തിരുവനന്തപുരം: ശബരിമല ഇടത്താവളങ്ങളിൽ അയ്യപ്പഭക്തർക്കായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ തീരുമാനം. അന്നദാനം, കുടിവെള്ള വിതരണം, വിശ്രമിക്കാനുള്ള സ്ഥലങ്ങൾ,ബാത്ത് റൂം, ടോയിലറ്റ് സൗകര്യങ്ങൾ കൂടുതൽ ക്രമീകരിക്കും.
ശബരിമല മണ്ഡല - മകരവിളക്ക് മഹോത്സവത്തിന്റെ മുന്നൊരുക്കം സംബന്ധിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന ദേവസ്വം ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ബോർഡ് അംഗങ്ങളായ കെ.പി.ശങ്കരദാസ്, എൻ.വിജയകുമാർ,സെക്രട്ടറി എസ്. ജയശ്രീ, ചീഫ് എൻജിനിയർമാർ, ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർമാർ, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തുടങ്ങിയവർ പങ്കെടുത്തു. വഴിപാട് ഇനങ്ങളുടെ ലേല നടപടികൾ അന്തിമഘട്ടത്തിലാണ്. ഇക്കുറി ലേല ഇനങ്ങളിൽ കുത്തക ലഭിക്കുന്നവർ ഉടമ്പടിയോടൊപ്പം ബാങ്ക് ഗ്യാരന്റി ഹാജരാക്കണമെന്ന് ആവശ്യപ്പെടും. ചുക്കുവെള്ള വിതരണത്തിന് ദിവസ വേതനക്കാരെ ഉടൻ നിയമിക്കും. ഭക്തർക്കായുള്ള അപകട ഇൻഷ്വറൻസ് പദ്ധതിയ്ക്ക് പുതിയ ഇ -ടെൻഡർ വിളിക്കാൻ തീരുമാനിച്ചു.ശബരിമലയിലും പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലും നടക്കുന്ന മരാമത്ത് ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കും.