 സ്ഥലം ഏറ്റെടുക്കലിന് 59 കോടി അനുവദിച്ച് ഉത്തരവ്

തിരുവനന്തപുരം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പേരൂർക്കട വഴയില - നെടുമങ്ങാട് റോഡ് നാലുവരിപ്പാതയാക്കാനുള്ള പദ്ധതിക്ക് പുതുജീവൻ. സ്ഥലം ഏറ്റെടുക്കാൻ ആവശ്യമായ 59.22 കോടി രൂപ അനുവദിച്ചുള്ള കിഫ്ബി എക്‌സിക്യൂട്ടിവ് യോഗത്തിന്റെ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. 415.43 കോടി രൂപ ചെലവിൽ നാലുവരിപ്പാത നിർമ്മിക്കുന്നതിന് ഡി.പി.ആർ തയ്യാറാക്കിയ പദ്ധതി സ്ഥലമെടുക്കലിന് സ്‌പെഷ്യൽ തഹസിൽദാരെ നിയമിച്ചതിന് പിന്നാലെയാണ് മുടങ്ങിയത്. ഈ റോഡ് ഉൾപ്പെടുന്ന ചെങ്കോട്ട സംസ്ഥാന പാതയെ ദേശീയപാതയായി പരിഗണിക്കുമെന്ന് കേന്ദ്ര ഗതാഗത,​ ഹൈവേ വകുപ്പ് മന്ത്രാലയം 2017 നവംബർ 22ന് അറിയിച്ചതോടെയാണ് പദ്ധതി നിറുത്താൻ കിഫ്ബി ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ നിർദ്ദേശം നൽകിയത്. രണ്ടുവർഷം പിന്നിട്ടിട്ടും നാഷണൽ ഹൈവേ അതോറിട്ടിയിൽ നിന്ന് അനുകൂല മറുപടിയോ സർവേ നടപടികളോ ഉണ്ടായില്ല. തുടർന്നാണ് പദ്ധതിയുമായി മുന്നോട്ടുപോകാൻ കിഫ്‌ബി തീരുമാനിച്ചത്. പദ്ധതി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സി. ദിവാകരൻ എം.എൽ.എ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും നേരത്തേ കത്ത് നൽകിയിരുന്നു. സ്ഥലം ഏറ്റെടുക്കലിന് സ്‌പെഷ്യൽ തഹസിൽദാരെ ഉടൻ നിയമിക്കാനാണ് തീരുമാനം.

 റോഡിന്റെ നീളം - 11.24 കി.മീ

 റോഡ് വീതി - വഴയില മുതൽ പതിനൊന്നാംകല്ല് വരെ 24 മീറ്റർ,

നെടുമങ്ങാട് ടൗണിൽ 21 മീറ്റർ

പദ്ധതിയുടെ നാൾ വഴി

 2016 നവംബർ 1

സംസ്ഥാന ബഡ്‌ജറ്റിൽ വഴയില - നെടുമങ്ങാട് റോഡിന് 50 ലക്ഷം രൂപ

ആദ്യഘട്ടത്തിൽ വകയിരുത്തി പദ്ധതിക്ക് അനുമതി.

 2017 ഡിസംബർ 29

വഴയില -നെടുമങ്ങാട് റോഡിന്റെ വസ്‌തു ഏറ്റെടുക്കലിന്

59.22 കോടി രൂപ കിഫ്‌ബി അനുവദിച്ചു

 2017 നവംബർ 22

വിഴിഞ്ഞം - കളിയിക്കാവിള, തിരുവനന്തപുരം - ചെങ്കോട്ട എന്നീ റോഡുകൾ ദേശീയപാതയായി അംഗീകാരം നൽകി
ഫീസിബിലിറ്റി റിപ്പോർട്ട് തയ്യാറാക്കാൻ കേന്ദ്ര ഗതാഗത ഹൈവേ വകുപ്പ് മന്ത്രാലയം നിർദ്ദേശം നൽകി.

 2018 മാർച്ച് 7

കരകുളം, അരുവിക്കര, നെടുമങ്ങാട്, കരിപ്പൂര് വില്ലേജുകളിലെ 11.86 ഹെക്ടർ വസ്‌തു
ഏറ്റെടുക്കാൻ ലാൻഡ് അക്വിസിഷൻ നടപടികൾ നടത്താൻ എൽ.എ തഹസിൽദാരെ നിയമിച്ചു.

 2018 ജൂലായ് 4

കേന്ദ്ര ഗതാഗത ഹൈവേ വകുപ്പ് മന്ത്രാലയത്തിന്റെ നിർദ്ദേശത്തെ തുടർന്ന് നാലുവരിപ്പാതയുടെ

നിർമ്മാണം നിറുത്തിവയ്ക്കാൻ കിഫ്‌ബി ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ നിർദ്ദേശം നൽകി.

 2018 ജൂലായ് 10

കിഫ്‌ബിയുടെ നിർദ്ദേശം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും
പൊതുമരാമത്ത് മന്ത്രിക്കും സി. ദിവാകരൻ എം.എൽ.എ പരാതി നൽകി

 2019 ആഗസ്റ്റ് 2019

പദ്ധതി പുനരാരംഭിക്കാൻ കിഫ്‌ബി എക്‌സിക്യൂട്ടിവ് യോഗം തീരുമാനിച്ചു

2019 സെപ്തംബർ 29

സ്ഥലം ഏറ്റെടുക്കലിന് 59.22 കോടി

രൂപ അനുവദിച്ച് ഉത്തരവായി

---------------------------------------------------------------------------------------------------------------------------------

വഴയില - നെടുമങ്ങാട് നാലുവരിപ്പാത പദ്ധതി യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിക്കും. ഇതിനായി സ്‌പെഷ്യൽ തഹസിൽദാരെ ഉടൻ നിയമിക്കുന്നതിനുള്ള നടപടിയുണ്ടാകും. ഒന്നാം ഘട്ടമായി സ്ഥലം എടുക്കലും രണ്ടാം ഘട്ടമായി റോഡിന്റെ നിർമ്മാണവും പൂർത്തിയാക്കും.

- സി. ദിവാകരൻ എം.എൽ.എ