വിജയത്തിളക്കത്തിൽ കൊമ്പൻമാർ
ബാഴ്സലോണ, ലിവർപൂൾ, അയാക്സ്, ചെൽസി, സെനിത്ത്, ബൊറുഷ്യ വിജയം നേടി.
ലണ്ടൻ : യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ കഴിഞ്ഞ ദിവസം നടന്ന പ്രാഥമിക റൗണ്ട് മത്സരങ്ങളിൽ മുൻനിര ക്ളബുകളായ ബാഴ്സലോണ, ലിവർപൂൾ, അയാക്സ്, ചെൽസി തുടങ്ങിയവർക്ക് വിജയം.
നിലവിലെ ചാമ്പ്യനുമായ ലിവർപൂൾ മൂന്നിനെതിരെ നാല് ഗോളുകൾക്ക് സാൽസ് ബർഗിനെയാണ് തോൽപ്പിച്ചത്. ആദ്യ 36 മിനിട്ടിനുള്ളിൽ 3-0 ത്തിന് മുന്നിലെത്തിയ ലിവർപൂളിനെ 60-ാം മിനിട്ടിലെത്തുമ്പോൾ സാൽസ് ബർഗ് സമനിലയിൽ പിടിച്ചിരുന്നു. എന്നാൽ 69-ാം മിനിട്ടിലെ മുഹമ്മദ് സലായുടെ ഗോൾ ലിവർപൂളിന് വിജയം നൽകി. മത്സരത്തിലെ സലായുടെ രണ്ടാം ഗോളായിരുന്നു ഇത്. 9-ാം മിനിട്ടിൽ സാഡിയോ മാനേയിലൂടെയാണ് ലിവർപൂൾ സ്കോറിംഗ് തുടങ്ങിയത്. 25-ാം മിനിട്ടിൽ റോബർട്ട്സണും36-ാം മിനിട്ടിൽ സലായും സാൽസ്ബർഗിന്റെ വല കുലുക്കി. 39-ാം മിനിട്ടിൽ ഹ്വാംഗ് ഹീ ചാനിലൂടെ സാൽസ്ബർഗ് തിരിച്ചടി തുടങ്ങി. 56-ാം മിനിട്ടിൽ മിനാമിനോയും 60-ാംമിനിട്ടിൽ ഹലാണ്ടും സമനിലയിലെത്തിച്ചു. ആദ്യമത്സരത്തിൽ തോറ്റിരുന്ന ലിവർപൂളിന് ഇൗ വിജയത്തോടെ മൂന്ന് പോയിന്റും ഇ ഗ്രൂപ്പിലെ രണ്ടാംസ്ഥാനവും ലഭിച്ചു.
ഇറ്റാലിയൻ കരുത്തരായ ഇന്റർമിലാനെ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ 2-1ന് ബാഴ്സലോണ കീഴ്പ്പെടുത്തിയപ്പോൾ രണ്ട് ഗോളുകളും ലൂയിസ് സുവാരേസിന്റെ വകയായിരുന്നു. 58, 84 മിനിട്ടുകളിലായിരുന്നു ഉറുഗ്വേ താരത്തിന്റെ സ്കോറിംഗ്. രണ്ടാം മിനിട്ടിൽ ലൗതാരോ മാർട്ടിനെസിലൂടെ ലഭിച്ച മുൻ തൂക്കം മുതലാക്കാൻ ബാഴ്സയ്ക്ക് കഴിഞ്ഞില്ല. ആദ്യമത്സരത്തിൽ സമനിലയിൽ കുരുങ്ങിയ ബാഴ്സലോണ എഫ് ഗ്രൂപ്പിൽ നാലുപോയിന്റുമായി രണ്ടാംസ്ഥാനത്താണ്. സിൽവിയ പ്രാഹയെ 2-0ത്തിന് കീഴടക്കിയ ബൊറൂഷ്യ ഡോർട്ട് മുണ്ടാണ് 4 പോയിന്റുമായി ഒന്നാമത്.
ഇംഗ്ളീഷ് ക്ളബ് ചെൽസി 2-1ന് ഫ്രഞ്ച് ക്ളബ് ലില്ലിയെയാണ് തോൽപ്പിച്ചത്. 22-ാം മിനിട്ടിൽ താമി അബ്രഹാമിലൂടെ മുന്നിലെത്തിയിരുന്ന ചെൽസിയെ 33-ാം മിനിട്ടിൽ ഒസിംഹെൻ സമനിലയിൽ കുരുക്കിയിരുന്നു. 77-ാം മിനിട്ടിൽ ബ്രസീലിയൻ താരം വില്ലെയ്നാണ് കുരുക്കഴിച്ച് ഫ്രാങ്ക് ലംപാഡിന്റെ കുട്ടികൾക്ക് വിജയം നൽകിയത്. മൂന്ന് പോയിന്റുമായി എച്ച് ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ് ചെൽസി. 3-0 ത്തിന് സ്പാനിഷ് ക്ളബ് വലൻസിയയെ കീഴടക്കിയ കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ ഡച്ച് ക്ളബ് അയാക്സാണ് എച്ച് ഗ്രൂപ്പിൽ ആറ് പോയിന്റുമായി ഒന്നാമത്. വലൻസിയ രണ്ടാമതുണ്ട്.
ഹക്കിം സിയേഷ്, പ്രോമോസ്, വാൻഡി ബീക്ക് എന്നിവർ നേടിയ ഗോളുകൾക്കാണ് അയാക്സ് വലൻസിയയെ കീഴടക്കിയത്. റഷ്യൻ ക്ളബ് സെനിത്ത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പോർട്ടുഗീസ് ക്ളബ് ബെൻഫിക്കയെ കീഴടക്കി. ആർട്ടെം സിയൂബ, റൂബൻ ഡയസ്, അസ്‌മൗൻ എന്നിവരാണ് സെനിത്തിനുവേണ്ടി സ്കോർ ചെയ്തത്. റൗൾ ഡി തോമസിന്റേതാണ് ബെൻഫിക്കയുടെ ആശ്വാസഗോൾ. ഇൗ വിജയത്തോടെ സെനിത്ത് ജി ഗ്രൂപ്പിൽ നാല് പോയിന്റുമായി ഒന്നാമതെത്തി. ആദ്യരണ്ട് മത്സരങ്ങളും തോറ്റ ബെൻഫിക്ക അവസാനത്തേക്ക് പിന്തള്ളപ്പെട്ടു. ലെയ്‌പ്ഡിഗിനെ 2-0 ത്തിന് തോൽപ്പിച്ച ഒളിമ്പിക ലിയോണാണ് രണ്ടാമത്.
മത്സരഫലങ്ങൾ
ചെൽസി 2- ലില്ലി 1
ബാഴ്സലോണ 2-ഇന്റർ 1
ലിവർപൂൾ 4-സാൽസ്ബർഗ് 3
ലെയ്‌പ്സിംഗ് 0-ലിയോൺ 2
അയാക്സ് 3-വലൻസിയ 0
സെനിത്ത് 3-ബെൻഫിക്ക 1
ബൊറൂഷ്യ 2-പ്രാഹ 0
ജെങ്ക് 0-നാപ്പോളി 0