പാറശാല : എൽ.ഡി.എഫ് ഭരിക്കുന്ന ചെങ്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരെ പ്രതിപക്ഷമായ യു.ഡി.എഫിലെ 10 അംഗങ്ങൾ ചേർന്ന് നൽകിയ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കാത്തത് കാരണം പരാജയപ്പെട്ടു. അവിശ്വാസ പ്രമേയ നോട്ടീസിന്മേലുള്ള ചർച്ചയിൽ എൽ.ഡി.എഫിലെയും ബി.ജെ.പിയിലെയും പഞ്ചായത്തംഗങ്ങൾ ചർച്ചയിൽ പങ്കെടുക്കാതെ വിട്ടുനിന്നതിനെ തുടർന്നാണ് അവിശ്വാസ പ്രമേയം പരാജയപ്പെട്ടത്. 21 അംഗങ്ങൾ ഉള്ള പഞ്ചായത്തിലെ കോൺഗ്രസിലെ 10 അംഗങ്ങൾ ചേർന്നാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. ഭരണം അട്ടിമറിക്കുന്നതിനായി രണ്ട് ബി.ജെ.പി അംഗങ്ങൾ കൂടി സഹകരിക്കുമെന്ന ധാരണ ആസന്നമായ ഉപതിരഞ്ഞെടുപ്പുകളെ തുടർന്ന് ഫലിക്കാതെ വന്നു എന്നതാണ് അവിശ്വാസം പാസാകാതെ വന്നതിന് കാരണമായി പറയപ്പെടുന്നത്. അവിശ്വാസ പ്രമേയത്തിന്റെ ചർച്ചയ്ക്കായി 11 അംഗങ്ങളുടെ പിന്തുണ വേണമെന്നിരിക്കെ ക്വാറം തികയാത്തതു കാരണമാണ് അവിശ്വാസ പ്രമേയം ചർച്ചയ്ക്കെടുക്കാതെ തള്ളിയത്. എൽ.ഡി.എഫിന് ഒരു സ്വതന്ത്രനടക്കം ഒമ്പത് അംഗങ്ങളും യു.ഡി.എഫിന് ഒരു സ്വതന്ത്രനടക്കം10 അംഗങ്ങളും ബി.ജെ.പിക്ക് രണ്ട് അംഗങ്ങളുമാണ് ഉള്ളത്. സി.പി.എം അംഗമായ പ്രസിഡന്റിനെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചിട്ടുള്ള കാരണത്താൽ ബി.ജെ.പിയുടെ പുറമെ നിന്നുള്ള പിന്തുണ ഉണ്ടാകുമെന്ന കോൺഗ്രസിന്റെ ധാരണയാണ് ഉപതിരഞ്ഞെടുപ്പിലൂടെ ഇല്ലാതായത്.