തിരുവനന്തപുരം: ഇക്കഴിഞ്ഞ ദിവസമാണ് അഭിനയത്തിന്റെ കുലപതി മധുവിന്റെ എൺപത്തിയാറാം പിറന്നാൾ മലയാളികൾ ആഘോഷിച്ചത്. അതിന്റെ മധുരം മായുംമുമ്പ് സാമൂഹ്യമാദ്ധ്യങ്ങളിലെ ചില വിരുതന്മാർ ഒപ്പിച്ച പണി ഏവരെയും ഞെട്ടിച്ചു. മുമ്പ് പല പ്രമുഖർക്കും നേരിടേണ്ടിവന്നതുപോലെ മധുവിന്റെ വ്യാജ ചരമ വാർത്തയും ചിലർ പ്രചരിപ്പിച്ചു. അതോടെ മധുവിനെ എന്ത് പറ്റി എന്ന് ചോദിച്ചുകൊണ്ടു സമൂഹമാദ്ധ്യമങ്ങളിൽ അത് പടർന്നു. മാദ്ധ്യമങ്ങളുടെ ഓഫീസുകളിലേക്കും നിരന്തരം ഫോൺ വിളിയായി. വ്യാജ വർത്തയാണെെന്ന് അറിഞ്ഞതോടെ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ സോഷ്യൽ മിഡീയ തിരഞ്ഞു.
തന്നെക്കുറിച്ചുള്ള വ്യാജ വാർത്തയെക്കുറിച്ച് മധു പ്രതികരിച്ചതിങ്ങനെ: ''വാർത്ത വായിച്ചവരിൽ പലരും തന്നെ നേരിട്ട് വിളിച്ച് അന്വേഷിച്ചു. 'ആരാണ് ചെയ്തതെന്നറിയില്ല. ഫോൺ ശബ്ദിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ ഓഫാക്കി വച്ചു. ഇന്ന് രാവിലെയാണ് വീണ്ടും ഓണാക്കിയത്. ഇപ്പോഴും ഈ വാർത്തയുമായി ബന്ധപ്പെട്ട് അന്വേഷണം വരുന്നുണ്ട്. ഇതിനൊക്കെ പ്രതികരിക്കേണ്ട കാര്യം തന്നെയില്ല. ഞാൻ വീട്ടിൽ തന്നെയുണ്ടായിരുന്നതുകൊണ്ട് വീട്ടുകാർക്ക് ടെൻഷനായില്ല. പക്ഷേ, ദൂരെയുള്ള ആളുകളുടെ ഉറക്കം പോയി. ഇത്തരം സംഭവങ്ങളെ ഒരു മാറ്ററാക്കാൻ പോലും ഞാൻ ആഗ്രഹിക്കുന്നില്ല.''
ഇതാദ്യമായല്ല സെലിബ്രിറ്റികളുടെ മരണവാർത്ത സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. ഇതിനെതിരെ പല താരങ്ങളും വളരെ രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്. ഞാൻ ജീവിച്ചിരിപ്പുണ്ട് എന്ന് പറഞ്ഞ് രംഗത്തുവന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇതാദ്യമായാണ് മധുവിന്റെ വ്യാജ മരണവാർത്ത പ്രചരിക്കുന്നത്.