train-time

തിരുവനന്തപുരം: കൊല്ലം മയ്യനാട് റെയിൽവേ ഗേറ്റിന് സമീപമുണ്ടായ സിഗ്നൽ തകരാ‌ർ കാരണം തിരുവനന്തപുരം ഭാഗത്തേയ്ക്കുള്ള ട്രെയിൻ ഗതാഗതം താറുമാറായി. ഇന്നലെ രാവിലെ ആറോടെയായിരുന്നു മയ്യനാട് റെയിൽവേ ഗേറ്റിന് സമീപത്തെ ആട്ടോമാറ്റിക് സിഗ്നൽ സംവിധാനം തകരാറിലായത്. തുടർന്ന് ഒന്നര മണിക്കൂറോളം വൈകിയാണ് ട്രെയിനുകൾ ഓടിയത്. മംഗലാപുരം- തിരുവനന്തപുരം മാവേലി എക്സ് പ്രസ്, ചെന്നൈ- തിരുവനന്തപുരം സൂപ്പർഫാസ്റ്ര്, മംഗലപുരം - തിരുവനന്തപുരം മലബാർ, ന്യൂഡൽഹി- തിരുവനന്തപുരം രാജധാനി എക്സ് പ്രസ്, വഞ്ചിനാട്, മുംബയ്- കന്യാകുമാരി എക്സ് പ്രസ്, പുനലൂർ-കന്യാകുമാരി പാസഞ്ചർ, കോട്ടയം-കൊല്ലം പാസഞ്ചർ, ബംഗളുരു-കൊച്ചുവേളി എക്സ്‌പ്രസ്, ഗുരുവായൂർ-തിരുവനന്തപുരം എക്സ്‌പ്രസ്, കൊല്ലം-തിരുവനന്തപുരം പാസഞ്ചർ തുടങ്ങിയ ട്രെയിനുകളാണ് വൈകിയത്. വടക്കോട്ടുള്ള ട്രെയിനുകളും വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു.

സിഗ്നൽ കൃത്യമായി ലഭിക്കാത്തതിനെ തുടർന്നായിരുന്നു ആദ്യം ട്രെയിനുകൾ വൈകിയതെന്നും തുടർന്ന് നടത്തിയ പരിശോധനയിലാണ് സിഗ്നൽ സംവിധാനത്തിന്റെ കേബിൾ മുറിഞ്ഞ് പോയത് ശ്രദ്ധയിൽ പെട്ടതെന്നും റെയിൽവേ അധികൃതർ പറഞ്ഞു. തകരാർ പരിഹരിച്ചതിനെ തുടർന്ന് രാവിലെ 8.15 ഓടെ സർവീസുകൾ സാധാരണ നിലയിലായി.