തിരുവനന്തപുരം: ദിവസവേതനക്കാരായ 2320 ഡ്രൈവർമാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിനൊപ്പം, 1140 സർവീസുകൾ വെട്ടിക്കുറച്ച് കെ.എസ്.ആർ.ടി.സി ഇന്നലെ യാത്രക്കാരെ പെരുവഴിയിലാക്കി. 4172 സർവീസ് മാത്രമാണ് സംസ്ഥാനത്താകെ ഇന്നലെ ഓപ്പറേറ്റ് ചെയ്തത്. അവധി ദിവസം കഴിഞ്ഞുള്ള പ്രവൃത്തിദിനമായതിനാൽ കൂടുതൽ സർവീസുകൾ നടത്തേണ്ടതിനുപകരം ഡ്രൈവർമാരുടെ ക്ഷാമം പറഞ്ഞ് ജനത്തെ പൊരിവെയിലത്ത് നിറുത്തുകയായിരുന്നു. ഡബിൾ ഡ്യൂട്ടി ചെയ്തവർക്ക് വിശ്രമദിനമായതിനാൽ അവർകൂടി ജോലിക്കെത്താതിരിക്കുന്നതോടെ ഇന്ന് സ്ഥിതി കൂടുതൽ രൂക്ഷമായേക്കും. ബുധനാഴ്ച 1176 സർവീസുകൾ റദ്ദാക്കിയിരുന്നു.
എക്സ്പ്രസ്, സൂപ്പർ, ഫാസ്റ്റ് എന്നിവ ഓപ്പറേറ്റ് ചെയ്ത ശേഷം ഓർഡിനറികൾ ഓടിച്ചാൽ മതിയെന്ന നിർദ്ദേശം നടപ്പാക്കിയത് മലയോരമേഖലയിലുൾപ്പെടെ നിരവധി സർവീസുകൾ റദ്ദാകാനിടയായി. അധികൃതരുടെ ഔദ്യോഗികവിശദീകരണം 578 സർവീസുകൾ മാത്രമാണ് റദ്ദാക്കിയതെന്നാണ്. ദേശീയപാതയിലും എം.സി റോഡിലുമെല്ലാം കാത്തുനിന്ന വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാർക്ക് മണിക്കൂറുകൾ കഴിഞ്ഞാണ് ബസ് കിട്ടിയത്. അവയിലാകട്ടെ കാലുകുത്താൻ ഇടമില്ലാത്തത്ര തിരക്കുമായിരുന്നു. പലയിടത്തും ഡിപ്പോകളിൽ യാത്രക്കാരും സ്റ്റേഷൻ മാസ്റ്ററുമായി വാക്കുതർക്കമുണ്ടായി. പൊലീസ് ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്. ഗ്രാമീണ മേഖലയിലേക്കുള്ള സർവീസുകളുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. ചെയിൻ സർവീസുകൾ വെട്ടിക്കുറച്ചാണ് മിക്ക ഡിപ്പോകളിലും ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് സർവീസുകൾക്കും പ്രധാന റൂട്ടുകളിലേക്കും സ്റ്റേ ഷെഡ്യൂളുകളിലേക്കും ഡ്രൈവർമാരെ കണ്ടെത്തിയത്. തമ്പാനൂർ സെൻട്രൽ ഡിപ്പോയിൽ 22 ഡ്രൈവർമാരുടെ കുറവാണുള്ളത്. ഇവിടെനിന്ന് ഇന്നലെ സർവീസ് നടത്തേണ്ട തൃശൂരിലേക്കുള്ള ആറ് സൂപ്പർ ഫാസ്റ്റുകളും കോട്ടയത്തേക്കുള്ള ഒരു ഫാസ്റ്റ് പാസഞ്ചറും റദ്ദാക്കി. ഇതിലൂടെമാത്രം മൂന്ന് ലക്ഷത്തിന്റെ നഷ്ടമുണ്ടായി. അവധി കഴിഞ്ഞുള്ള പ്രവൃത്തി ദിവസം കണക്കിലെടുത്ത് വെള്ളിയാഴ്ച ഡ്യൂട്ടിക്കെത്തേണ്ട സ്ഥിരംജീവനക്കാരെ വ്യാഴാഴ്ച വിന്യസിച്ചെങ്കിലും സർവീസ് മുടക്കം തടയാനായില്ല. സ്ഥിരംജീവനക്കാരുടെ അവധികൾ പരമാവധി ഒഴിവാക്കി ഡ്യൂട്ടിക്കെത്തിക്കണമെന്ന നിർദ്ദേശമുണ്ടെങ്കിലും വളരെയധികം സൂക്ഷ്മതയും ജാഗ്രതയും ആവശ്യമുള്ള ജോലിയാണ് ഡ്രൈവറുടേതെന്നതിനാൽ യാത്രക്കാരുടെ സുരക്ഷയിൽ പരീക്ഷണത്തിന് കെ.എസ്.ആർ.ടി.സി മുതിർന്നേക്കില്ല.
മന്ത്രിയുമായി ഇന്ന് ചർച്ച
ഇന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ കെ.എസ്.ആർ.ടി.സി സി.എം.ഡി അടക്കമുള്ളവരുമായി വിഷയം ചർച്ച ചെയ്യും. പ്രതിസന്ധി എങ്ങനെ മറികടക്കാമെന്നതാകും പ്രധാനമായും ചർച്ചചെയ്യുക. ഉപതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ നയപരമായ തീരുമാനങ്ങളൊന്നും ഉണ്ടായേക്കില്ല. ദിവസവേതനക്കാരെ പിരിച്ചുവിട്ടത് വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കോടതി നിർദ്ദേശിച്ചതിനാൽ പോംവഴി കണ്ടെത്താൻ സമയമെടുക്കുന്നത് കോടതിയലക്ഷ്യമാകുമെന്ന ആശങ്കയും കെ.എസ്.ആർ.ടി.സിക്കുണ്ട്. കോടതി ഉത്തരവ് നടപ്പിലാക്കാനുള്ള കർശന നിർദ്ദേശമായതിനാൽ അപ്പീൽ സാദ്ധ്യതയും ഇല്ല.
പരിഹാരം...?
ഡ്രൈവർമാരുടെ സ്ഥിരപ്പെടുത്തലാണ് പ്രശ്നത്തിന് പരിഹാരമെങ്കിലും സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കോർപറേഷന് അത് താങ്ങാനാവില്ല. ജീവനക്കാരുടെ സെപ്തംബറിലെ ശമ്പളം ഇതുവരെ നൽകിയിട്ടില്ല. 2012 ൽ ട്രേഡ് യൂണിയനുകളും മാനേജ്മെന്റും സർക്കാരും ഒപ്പുവച്ച സേവന-വേതനം സംബന്ധിച്ച ത്രികക്ഷി കരാറിൽ അഞ്ച് വർഷം പൂർത്തിയാക്കിയ താത്കാലിക ജിവനക്കാരെ സർക്കാരുമായി കൂടിയാലോചിച്ച് സ്ഥിരപ്പെടുത്താമെന്ന് വ്യവസ്ഥയുണ്ട്.