02

പോത്തൻകോട്: ഷർട്ട് ഇൻ ചെയ്തുവന്നതിന് നെടുവേലി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയെ ഒരു സംഘം സീനിയർ വിദ്യാർത്ഥികൾ തല്ലിച്ചതച്ച് ബോധംകൊടുത്തി. സ്കൂൾ മുറ്റത്ത് കുഴഞ്ഞുവീണ വിദ്യാർത്ഥിയെ അദ്ധ്യാപകർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോത്തൻകോട് കൊയ്ത്തൂർകോണം അബ്ദുൾ അസീസിന്റെയും മാജിദാ ബീവിയുടെയും മകൻ സുഹൈലി (16) നെയാണ് ഹോക്കി സ്റ്റിക്കും തടിക്കഷണവും ഉപയോഗിച്ച് മർദ്ദിച്ചത്. സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരൻ നോക്കി നിൽക്കെയാണ് അതിക്രമം നടന്നത്.

ഷർട്ട് ഇൻ ചെയ്തുവന്ന സുഹൈലിനോട് ഷർട്ട് പുറത്തിടാൻ സീനിയർ വിദ്യാർത്ഥികൾ ആവശ്യപ്പെട്ടെങ്കിലും അത് നിരസിച്ചതിനെത്തുടർന്നാണ് അക്രമം. തളർന്നുവീണ സുഹൈലിനെ കന്യാകുളങ്ങര ഗവ.ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പരിശോധനയിൽ ശരീരത്തിൽ കഠിനമായി മർദ്ദനമേറ്റ പാടുകൾ കണ്ടെത്തിയെങ്കിലും ആശുപത്രിയിൽ നിന്ന് തിരികെ വീട്ടിലെത്തിക്കുകയായിരുന്നു. വീണ്ടും തളർച്ച അനുഭവപ്പെട്ടതിനെത്തുടർന്ന് വീട്ടുകാർ സുഹൈലിനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രിൻസിപ്പലിനും വട്ടപ്പാറ പൊലീസിലും വീട്ടുകാർ പരാതി നൽകി. അക്രമികളായ 5 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തതായി പ്രിൻസിപ്പൽ അറിയിച്ചു. സ്‌കൂൾ പി.ടി.എ മീറ്റിംഗ് അടിയന്തരമായി വിളിച്ചുചേർത്ത് തുടർ നടപടി ആലോചിക്കുമെന്നും പ്രിൻസിപ്പൽ പറഞ്ഞു. സ്കൂൾ അധികൃതർ പരാതി നൽകിയാൽ റാഗിംഗിന് കേസെടുക്കുമെന്ന് വട്ടപ്പാറ എസ്.ഐ അശ്വനികുമാർ അറിയിച്ചു.