തിരുവനന്തപുരം : അർബുദ ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന നടി ടി.പി. രാധാമണിക്ക് അടിയന്തര സഹായമായി ഒരു ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി എ.കെ. ബാലൻ അറിയിച്ചു. നാളെ വൈകിട്ട് കെ.എസ്.എഫ്.ഡി.സിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ബാലൻ രാധാമണിയുടെ മകൻ അഭിനയിന് ചെക്ക് കൈമാറും.
സാംസ്കാരിക ക്ഷേമനിധി ബോർഡിൽ നിന്നാണ് പണം നൽകുന്നത്. ഇക്കാര്യം ബോർഡ് അധികൃതർ ഇന്നലെ ചെന്നൈയിലുള്ള രാധാമണിയുടെ കുടുംബത്തെ അറിയിച്ചു. പണമില്ലാത്തതിനാൽ ഈ മാസം ആർ.സി.സിയിൽ ചികിത്സയ്ക്കെത്താൻ കഴിയാത്ത അവസ്ഥയിലായിരുന്നു രാധാമണി. പ്രതിസന്ധി ഘട്ടത്തിൽ സർക്കാർ സഹായം ആശ്വാസമാണെന്ന് രാധാമണി പ്രതികരിച്ചു.
അരനൂറ്റാണ്ടോളം സിനിമാരംഗത്തെ സാന്നിദ്ധ്യമായിരുന്ന രാധാമണിയുടെ ദുരിതജീവിതം കേരളകൗമുദി ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് മന്ത്രി ഇടപെട്ടത്.