ലണ്ടൻ : ഏകദിന ലോകകപ്പിലെയും ആഷസ് ടെസ്റ്റ് പരമ്പരയിലെയും ഇംഗ്ളീഷ് ഹീറോ ബെൻസ്റ്റോക്സ് പ്രൊഫഷണൽ ക്രിക്കറ്റേഴ്സ് അസോസിയേഷന്റെ പ്ളേയർ ഒഫ് ദ ഇയർ പുരസ്കാരം സ്വന്തമാക്കി. ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരെ മാൻ ഒഫ് ദ മാച്ചായ ബെൻ ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ പുറത്താകാതെ 135 റൺസ് നേടി ഇംഗ്ളണ്ടിന് വിജയം നൽകിയിരുന്നു.
ഇന്ത്യയ്ക്ക് അഞ്ചാം ജയം
ആന്റ് വെർപ്പ്: യൂറോപ്യൻ പര്യടനത്തിലെ അഞ്ചാം മത്സരത്തിലും വിജയം കൊയ്ത് ഇന്ത്യൻ പുരുഷ ഹോക്കി ടീം ലോക അഞ്ചാംറാങ്കുകാരായ ഇന്ത്യ പര്യടനത്തിലെ അഞ്ചാം മത്സരത്തിൽ ബെൽജിയത്തിനെതിരെ 5-1 നാണ് വിജയം കണ്ടത്. ആദ്യമത്സരത്തിൽ 2-0ത്തിനും ബെൽജിയത്തെ തോൽപ്പിച്ചിരുന്നു. രണ്ടാം മത്സരത്തിൽ 6-1 നും മൂന്നാം മത്സരത്തിൽ 5-1 നും സ്‌പെയിനെയാണ് കീഴടക്കിയിരുന്നത്.
പോഗ്‌ബയ്ക്ക് പരിക്ക്
പാരീസ് : പരിക്കേറ്റ മിഡ്ഫീൽഡർ പോൾ പോഗ്ബയെ ഒഴിവാക്കി ഇൗമാസം നടക്കുന്ന ഐസ്‌ലാൻഡിനും തുർക്കിക്കും എതിരായ യൂറോകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങൾക്കുള്ള ഫ്രാൻസ് ഫുട്ബാൾ ടീമിനെ പ്രഖ്യാപിച്ചു. പരിക്കുമൂലം കഴിഞ്ഞ മത്സരങ്ങളിൽ പുറത്തിരുന്ന കൈലിയാൻ എംബാപ്പെ, എൻഗോളോ കാന്റേ എന്നിവർ തിരിച്ചെത്തിയിട്ടുണ്ട്.