ചെയ്തതോടെ വ്യാപാരികളും സമീപ വീട്ടുടമസ്ഥരും പ്രതിഷേധവുമായി വീണ്ടും രംഗത്തെത്തി.

ഇവർ ഹെൽത്ത് ഇൻസ്പെക്ടർക്ക് പരാതി നൽകിയെങ്കിലും പ്രദേശത്ത് തിരിഞ്ഞുനോക്കിയില്ലന്ന ആക്ഷേപവും നിലനിൽക്കുന്നു. ദുർഗന്ധം മൂലം പൊറുതിമുട്ടിയ നാട്ടുകാരും വ്യാപാരികളും അനധികൃത മാർക്കറ്റിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. മൂവായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിനു മുന്നിൽ നടക്കുന്ന മാർക്കറ്റ് പഠനാന്തരീക്ഷത്തിന് വിഘാതമാകുകയും വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തമാകുകയും ചെയ്തതിനെ തുടർന്നാണ്‌ പഞ്ചായത്ത് സർവ്വകക്ഷിയോഗം വിളിച്ചതും പത്തു ദിവസത്തിനു മുൻപ് മാർക്കറ്റ് അകലേയ്ക്ക് മാറ്റിയതും. ഇത് വീണ്ടും പ്രതിഷേധത്തിന് ഇടയായതോടെ താമസിയാതെ തന്നെ മാർക്കറ്റിന് ഉചിതമായ സ്ഥലം കണ്ടെത്തുമെന്നും അനധികൃത മാർക്കറ്റ് അംഗീകൃതമാക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ. തമ്പി പറഞ്ഞു.