. ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ പുരുഷ 110 മീറ്റർ ഹഡിൽസ് സ്വർണം ഗ്രാൻഡ് ഹോളോവേയ്ക്ക്
നിലവിലെ ചാമ്പ്യൻ ഒമർ മക്‌ലിയോഡ് തട്ടിവീണ്
പുറത്തായി
ദോഹ : ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ അട്ടിമറിയുടെ ഹഡിലുകൾ ചാടിക്കടന്ന് അമേരിക്കൻ യുവതാരം ഗ്രാൻഡ് ഹോളോവേ. കഴിഞ്ഞ രാത്രി പുരുഷ 110 മീറ്റർ ഹഡിൽസിലാണ് നിലവിലെ ചാമ്പ്യൻ ജമൈക്കയുടെ ഒമർ മക്‌ലിയോഡിനെ മറികടന്ന് ഹോളോവേ സ്വർണത്തിൽ മുത്തമിട്ടത്. മുന്നിലോടിയിരുന്ന മക്‌ലിയോഡ് അവസാന ഹഡിൽ ചാടിക്കടന്ന ശേഷം നിലതെറ്റി ട്രാക്കിൽ വീണതാണ് മത്സരത്തിൽ നാടകീയത സൃഷ്ടിച്ചത്. മക്‌ലിയോഡ് അയോഗ്യനായാണ് പുറത്തായത്.
13.10 സെക്കൻഡിലാണ് ഗ്രാൻഡ് ഹോളോവേയുടെ സ്വർണം. 13.15 സെക്കൻഡിൽ ഫിനിഷ് ചെയ്ത സെർജി പൂബൻ കോവ് വെള്ളിയും 13.18 സെക്കൻഡിൽ ഒാടിയെത്തിയ ഫ്രാൻസിന്റെ പാസ്കൽ മർട്ടിനോട് ലഗാർദെ വെങ്കലവും നേടി.
മീറ്റ് ഏഴാം ദിനത്തിലേക്ക് എത്തിയപ്പോൾ അമേരിക്ക മെഡൽ നേട്ടം 18 ആയി ഉയർത്തി മുന്നിൽ തുടരുകയാണ്. എട്ട് വീതം സ്വർണവും വെള്ളിയുമാണ് അമേരിക്കയ്ക്ക് ഉള്ളത്. രണ്ട് സ്വർണവുമായി ചൈന രണ്ടാമതും രണ്ട് സ്വർണമുള്ള ജമൈക്ക മൂന്നാമതുമാണ്.
മെഡൽ നില
(രാജ്യം, സ്വർണം, വെള്ളി, വെങ്കലം, ആകെ)
അമേരിക്ക 8-8-2-18
ചൈന 2-3-3-8
ജമൈക്ക 2-2-0-4
കെനിയ 2-0-2-4
എത്യോപ്യ 1-2-0-3
വനിതകളുടെ 200ൽ ദിന
കഴിഞ്ഞരാത്രി നടന്ന വനിതകളുടെ 200 മീറ്ററിൽ 21.88 സെക്കൻഡിൽ ഫിനിഷ് ചെയ്ത ബ്രിട്ടീഷ് താരം ദിന അഷർ സ്മിത്ത് സ്വർണം നേടി. 200 മീറ്ററിൽ ലോക ചാമ്പ്യനാകുന്ന ആദ്യ ബ്രിട്ടീഷ് വനിതയാണ് ദിന. അമേരിക്കയുടെ ബ്രിട്ടാനി ബ്രൗൺ, സ്വിറ്റ്സർലാൻഡിന്റെ മുയ്‌ജിൻഗ കംബുൻഡ്ജി എന്നിവരുടെ ശക്തമായ വെല്ലുവിളി മറികടന്നാണ് ദിനയുടെ സ്വർണം.ബ്രിട്ടാനി 22.22 സെക്കൻഡിലും മുയ്‌ജിൻഗ 22.51 സെക്കൻഡിലും ഫിനിഷ് ചെയ്തു.
ദിനയുടെ 21.88 സെക്കൻഡ് 200 മീറ്ററിലെ പുതിയ ബ്രിട്ടീഷ് ദേശീയ റെക്കാഡാണ്.
ഹാമർത്രോയിൽ നാലാം പാവൽ
പുരുഷ വിഭാഗം ഹാമർത്രോയിൽ തുടർച്ചയായ നാലാം ലോക ചാമ്പ്യൻഷിപ്പിലും സ്വർണം നേടി പോളണ്ടുകാരൻ പാവൽ ഫായ്ദേക്. തന്റെ നാലാം ശ്രമത്തിൽ 80.50 മീറ്റർ ദൂരം കണ്ടെത്തിയാണ് പാവൽ ഇത്തവണയും ലോക ചാമ്പ്യനായത്. പാവലിന് പിന്നിൽ രണ്ടുംമൂന്നും സ്ഥാനത്തെത്തിയവർ രണ്ട് മീറ്ററിലേറെ പിന്നിലായിരുന്നു. ഫ്രാൻസുകാരൻ ക്യുയെന്റിൽ ബിഗോട്ട് 78.19 മീറ്റർ എറിഞ്ഞ് വെള്ളി നേടിയപ്പോൾ ഹംഗറിയുടെ ബെൻസ് ഹലാസ് 78.18 മീറ്റർ കണ്ടെത്തി വെങ്കലത്തിലെത്തി. ഇൗ സീസണിൽ 81.74 മീറ്റർ കണ്ടെത്തി മെഡൽ പ്രതീക്ഷയുണർത്തിയിരുന്ന പാവലിന്റെ നാട്ടുകാരൻ വോയിസെക്ക് നോവിച്ചി 77.69 മീറ്ററിലൊതുങ്ങി നാലാമതായി.