mayank-agarwal

മായാങ്ക് അഗർവാളിന് ഇരട്ട സെഞ്ച്വറി

ആദ്യടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ

. ദക്ഷിണാഫ്രിക്ക തകരുന്നു

. ഇന്ത്യ 502/7 ഡിക്ളയേഡ്, ദക്ഷിണാഫ്രിക്ക 39/3

. മായാങ്ക് അഗർവാൾ 215, രോഹിത് 176

വിശാഖപട്ടണം: സ്വന്തം മണ്ണിൽ ആദ്യടെസ്റ്റ് കളിക്കാനിറങ്ങിയതുതന്നെ ഇരട്ട സെഞ്ച്വറിയുടെ തിളക്കം കൊണ്ട് അലങ്കരിച്ച മായാങ്ക് അഗർവാളും (215) ഒാപ്പണറായിറങ്ങിയ ആദ്യടെസ്റ്റിൽ ഗംഭീര സെഞ്ച്വറി തികച്ച രോഹിത് ശർമ്മയും (176) ചേർന്ന് വിശാഖപട്ടണത്ത് സൃഷ്ടിച്ചത് ഇന്ത്യൻ ക്രിക്കറ്റ് മാമാങ്കം.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യടെസ്റ്റിൽ മായാങ്കും രോഹിതും ചേർന്ന് ആദ്യവിക്കറ്റിൽ സൃഷ്ടിച്ച 317 റൺസിന്റെ ചരിത്രകൂട്ടുകെട്ടിന്റെ കെട്ടുറപ്പിൽ 502/7 എന്ന സ്കോറിൽ ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ഡിക്ളയർ ചെയ്തു. തുടർന്ന് 20 ഒാവർ ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 39 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. വലിയൊരു തകർച്ചയെ മുന്നിൽക്കണ്ടപ്പോൾ രണ്ടാംദിവസത്തെ കളിയുടെ സ്റ്റംപെഏുക്കുകയായിരുന്നു . ഒന്നാം ഇന്നിംഗ്സിൽ 463 റൺസ് പിന്നിലാണിപ്പോൾ സന്ദർശകർ.

ഇരുട്ടും മഴയും മൂലം ആദ്യദിനം കളി നേരത്തെ നിറുത്തുമ്പോൾ ഇന്ത്യ 202/0 എന്ന നിലയിലായിരുന്നു. രോഹിത് 115 റൺസിലും മായാങ്ക് 84 റൺസിലും. ഇന്നലെ മഴ മാറി ബാറ്റിംഗ് പുനരാരംഭിക്കാനെത്തിയപ്പോൾ ഇരുവരും തലേന്നെത്തേതിനെക്കാൾ ഉന്മേഷത്തിലായിരുന്നു. ഇടയ്ക്കൊരു കീപ്പർ ക്യാച്ചിൽനിന്ന് രക്ഷപ്പെട്ടെങ്കിലും രോഹിതിന്റെ ബാറ്റിൽനിന്ന് തുരുതുരാ ബൗണ്ടറികളൊഴുകി, സ്ട്രോക് കളിക്കാൻ മടിക്കാതെനിന്ന മായാങ്കും കൂടിചേർന്നതോടെ റൺസ് ഒഴുകിയെത്തി. രാവിലെതന്നെ സെഞ്ച്വറി തികച്ച മായാങ്ക് തുടർന്നും വീശിക്കളിച്ചു.

ലഞ്ചിന് പിരിയുന്നതിന് തൊട്ടുമുമ്പാണ് 300 കടന്ന ഇന്ത്യയുടെ ഒാപ്പണിംഗ് സഖ്യം പിളർത്താൻ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞത്. കേശവ് മഹാരാജിനെ ഇറങ്ങിയടിക്കാൻ ശ്രമിച്ച രോഹിതിനെ ഡികോക് സ്റ്റംപ് ചെയ്യുകയായിരുന്നു. തുടർന്ന് 324/1 എന്ന സ്കോറിൽ ലഞ്ചിന് പിരിഞ്ഞു. ലഞ്ചിനുശേഷം ചേതേശ്വർ പുജാരയെ (6) ഫിലാൻഡർ ക്ളീൻ ബൗൾഡാക്കി. തുടർന്ന് മായാങ്ക് ഇരട്ട സെഞ്ച്വറിയിലേക്ക് കുതിക്കവേ നായകൻ വിരാട് കൊഹ്‌ലി (20), അജിങ്ക്യാ രഹാനെ (15) എന്നിവർക്കൊപ്പം ചെറിയ കൂട്ടുകെട്ടുകൾ ചായയ്ക്കുമുമ്പാണ് മായാങ്ക് ഇരട്ട സെഞ്ച്വറിയിലെത്തിയതും പുറത്തായതും. 371 പന്തുകൾ നേരിട്ട മായാങ്ക് 23 ബൗണ്ടറികളും ആറ് സിക്‌സുകളും പായിച്ചിരുന്നു. 244 പന്തുകൾ നേരിട്ട രോഹിത് പായിച്ചതും 23 ബൗണ്ടറികളും ആറ് സിക്‌സുകളുമാണ്. 450/5 എന്ന സ്കോറിനാണ് ഇന്ത്യ ചായയ്ക്കുപിരിഞ്ഞത്.

ചായയ്ക്കുശേഷം രവീന്ദ്രജഡേജ (30 നോട്ടൗട്ട്) ഇന്ത്യയെ 500 കടത്തി. ഹനുമവിഹാരി (10), വൃദ്ധിമാൻ സാഹ (21) എന്നിവർ പിന്തുണയും നൽകി. തുടർന്ന് 502/7 ൽ കൊഹ്‌ലി ബാറ്റിംഗ് മതിയാക്കി.

മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് എയ്ഡൻ മാർക്രം (5), തെയുനിസ് ഡിബ്രുയൻ (4), ഡേൻപീറ്റ് (0) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. മാർക്രത്തെയും ഡി ബ്രുയാനെയും അശ്വിൻ പുറത്താക്കുകയായിരുന്നുണ മർക്രം ക്ളീൻ ബൗൾഡായപ്പോൾ ബ്രുയൻ സാഹയ്ക്ക് ക്യാച്ച് നൽകി പീറ്റിനെ ജഡേജ ബൗൾഡാക്കി. ഒാപ്പൺ ഡീൻ എൽഗാറും (27) ടെംപ ബൗമയുമാണ് (2) ക്രീസിൽ.

സ്കോർ ബോർഡ്

ഇന്ത്യ ബാറ്റിംഗ് : മായാങ്ക് അഗർവാൾ സി പീറ്റ് ബി എൽഗാർ 215, രോഹിത് സ്റ്റംപ്ഡ് ഡി കോക്ക് ബി കേശവ് മഹാരാജ് 176, പുജാര ബി ഫിലാൻഡർ 6, കൊഹ്‌ലി സി ആൻഡ് ബി മുത്തുസ്വാമി, രഹാനെ സി ബൗമ ബി മഹാരാജ് 15, ജഡേജ നോട്ടൗട്ട് 30, ഹനുമ വിഹാരി സി എൽഗാർ ബി മഹാരാജ് 10, സാഹ സി മുത്തുസ്വാമി ബി പീറ്റ് 21, അശ്വിൻ നോട്ടൗട്ട് 1, എക്സ്ട്രാസ് 8, ആകെ 136 ഒാവറിൽ 502/7 ഡിക്ളയേഡ്.

വിക്കറ്റ് വീഴ്ച : 1-317, 2-324, 3-377, 4-431, 5-436, 6-457, 7-494.

ബൗളിംഗ് : ഫിലാൻഡർ 22-4-68-1, റബാദ 24-7-86-0, കേശവ് മഹാരാജ് 55-6-189-3, പീറ്റ് 19-1-107-1, മുത്തുസ്വാമി 15-1-63-1, എൽഗാർ 1-0-4-1.

ദക്ഷിണാഫ്രിക്ക ബാറ്റിംഗ്: എൽഗാർ നോട്ടൗട്ട് 27, മാർക്രം ബി അശ്വിൻ 5, ബ്രുയാൻ സി സാഹ ബി അശ്വിൻ 4, പീറ്റ് ബി ജഡേജ 0, ബൗമ നോട്ടൗട്ട് 2, എക്സ്ട്രാസ് 1, ആകെ 20 ഒാവറിൽ 39/3

വിക്കറ്റ് വീഴ്ച :1-14, 2-31, 3-34.

ബൗളിംഗ് : ഇശാന്ത് 2-0-8-0, ഷമി 2-2-0-0, അശ്വിൻ 8-4-9-2, ജഡേജ 8-1-21-1.

4

കന്നി ടെസ്റ്റ് സെഞ്ച്വറി ഇരട്ട സെഞ്ച്വറിയിലെത്തിക്കുന്ന നാലാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനാണ് മായാങ്ക് അഗർവാൾ.

ദിലീപ് സർദേശായി (200 , Vs കിവീസ്, 1965), വിനോദ് കാംബ്ളി (224, Vs ഇംഗ്ളണ്ട്, 1993), കരുൺ നായർ (303, Vs ഇംഗ്ളണ്ട്, 2016) എന്നിവരാണ് ഇതിന് മുമ്പ് ഇൗനേട്ടം കൈവരിച്ചത്.

1

ഇന്ത്യൻ മണ്ണിൽ മായാങ്കിന്റെ ആദ്യടെസ്റ്റ് മത്സരമായിരുന്നു ഇത്. 2018 ൽ ആസ്ട്രേലിയൻ പര്യടനത്തിൽ അരങ്ങേറ്റം കുറിച്ച മായാങ്ക് ഇതിനകം മൂന്ന് അർദ്ധസെഞ്ച്വറികളും നേടിയിട്ടുണ്ട്.

9

മായാങ്കിന്റെ ഒൻപതാമത്തെ ഫസ്റ്റ് ക്ളാസ് സെഞ്ച്വറിയാണിത്. ഇതിൽ മൂന്നെണ്ണം ഇരട്ട സെഞ്ച്വറികളും ഒന്ന് ട്രിപ്പിൾ സെഞ്ച്വറിയുമാണ്. കൂടാതെ ആറ് സെഞ്ച്വറികളിൽ 150 ലേക്ക് റൺസ് സ്കോർ ചെയ്തിട്ടുണ്ട്.

317

ടെസ്റ്റിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന മൂന്നാമത്തെ ഒാപ്പണിംഗ് കൂട്ടുകെട്ടാണ് മായാങ്കും രോഹിതും ചേർന്ന് കുറിച്ചത്. 413 (വിനു മങ്കാദ്-പങ്കജ് റോയ്), Vs ന്യൂസിലൻഡ്, 1956, 410 (സെവാഗ്-ദ്രാവിഡ്) Vs പാകിസ്ഥാൻ, 2006 എന്നിവയാണ് ഇന്ത്യയുടെ റെക്കാഡ് ഒാപ്പണിംഗ് കൂട്ടുകെട്ടുകൾ.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏതുവിക്കറ്റിലെയും ഉയർന്ന പാർട്ട്ണർഷിപ്പ് മായാങ്കിന്റെയും രോഹിതിന്റേതുമാണ്.

2013 ന് ശേഷം ടെസ്റ്റിൽ ഒാപ്പണർമാർ 80 ഒാവറുകൾ പിന്നിടുന്നത് ഇതാദ്യമാണ്.

12

സിക്സുകളാണ് ഇന്ത്യൻ ഒാപ്പണർമാർ ചേർന്ന് പറത്തിയത്. ടെസ്റ്റിൽ ഇതും റെക്കാഡാണ്.

'സന്തോഷം വാക്കുകൾകൊണ്ട് പ്രതിഫലിക്കാനാവുന്നില്ല. ഇതുപോലെ ബാറ്റിംഗ് തുടരാൻ കഴിഞ്ഞാൽ ടീമിന് ഉപകാരമാകും. ദക്ഷിണാഫ്രിക്കൻ സ്പിന്നർമാർക്കെതിരെ രോഹിത് മേൽകൈ നേടിയത് എനിക്കും ആത്മവിശ്വാസം പകരുന്നു."

മയാങ്ക് അഗർവാൾ