ktda

കാട്ടാക്കട: കാട്ടാക്കട ഓട നവീകരണം പാളുന്നു. ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ പലതും വിസർജ്യങ്ങൾ ഉൾപ്പടെ ഒഴുക്കുന്നത് പി.ഡബ്ലിയു.ഡി ഓടയിലാണ്. കുളത്തുമ്മൽ തോട് നവീകരണവുമായി ബന്ധപ്പെട്ട് ടൗണിലെ പി.ഡബ്ലിയു.ഡി ഓട ശുചീകരണവും നവീകരണവും നടക്കുന്നതിനിടെ മുൻപ് പലവട്ടം പഞ്ചായത്ത് ഇതെല്ലാം അടച്ചിരുന്നു. ഇപ്പോൾ വീണ്ടും പരിശോധിച്ചപ്പോഴാണ് അടച്ച പൈപ്പുകൾ വീണ്ടും പൊളിച്ചു മാലിന്യം ഉൾപ്പടെ ഒഴുക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഇവർക്ക് വീണ്ടും നോട്ടീസ് നൽകി. ഓണത്തിനു മുൻപ് പൊതു യോഗത്തിൽ ഇത്തരം കാര്യങ്ങൾ അവതരിപ്പിക്കുകയും പി.ഡബ്ലിയു.ഡി ഓടയിൽ മാലിന്യം തള്ളുന്നത് ഒഴിവാക്കി മറ്റു മാർഗങ്ങൾ കണ്ടെത്തണമെന്ന് നിർദേശം നൽകിയിരുന്നു. തുടർന്ന് ഓണ വിപണി ലക്ഷ്യമിട്ട് വൻതോതിൽ കടകളിൽ സാധന സാമഗ്രികൾ ഇറക്കിയിരുന്നതിനാൽ നവീകരണ പ്രവർത്തനങ്ങൾ മാറ്റി വച്ചിരുന്നു. ഇപ്പോൾ വീണ്ടും പണി തുടങ്ങിയപ്പോഴാണ് പൈപ്പുകൾ വീണ്ടും ഓടയിൽ ഇറക്കിവച്ചിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. ആദ്യം ചിലർ വിമുഖത കാട്ടിയെങ്കിലും സ്ഥലപരിമിതിയിൽ ആണെങ്കിൽ കൂടി സംഭരണികൾ നിർമ്മിച്ച് പകരം സംവിധാനം ഒരുക്കി. ഒരിക്കൽ നീക്കം ചെയ്ത പൈപ്പുകൾ വീണ്ടും ഓടയിലേക്ക് ഇറക്കിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട് അടിയന്തിരമായി ഇവ നീക്കം ചെയ്യാൻ ആരോഗ്യവകുപ്പ് നോട്ടീസ് നൽകി.