വർക്കല: ശിവഗിരി തീർത്ഥാന കേന്ദ്രത്തിലേക്കെത്തുന്നവർ ആശ്രയിക്കുന്ന വർക്കല റെയിൽവേ സ്റ്റേഷനിലെ ഡോർമെറ്രറിയും ക്ലോക്ക്റൂമും തുറന്നു കൊടുക്കാതെ അധികൃതർ.ശിവഗിരി തീർത്ഥാടനകാലത്ത് ഇവിടേക്ക് ഒഴുകിയെത്തുന്ന ജനലക്ഷങ്ങൾ ആശ്രയിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു റെയിൽവേ സ്റ്റേഷനാണിത്. എന്നാൽ പ്രാധാന്യത്തിനൊത്ത് സ്റ്റേഷൻ നവീകരിക്കുന്നില്ലായെന്നതാണ് യാത്രക്കാർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം.
റെയിൽവേ റിസർവേഷൻ കൗണ്ടർ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് എട്ട് മുറികൾ താമസത്തിനായി സജ്ജമാക്കിയത്. 2018 മാർച്ചിൽ സതേൺ റെയിൽവെ മാനേജർ പരിശോധനയ്ക്കായി സ്റ്റേഷനിൽ എത്തിയിരുന്നു. ഇതോടനുബന്ധിച്ച് സ്റ്റേഷനിൽ നടന്ന നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ക്ലോക്ക്റൂമും ഡോർമെറ്രറിയും പൂർത്തീകരിച്ചത്. മറ്റു സൗകര്യങ്ങളെല്ലാം മാനേജരുടെ സന്ദർശനത്തിനു മുമ്പ് പ്രവർത്തന സജ്ജമായെങ്കിലും ഡോർമെറ്ററിയും ക്ലോക്ക് റൂമും തുറന്ന് പ്രവർത്തിക്കുവാൻ കഴിഞ്ഞില്ല. പുതുതായി നിർമ്മിച്ച എല്ലാ മുറികളിലും പെയിന്റിംഗ് ഉൾപെടെയുളള എല്ലാ പണികളും തീർത്ത് വാട്ടർകണക്ഷനും വൈദ്യുതിയും ഒക്കെ സജ്ജമാക്കിയെങ്കിലും ഫർണിച്ചർ ഇനിയും എത്തിച്ചിട്ടില്ല. കെട്ടിടം നിർമ്മിച്ച കരാറുകാരനുമായുളള ഇടപാട് തീർന്നിട്ടുമില്ല. ഇതിനാൽ കെട്ടിടം കരാറുകാരൻ റെയിൽവെയ്ക്ക് കൈമാറിയില്ല. വിനോദസഞ്ചാരികൾ ഉൾപെടെ വർക്കലയിലെത്തുന്ന യാത്രക്കാരുടെ വർഷങ്ങളായുളള ആവശ്യമാണ് ഇനിയും യാഥാർത്ഥ്യമാകാതെ അവശേഷിക്കുന്നത്.
രാത്രികാലങ്ങളിൽ ദീർഘദൂര ട്രെയിനുകളിൽ സ്റ്റേഷനിൽ വന്നിറങ്ങുന്ന സ്ത്രീകളും കുട്ടികളും ഉൾപെടെയുളള കുടുംബങ്ങൾക്ക് പുറത്ത് ലോഡ്ജുകൾ തേടി അലയുകയാണ്. യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ ക്ലോക്ക്റൂമും താമസസൗകര്യവും പ്രവർത്തന സജ്ജമാക്കുന്നതിന് റെയിൽവെ അധികൃതർ അടിയന്തര നടപടി എടുക്കണം.-- ട്രെയിൻ യാത്രക്കാർ
തുറന്നു കൊടുക്കാതെ 1 വർഷം കഴിഞ്ഞു
ആവശ്യപ്പെട്ടിട്ടും ഫലമില്ല
ദിവസവും ശരാശരി 50 യാത്രക്കാരെങ്കിലും ക്ലോക്ക്റൂം സേവനം ആവശ്യപ്പെടാറുണ്ട്. വിദേശികൾ ഉൾപെടെയുളളവർ ഇതു സംബന്ധിച്ച് റെയിൽവെ അധികൃതർക്ക് പരാതിയും നൽകിയിട്ടുണ്ട്. ശിവഗിരിയിലും വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രത്തിലും പോകാനായി വെളുപ്പിന് സ്റ്റേഷനിലെത്തുന്ന ഭക്തജനങ്ങളിൽ ഭൂരിഭാഗവും ക്ലോക്ക്റൂം അന്വേഷിച്ചെത്താറുണ്ട്. വർക്കലയിലെയും പരിസരങ്ങളിലെയും വിദ്യാഭ്യാസ സ്ഥാാപനങ്ങൾ വിവിധ പരീക്ഷകളുടെ കേന്ദ്രമാകുന്ന അവസരങ്ങളിലും പരീക്ഷാർത്ഥികൾ റെയിൽവെസ്റ്റേഷനിൽ ട്രെയിനിറങ്ങി താമസസൗകര്യത്തിനായി ഡോർമെറ്ററി സൗകര്യം അന്വേഷിക്കുന്നതും പതിവാണ്. ഇവർ രാത്രി താമസത്തിനായി പാപനാശം ബീച്ച് ഭാഗത്തെ റിസോർട്ടുകളിൽ വരെ പോകേണ്ടി വരും.
വർക്കല-ശിവഗിരി റെയിൽവെസ്റ്റേഷനിൽ നിർമ്മാണം പൂർത്തീകരിച്ച് അടച്ചിട്ടിരിക്കുന്ന ഡോർമെറ്രറിയും ക്ലോക്ക്റൂമും എത്രയും വേഗം പ്രവർത്തന സജ്ജമാക്കുന്നതിന് നടപടി വേണം.
-ജി.സാബു, പൊതുപ്രവർത്തകൻ