maniyanpillai-raju

തിരുവനന്തപുരം: എം.എൽ.എമാർ കാലാവധി തീരാതെ എം.പിയായി മത്സരിക്കുന്നത് വോട്ട് ചെയ്ത ജനങ്ങളോടുള്ള നീതികേടാണ്. വട്ടിയൂർക്കാവ് മണ്ഡലത്തിലെ മാത്രം കാര്യമല്ല ഞാൻ പറയുന്നത്. എവിടെയായാലും ഇത് തെറ്റാണ്. എന്തു മാത്രം പണച്ചെലവാണ് ഒരു ഉപതിരഞ്ഞെടുപ്പിലൂടെ ഇവർ ഉണ്ടാക്കി വയ്ക്കുന്നത്. തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗം എന്നൊക്കെ വിശേഷിപ്പിക്കാൻ കൊള്ളാം, പക്ഷേ വികസന കാര്യത്തിൽ ഏറ്റവും പിറകിലാണ് വട്ടിയൂർക്കാവ് മണ്ഡലം. ഈ മണ്ഡലത്തിൽ ജീവിക്കുന്ന പൗരനാണ് ഞാൻ. ഇവിടത്തെ റോഡുകളൊക്കെ തകർന്നിട്ട് എത്രയോ കാലമായി. പൈപ്പിൻമൂട്- ശാസ്തമംഗലം റോഡ് നോക്കൂ, അല്ലെങ്കിൽ മുട്ടട-വയലിക്കട റോഡിന്റെ അവസ്ഥ നോക്കൂ. വണ്ടിയുമായി ഇറങ്ങിയാൽ സമയത്തിന് സ്ഥലത്ത് എത്തില്ലെന്ന് മാത്രമല്ല, വണ്ടിക്ക് പണിയുമാകും. പോരാത്തതിന് ഹെവി ട്രാഫിക്കും പൊടിയും. എല്ലാം കൂടി ദുരിത യാത്രയാണ്. ഞാൻ സ്ഥിരമായി പോകുന്ന വഴികളുടെ കാര്യമാണ് പറഞ്ഞത്. മണ്ഡലത്തിലെ മറ്റു റോഡുകളുടെയും അവസ്ഥ ഇതു തന്നെയാണ്. തിരുവനന്തപുരം നഗരത്തിലെ പ്രധാന ഭാഗങ്ങൾ ഉൾക്കൊള്ളുന്ന മണ്ഡലമാണ് വട്ടിയൂർക്കാവ്. എന്നാൽ ആ പെരുമയ്‌ക്കൊത്തുള്ള വികസനം വന്നിട്ടില്ല. പരാതി ഇങ്ങനെ പലതുണ്ടെങ്കിലും ഞാൻ വോട്ട് ചെയ്യും. പുതിയ ജനപ്രതിനിധി വരട്ടെ. അദ്ദേഹം വികസന കാര്യത്തിൽ എന്തു ചെയ്യുമെന്ന് നോക്കാം.