spc

വിതുര: വിതുര ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റുകൾ ഈ വർഷത്തെ ഗാന്ധി ജയന്തി ആഘോഷിച്ചത് കല്ലാർ ഗവ.എൽ.പി.എസിലെ കുട്ടികളോടൊപ്പം. കെഡറ്റുകളുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ കീഴിൽ ദത്ത് സ്കൂളായി തിരഞ്ഞെടുത്ത കല്ലാർ സ്കൂളിൽ നിരവധി മാതൃകാ പരിപാടികളാണ് കെഡറ്റുകൾ നടത്തിവരുന്നത്. കുട്ടികളെ കൂടെക്കൂട്ടി പരിസര ശുചീകരണം നടത്തിയതിന് പുറമെ സ്കൂളിൽ ക്വിസ് മത്സരവും സംഘടിപ്പിച്ചു. കുട്ടികൾക്കായി ട്രാഫിക് ബോധവത്കരണവും സംഘടിപ്പിച്ചു. സീനിയർ കെഡറ്റുകളായ ദിയ. എം. കല്യാണി എസ്, അഫ്സാന എന്നിവർ ക്ലാസ് നയിച്ചു. തങ്ങളുടെ ദത്ത് സ്കൂളായ കല്ലാർ എൽ.പി.എസിലെ അന്നത്തെ ഉച്ചഭക്ഷണം സ്റ്റുഡന്റ്സ് പൊലീസ് പദ്ധതിയുടെ വക. കുട്ടികൾ, രക്ഷിതാക്കൾ, അധ്യാപകർ, പി.ടി.എ അംഗങ്ങൾ എന്നിവർ സൗജന്യ സദ്യയിൽ പങ്കെടുത്തു. കല്ലാർ വാർഡ് മെമ്പർ മുരളി, ഹെഡ്മിസ്ട്രസ് ഇൻ ചാർജ് മഞ്ജുലത അധ്യാപികമാരായ രാഘി, അഖില, വിതുര സ്റ്റേഷനിലെ എ.എസ്.ഐ. വി.വി. വിനോദ്, സീനിയർ സിവിൽ പൊലീസ് ഒഫീസർ സൈനി കുമാരി, സി.പി.ഒ കെ. അൻവർ എന്നിവർ നേതൃത്വം നൽകി.