vattiyoorkkav-byelection

തിരുവനന്തപുരം: 'പഞ്ചാങ്കഗുസ്തി'ക്ക് കളം റെഡിയായിരിക്കെ ഗോദയിൽ മാത്രമല്ല അതിനു പുറത്തും മുറിച്ചുരികയും കുത്തുവിളക്കും കരുതിവച്ചിരിക്കുകയാണ് മൂന്നു മുന്നണികളും. ഒപ്പം ചില ശകുനപ്പിഴകളും ഏണിവച്ചു പിടിച്ച വയ്യാവേലികളുമുണ്ട്. ഫലമോ?​ അഞ്ച് മണ്ഡലങ്ങളിലും പ്രചാരണം ജനകീയവിഷയങ്ങളെ തൊടാതെ നീങ്ങുകയാണിപ്പോഴും.

ഇടതുമുന്നണിയും യു.ഡി.എഫും പതിവുപോലെ പരസ്പരം കൊമ്പുകോർക്കുമ്പോഴും ബി.ജെ.പിക്കെതിരായ ആക്രമണത്തിന്റെ മൂർച്ച തെല്ലും കുറച്ചിട്ടില്ല. വട്ടിയൂർക്കാവിൽ കുമ്മനത്തെ മാറ്റിയത് അവിടെ സി.പി.എമ്മിനെ സഹായിക്കാനും കോന്നിയിൽ പ്രത്യുപകാരം പ്രതീക്ഷിച്ചുമാണെന്ന കെ. മുരളീധരന്റെ ഏറ് മർമ്മമറിഞ്ഞുള്ളതായി. ഔദ്യോഗിക വക്താവിലൂടെ ഇന്നലെ ബി.ജെ.പി ഇരുമുന്നണികൾക്കും മറുപടി പറയാനുമെത്തി. പാലായിൽ വോട്ടുകച്ചവടം നടത്തിയെന്ന ആരോപണത്തിന്റെ ക്ഷീണം മാറ്റാൻ ബി.ജെ.പി കൊണ്ടുപിടിച്ചു ശ്രമിക്കുന്നതിനിടയിലാണ് മുരളിയുടെ അടി. കുമ്മനത്തിന്റെ തണുത്ത പ്രതികരണവും മുരളീധരന്റെ ആക്ഷേപവും കൂട്ടിവായിക്കുമ്പോൾ കാര്യങ്ങൾ ബോദ്ധ്യമാവുമെന്ന് യു.ഡി.എഫും പ്രചരിപ്പിക്കുന്നു. പക്ഷേ, കോന്നിയിലേക്കെത്തുമ്പോൾ യു.ഡി.എഫും പരുങ്ങലിലാണ്. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഇടഞ്ഞുനിന്ന അടൂർ പ്രകാശിനെ അനുനയിപ്പിച്ച് കൺവെൻഷനിൽ പങ്കെടുപ്പിക്കാനായതോടെ കാര്യങ്ങൾ ശുഭമായെന്ന് നേതൃത്വം കരുതിയെങ്കിലും ഇന്നലെ വീണ്ടും കുഴഞ്ഞുമറിഞ്ഞു. കോന്നി ഇലക്‌ഷൻ കമ്മിറ്റി ഓഫീസിൽ യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാന്റെ സാന്നിദ്ധ്യത്തിൽ നടന്ന യു.ഡി.എഫ് നേതൃയോഗത്തിൽ അടൂർപ്രകാശും റോബിൻപീറ്ററും പങ്കെടുത്തില്ല. ജില്ലയിലെ മറ്രു നേതാക്കളെല്ലാം പങ്കെടുത്തു. മുറിവുണങ്ങിയിട്ടില്ലെന്ന് വ്യക്തം.

അടി വരുന്ന വഴികൾ

പാലായിലെപ്പോലെ ശബരിമല വിഷയം ഒഴിവാക്കി മുന്നോട്ടുപോയ സി.പി.എമ്മിന് അടിവന്നത് മഞ്ചേശ്വരത്തെ സ്വന്തം സ്ഥാനാർത്ഥിയിൽ നിന്നാണ്. ഇടതു സ്ഥാനാർത്ഥി എം. ശങ്കർ റൈ ശബരിമല വിഷയത്തിൽ ഏണിവച്ചു കയറി. ഈ വിഷയത്തിൽ പോരാട്ടനായകനായ കെ. സുരേന്ദ്രനെ പ്രതിരോധിക്കാൻ കോന്നിയിൽ പുതിയ ആയുധം തേടേണ്ട അവസ്ഥയിലാണ് സി.പി.എം.

ലോക്സഭാ തിരഞ്ഞെടുപ്പിൽ കിട്ടിയ മേൽകൈ കണക്കിലെടുത്താണ് ഷാനിമോളെ അരൂരിൽ യു.ഡി.എഫ് ഇറക്കിയത്. ഉത്സാഹത്തോടെ അവർ മുന്നേറുന്നതിനിടയിലാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഗീതാ അശോകന്റെ രംഗപ്രവേശം. 'ടെലിവിഷൻ' ചിഹ്നവുമായി അവർ മത്സരരംഗത്തുണ്ട്. കോൺഗ്രസിലെ യുവജനങ്ങൾക്കുവേണ്ടിയാണ് താൻ രക്തസാക്ഷിയാവുന്നതെന്ന്‌ അവർ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നു. പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിൽ നിന്നെത്തി ഗീത യു.ഡി.എഫിന് തലവേദനയായി. ഗീത സ്ഥാനാർത്ഥിയായതിനു പിന്നിൽ സി.പി.എം തന്ത്രമാണെന്ന് പറഞ്ഞാണ് യു.ഡി.എഫ് പ്രതിരോധിക്കുന്നത്. ഇതിനിടയിലാണ് അരൂരിൽ റോഡു നിർമ്മാണം തടസപ്പെടുത്തിയതിന് പൊതുമരാമത്ത് എൻജിനിയറുടെ പരാതിയിൽ ഷാനിമോൾ ഉസ്മാനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തത്.

രവീശ തന്ത്രി കുണ്ടാറിനെ കാസർകോട്ട് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ ബി.ജെ.പി പാളയത്തിൽ പട തുടങ്ങിയത് സി.പി.എമ്മിനെ സന്തോഷിപ്പിച്ചതാണ്. വിമത ശബ്ദത്തിന് തത്കാലം തടയിടാൻ കഴിഞ്ഞെങ്കിലും പ്രചാരണത്തിൽ ഇപ്പോഴും അതിന്റെ ആലസ്യമുണ്ട്. ഇത് തങ്ങൾക്ക് ഗുണം ചെയ്യുമെന്ന് സി.പി.എം വല്ലാതങ്ങ് പ്രതീക്ഷിച്ചപ്പോഴാണ് ശങ്കർ റൈ വെറുതേ ഒരു വിവാദം ഏണിവച്ചു പിടിച്ചത്. ശബരിമലയിൽ ആചാര ലംഘനത്തിന് കൂട്ടുനിൽക്കാനാവില്ലെന്നും വിശ്വാസമുള്ളവർക്ക് അവിടത്തെ ആചാരമനുസരിച്ച് പോകാമെന്നുമാണ് ശങ്കർ റൈ തുറന്നടിച്ചത്. അതോടെ ശബരിമലയിൽ തൊടാതെ നിന്ന സി.പി.എം വീണ്ടും വെട്ടിലായി. കോൺഗ്രസിനും അത് ആയുധമായി.