ചിറയിൻകീഴ്: ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടറുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ചിറയിൻകീഴ് അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രി സൂപ്രണ്ടിനെ തടഞ്ഞുവച്ചു. കെ.പി.സി.സി നിർവാഹകസമിതി അംഗം എം.എ. ലത്തീഫ് ഇതുമായി ബന്ധപ്പെട്ട സമരത്തിന് നേതൃത്വം നൽകി. സമര പരിപാടിയുമായി ബന്ധപ്പെട്ട് തങ്ങൾ മുഴുവൻ ഡോക്ടർമാരെയും അടച്ചാക്ഷേപിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും നിരുത്തരവാദപരമായി പെരുമാറുന്ന ഡോക്ടർമാർ അവരുടെ ഉത്തരവാദിത്വം കൃത്യമായി നിർവഹിക്കാൻ തയാറാകണമെന്നും സമരാനുകൂലികൾ പറഞ്ഞു. യൂത്ത് കോൺഗ്രസ് അസംബ്ലി കമ്മിറ്റി പേരുംകുളം അൻസർ, കിഴുവിലം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം ശ്രീകണ്ഠൻ, ബ്ലോക്ക് ഭാരവാഹികളായ രാഹുൽ .ഡി.എസ്, മോനിഷ്, ബിജു ശ്രീധർ, അവിനാഷ്, ഷാൻ, മനോജ് എന്നിവർ പങ്കെടുത്തു.