പകുതിദിന അവധി പോയിക്കിട്ടി
തിരുവനന്തപുരം: ഗാന്ധി ജയന്തി അവധി കഴിഞ്ഞ് ഇന്നലെ രാവിലെ തലസ്ഥാനത്തു നിന്ന് വിവിധ സ്ഥലങ്ങളിൽ പോകാനെത്തിയവരും മറ്റിടങ്ങളിൽനിന്ന് തലസ്ഥാനത്ത് എത്തിച്ചേരേണ്ടവരും ഉൾപ്പെടെ നൂറുകണക്കിനു പേർ യാത്രാ ദുരിതത്തിൽ വലഞ്ഞു. ഡ്രൈവർ ഇല്ലാത്തതിനാൽ ട്രാൻ. ബസ് സർവീസ് കൂട്ടത്തോടെ റദ്ദാക്കിയതും സിഗ്നൽ തകരാറിനെ തുടർന്ന് ട്രെയിനുകൾ വൈകിയതുമാണ് ദുരിതമായത്. എംപാനൽ ഡ്രൈവർമാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതിന്റെ പേരിൽ 1140 സർവീസുകളാണ് കെ.എസ്.ആർ.ടി.സി റദ്ദാക്കിയത്. തുടർന്ന് ട്രെയിനുകളിൽ ആളുകൾ തിക്കിത്തിരക്കി. എന്നാൽ കൊല്ലത്തെ അപ്രതീക്ഷിത സിഗ്നൽ തകരാർ ഇവർക്ക് പണി കൊടുത്തു. പുറപ്പെടാൻ ചിലത് മണിക്കൂറുകൾ വൈകി. ചിലത് വഴിയിൽ കുടുങ്ങി. കൊല്ലത്തു നിന്ന് തിരുവനന്തപുരത്ത് രാവിലെ പത്തു മണിക്ക് എത്തിച്ചേരേണ്ട ഒൻപത് ട്രെയിനുകളാണ് സിഗ്നൽ തകരാറിനെ തുടർന്ന് മണിക്കൂറുകൾ വൈകിയത്. ഇതോടെ സർക്കാർ ജീവനക്കാരിൽ പലരും പകുതിദിന അവധി എടുക്കാൻ നിർബന്ധിതരായി. മംഗലാപുരം- തിരുവനന്തപുരം മാവേലി എക്‌സ്‌പ്രസ്, ചെന്നൈ - തിരുവനന്തപുരം സൂപ്പർ ഫാസ്റ്ര്, മംഗലപുരം - തിരുവനന്തപുരം മലബാർ, ന്യൂഡൽഹി- തിരുവനന്തപുരം രാജധാനി എക്‌സ്‌പ്രസ്, വഞ്ചിനാട്, മുംബയ്- കന്യാകുമാരി എക്‌സ്‌പ്രസ്, പുനലൂർ-കന്യാകുമാരി പാസഞ്ചർ, ബംഗളൂരു-കൊച്ചുവേളി എക്‌സ്‌പ്രസ്, ഗുരുവായൂർ-തിരുവനന്തപുരം എക്‌സ്‌പ്രസ്, കൊല്ലം-തിരുവനന്തപുരം പാസഞ്ചർ ട്രെയിനുകളെല്ലാം ഏറെ വൈകി. ഉച്ചയ്ക്കാണ് ട്രെയിൻ ഗതാഗതം സാധാരണ നിലയിലായത്.
വില്ലൻമാർ
1. ഡ്രൈവർമാരെ പിരിച്ചു വിട്ടതിനാൽ സർവീസുകൾ റദ്ദാക്കി കെ.എസ്.ആർ.ടി.സി
2. കൊല്ലത്തെ സിഗ്നൽ തകരാറിനെ ടുടർന്ന് ട്രെയിനുകൾ പിടിച്ചിട്ട് റെയിൽവേ