കഴക്കൂട്ടം: വീടിന്റെ ഗ്രില്ല് തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ 18പവനും രണ്ടുലക്ഷം രൂപയും കവർന്നു. കഠിനംകുളം മര്യനാട് സേവ്യറിന്റെ അപ്സരാ ഹൗസിൽ കഴിഞ്ഞ ദിവസം രാത്രിയാണ് കവർച്ച. സേവ്യയറും ഭാര്യ മേരികൊറൈറ്റിയും മാത്രമാണ് വീട്ടിൽ താമസം. മത്സ്യത്തൊഴിലാളിയായ സേവ്യർ ഭാര്യയെ സമീപത്തെ ബന്ധുവീട്ടിലാക്കിയിട്ടാണ് കടലിൽ പണിക്ക് പോകുന്നത്. ഈ സമയത്തായിരുന്നു കവർച്ച. ഇന്നലെ പുലർച്ചെ സേവ്യർ വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. കിടപ്പ് മുറിയിലെ അലമാര കുത്തിത്തുറന്ന് അതിലുണ്ടായിരുന്ന പെട്ടിയിൽ നിന്നാണ് സ്വർണവും പണവും അപഹരിച്ചത്. കൂടാതെ തൊട്ടടുത്ത മുറിയിലെ സ്റ്റീൽ അലമാര കുത്തിത്തുറന്ന് 5000 രൂപയും മ്യൂസിക് സിസ്റ്റവും കവ‌ർന്നു. ഇതിനടുത്ത് ആറാട്ടുവഴി ജംഗ്ഷനിലെ ആൾതാമസമില്ലാത്ത മാ‌ർട്ടിൻ പെരേരയുടെ വീടിന്റെ വാതിൽ കുത്തിത്തുറന്ന് മോഷണത്തിന് ശ്രമിച്ചിട്ടുണ്ട്. വിദേശത്തുള്ള വീട്ടുകാർ എത്തിയാലേ എന്തൊക്കെ മോഷണം പോയെന്ന് അറിയാൻ കഴിയൂവെന്ന് കഠിനംകുളം പൊലീസ് പറഞ്ഞു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി.