സ്വയംപര്യാപ്തവും സുസ്ഥിരവും ശക്തവുമായ ഏതു സമ്പദ്‌വ്യവസ്ഥയുടെയും അടിസ്ഥാനം ഊർജ കാര്യക്ഷമതയാണ്. അതിനാൽ ഊർജ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് ചെലവു കുറഞ്ഞ മാർഗ്ഗങ്ങൾ രാജ്യമൊട്ടുക്ക് പ്രോത്സാഹിപ്പിക്കുക വഴി സുസ്ഥിരതയുടെ അടിത്തറയോട് ശക്തമായ പ്രതിബദ്ധതയാണ് കേന്ദ്ര ഗവൺമെന്റ് കാഴ്ചവയ്ക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും വലിയ ഊർജ്ജ കാര്യക്ഷമതാ പരിപാടിയാണ് ഇപ്പോൾ ഇന്ത്യയിൽ നടപ്പാക്കുന്നത്. ഊർജ്ജ കാര്യക്ഷമത ഓരോ ഇന്ത്യക്കാരന്റെയും ജീവിതരീതിയാക്കുക എന്നതാണ് നമ്മുടെ ആത്യന്തിക ലക്ഷ്യം. പാരീസ് ഉടമ്പടിയ്ക്ക് കീഴിൽ നാം നൽകിയ വാഗ്ദാനങ്ങളോടുള്ള പ്രതിബദ്ധതയുമായി പൊരുത്തപ്പെട്ടു പോകുന്നതാണ് ഈ കാഴ്ച്ചപ്പാട്.
ദേശീയതലത്തിൽ ലക്ഷ്യമിടുന്ന നിശ്ചിത വിഹിത പ്രകാരമുള്ള കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനൊപ്പം തന്നെ, മുഴുവൻ വികസന ലക്ഷ്യങ്ങളും സാക്ഷാത്ക്കരിക്കുന്നതിനും ഇന്ത്യ ശക്തമായ തീരുമാനം കൈക്കൊണ്ടു കഴിഞ്ഞു. 2030 ഓടെ മൊത്തം ആഭ്യന്തര ഉത്പാദനവുമായി ബന്ധപ്പെട്ട കാർബൺ നിർഗമന തീവ്രത 33 - 35 ശതമാനം വരെ കുറയ്ക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഹാനികരമായ ഫലങ്ങളിൽ നിന്ന് പാവപ്പെട്ടവരെയും ദുർബലരെയും സംരക്ഷിക്കുന്നതിന് ലോകം സുസ്ഥിര ജീവിതരീതിയിലേയ്ക്കു അടിയന്തിരമായി മാറേണ്ടിയിരിക്കുന്നു. ദേശീയമായി നിർണയിക്കപ്പെട്ടിട്ടുള്ള ഇന്ത്യയുടെ നിർദ്ദിഷ്ട വിഹിതവും കാലാവസ്ഥാ വ്യതിയാനത്തിന് പരിഹാരമായി വിരൽ ചൂണ്ടുന്നതും സുസ്ഥിര ജീവിതരീതിയുടെ ആവശ്യകതയിലേയ്ക്കു തന്നെ. ശക്തമായ രാഷ്ട്രീയ പ്രതിബദ്ധതയാലും ഗുണഭോക്താക്കളുടെ സംഘടിതമായ പരിശ്രമത്താലും പ്രേരിതമായി, ദേശീയമായി നിർണയിക്കപ്പെട്ടിട്ടുള്ള നമ്മുടെ നിർദ്ദിഷ്ട വിഹിതത്തോട് നാം അടുക്കുകയാണ്. ഇതു പൂർണമായി നടപ്പിലാക്കി കഴിയുമ്പോൾ ഒഴിവാക്കാൻ സാധിക്കുന്ന 19,598 മെഗാവാട്ടിന്റെ ശേഷി കൂട്ടി ചേർക്കലും, പ്രതിവർഷം ഏകദേശം 23 ദശലക്ഷം ടണ്ണിന്റെ ഇന്ധന മിച്ചവും, പ്രതിവർഷം 98.55 ദശലക്ഷം ടൺ ഹരിതഗൃഹ വാതക നിർഗമനം കുറയ്ക്കലുമാണ് ഉയർന്ന ഊർജ്ജ സംരക്ഷണത്തിനുള്ള ദേശീയ ദൗത്യം(നാഷണൽ മിഷൻ ഫോർ എൻഹാൻസ്ഡ് എനർജി എഫിഷ്യൻസി) മൊത്തത്തിൽ കൈവരിക്കാൻ ഉദ്ദേശിക്കുന്നത്. ഈ ലക്ഷ്യങ്ങൾ സാക്ഷാത്ക്കരിക്കാൻ, ഊർജ്ജ കാര്യക്ഷമമായ ഇന്ത്യയിലേയ്ക്കുള്ള മുന്നേറ്റം ത്വരിതപ്പെടുത്താൻ നാം അടിയന്തിരമായ കുറെ നടപടികൾ കൈക്കൊള്ളുകയാണ്. ഊർജ്ജ ക്ഷമമായ ഉപകരണങ്ങളുടെ നിലവാര നിർണയം, അവ അടയാളപ്പെടുത്തൽ, ഇന്ത്യയിലെ പ്രഥമ ഊർജ്ജ സേവന കമ്പനിയായ എനർജി എഫിഷ്യൻസി സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രചാരണം, സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡുകളുടെയും വൈദ്യുതി വിതരണ കമ്പനികളുടെയും കാര്യക്ഷമതാ പോഷണം, ഇലക്ട്രിക് വാഹനങ്ങൾ, സ്മാർട്ട് മീറ്ററുകൾ പോലുള്ള നവീന പരിഹാര മാർഗ്ഗങ്ങളുടെ വ്യാപനം തുടങ്ങിയവയാണ് ഈ നടപടികൾ.
ഊർജ്ജ ക്ഷമമായ ഉപകരണങ്ങളുടെ നിലവാര നിർണയവും അടയാളപ്പെടുത്തലും വഴി കുറഞ്ഞ ഊർജ്ജത്തിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളെ കുറിച്ചും ആ ഉത്പ്പന്നം തിരഞ്ഞെടുക്കുക വഴി എത്രത്തോളം ഊർജ്ജ ചെലവ് കുറയ്ക്കാൻ സാധിക്കുമെന്നും ഉപഭോക്താവിന് മുന്നറിയിപ്പു നല്കും. കുത്തനെ ഉയർന്ന വൈവദ്യുതി ആവശ്യം കുറയ്ക്കുന്നതിന് സഹായകരമാകുന്ന തരത്തിൽ വിതരണ കമ്പനികളുടെ ശേഷി പരിപോഷിപ്പിക്കും. അധിക ഊർജ്ജം ഉപയോഗിക്കുന്ന വ്യവസായങ്ങളെ ഊർജ്ജ സംരക്ഷകങ്ങളാക്കുന്നതിന് വിപണി അധിഷ്ഠിതമായ പെർഫോം അച്ചീവ് ആൻഡ് ട്രേഡ് (പ്രവർത്തിക്കുക, നേടുക, ക്രയവിക്രയം നടത്തുക) എന്ന പേരിൽ ഊർജ്ജ സംരക്ഷണ സാക്ഷ്യപത്രങ്ങളുടെ ക്രയവിക്രയം അനുവദിക്കുന്ന പദ്ധതിയും ഗവൺമെന്റ് ആവിഷ്‌കരിച്ചിട്ടുണ്ട്. വൈദ്യുതി വാഹനങ്ങളും ചാർജറുകളും മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും എത്തിക്കഴിഞ്ഞു. സ്മാർട്ട് മീറ്ററുകളുടെ ഗാർഹിക വിതരണം ത്വരിതഗതിയിൽ നടക്കുന്നു.
ഊർജ്ജ കാര്യക്ഷമത നടപടികളുടെ ഈ ശ്രേണിയിലാണ് ഇന്നു നിർണായക നാഴികക്കല്ല് പിന്നിടുന്ന വഴി വിളക്കു തെളിക്കൽ ദേശീയ പദ്ധതിയും. പദ്ധതിയുടെ ഭാഗമായി, കുറഞ്ഞ ഊർജ്ജം കൊണ്ടു പ്രവർത്തിക്കുന്ന ഒരു കോടി എൽ.ഇ.ഡി തെരുവു വിളക്കുകളാണ് ഇതിനോടകം രാജ്യമെമ്പാടും സ്ഥാപിച്ചിരിക്കുന്നത്. ഇതു വഴി പ്രതിവർഷം 6.71 ബില്യൺ കിലോവാട്ട് അവ്വർ (കെ.ഡബ്യൂ.എച്ച്) വൈദ്യുതി ലാഭിക്കാനും 4.63 ദശലക്ഷം ടൺ കാർബൺഡയോക്‌സൈഡ് നിർഗ്ഗമനം കുറയ്ക്കാനും സാധിക്കുന്നു. ഇത്രയും ഊർജ്ജം ലാഭിക്കാൻ സാധിക്കുന്നതു കൊണ്ട് ഏറ്റവും തിരക്കുള്ള സമയങ്ങളിൽ 1,119.40 മെഗാവാട്ട് വൈദ്യുതി രാജ്യത്ത് വിതരണം ചെയ്യുന്നതിനു കഴിയുന്നു. മാത്രവുമല്ല, കുറഞ്ഞ ഊർജ്ജത്തിൽ പ്രവർത്തിക്കുന്ന ഈ തെരുവു വിളക്കുകൾ രാജ്യത്തെ 270,000 കിലോമീറ്റർ റോഡുകളെ പ്രകാശിപ്പിക്കുകയും 13000 തൊഴിൽ അവസരങ്ങൾ കൂടുതലായി സൃഷ്ടിക്കുകയും ചെയ്തു. കൂടാതെ പൗരക്ഷേമ നിലവാരം മനസിലാക്കുന്നതിന് നടത്തിയ വിവിധ സർവ്വേകളിൽ പങ്കെടുത്ത 99 ശതമാനം ജനങ്ങളും എൽ.ഇ.ഡി വിളക്കുകൾ കൂടുതൽ സൗകര്യമാണ് എന്ന് പ്രതികരിക്കുകയുണ്ടായി. ഇതുവഴി സാമൂഹ്യ സുരക്ഷയും, വ്യവസായ പ്രവർത്തനങ്ങളും കൂടുതൽ മെച്ചപ്പെട്ടതായും അവർ ചൂണ്ടിക്കാട്ടി.
ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തായ വഴിവിളക്കു തെളിക്കൽ പദ്ധതിയാണ് നമ്മുടെ ദേശീയ വഴിവിളക്കു തെളിക്കൽ പദ്ധതി. മറ്റു രാജ്യങ്ങൾക്ക് ഇന്ന് ഇത് മാതൃകയായി മാറിയിരിക്കുന്നു. പേ ആസ് യു സേവ് (പെയ്‌സ്) എന്ന വളരെ സവിശേഷമായ മാതൃകയാണ് തെരുവുകളെ പ്രകാശമാനമാക്കുന്ന ഈ പദ്ധതി വൻ വിജയമാക്കിയത്. വലിയ സാമ്പത്തിക നിക്ഷേപം ഒഴിവാക്കി കൊണ്ട് ഈ ഊർജ്ജ സംരക്ഷണ പരിപാടിയിൽ പങ്കാളികളാകുവാൻ നഗര ഭരണകൂടങ്ങൾക്ക് ഇതു പ്രോത്സാഹനമായി. ഏകദേശം 15000 നഗരസഭകൾ പദ്ധതിയിൽ ചേർന്നു. ഊർജ്ജം ലാഭിക്കുക വഴി എൽ.ഇ.ഡി തെരുവു വിളക്കുകൾ ചെലവു കുറച്ചപ്പോൾ അതിനു ബജറ്റിൽ അധിക വരുമാനം വേണ്ടിവന്നതുമില്ല.
ഊർജ്ജക്ഷമമായ എൽ.ഇ.ഡി വിളക്കുകൾ സ്ഥാപിതമായതോടെ റോഡുകളുടെ വ്യക്തത മെച്ചപ്പെടുകയും അത് ജനങ്ങൾക്ക് കൂടുതൽ സുരക്ഷിതത്വം നല്കുകയും ചെയ്തു. ദേശീയ തെരുവു വിളക്കു തെളിക്കൽ പദ്ധതിയുടെ കീഴിൽ സ്ഥാപിതമായ എൽ.ഇ.ഡി വിളക്കുകളുടെ മേൽനോട്ടവും വിദൂര നിയന്ത്രണവും, ഒരു കേന്ദ്രീകൃത നിയന്ത്രണ നിരീക്ഷണ സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്. ഊർജ്ജ കാര്യക്ഷമതയുടെ പ്രാധാന്യം കേന്ദ്രഗവൺമെന്റ് തിരിച്ചറിയുന്നതും, ഇത്തരത്തിലുള്ള നാഴികക്കല്ലുകളും കാലാവസ്ഥാ കരാറുകളിലെ നമ്മുടെ ഉത്തരവാദിത്തങ്ങൾ നിർദ്ദിഷ്ട സമയ പരിധിക്കു മുന്നെ തന്നെ യാഥാർത്ഥ്യമാക്കുവാൻ സാധിക്കുമെന്ന എന്റെ ആത്മവിശ്വസത്തെ ബലപ്പെടുത്തുകയും ചെയ്യുന്നു.
ഏതു മാറ്റത്തിനും സംഘടിതമായ പരിശ്രമം ആവശ്യമാണ്. അതിനാൽ ഇന്ത്യയുടെ ഊർജ്ജ രംഗത്ത് സമൂലമാറ്റം വരുത്തുവാനുള്ള യത്‌നത്തിൽ അണി ചേരുവാനും സംഭാവനകൾ അർപ്പിക്കുവാനും രാജ്യത്തെ എല്ലാ പൗരന്മാരേയും ഞാൻ ഈയവസരത്തിൽ ആഹ്വാനം ചെയ്യുന്നു. രാഷ്ട്രശിലാകോണിന്റെ അടിത്തട്ടിലേയ്ക്ക് വികസനം ഉറപ്പാക്കുന്നതിന്, തുടർന്നും കാർബൺ നിർഗമന പരിധി കുറയ്ക്കുവാൻ നമുക്കു പ്രതിജ്ഞ എടുക്കാം..
(കേന്ദ്ര ഊർജ്ജ, നൂതന - പാരമ്പര്യേതര ഊർജ്ജ ,നൈപുണ്യ വികസന,സംരംഭകത്വ വകുപ്പ് സഹമന്ത്രിയാണ് ലേഖകൻ)