blade-mafiya

കൊച്ചി: 500 കോടിയുടെ കൊള്ളപ്പലിശ ഇടപാടിൽ കേസിൽ പിടിയിലായ തമിഴ്‌നാട് സ്വദേശി മഹാദേവ മഹാരാജനെ രക്ഷിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടൽ സി.ബി.സി.ഐ.ഡി അന്വേഷിക്കുന്നതായി സൂചന. ലക്ഷങ്ങൾ വാങ്ങിയാണ് ഉന്നത ഉദ്യോഗസ്ഥാൻ മഹാരാജയ്ക്കായി ഇടപെടലുകൾ നടത്തിയതത്രെ. പൊലീസ് ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ കോഴിക്കോട് സ്വദേശിയായ ഒരു സീരിയൽ നടിയെ ഉപയോഗിച്ചതായും സി.ബി.സി.ഐ.ഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്. സ്വാധീനത്തിന് വഴങ്ങാത്ത ഉദ്യോഗസ്ഥർ വിവരം കൈമാറിയതോടെയാണ് സി.ബി.സി.ഐ.ഡി അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

കേരളത്തിന്റെ വിവിധ ജില്ലകളിൽ കോടിക്കണക്കിനു രൂപ പലിശയ്ക്കു നൽകുകയും കൊള്ളപ്പലിശ ഈടാക്കുകയും ചെയ്യുന്ന മഹാരാജയെ കഴിഞ്ഞ വർഷം സെപ്തംബർ എട്ടിനാണ് ചെന്നൈയിൽ നിന്നു കേരള പൊലീസ് സാഹസികമായി പിടികൂടിയത്. നാടകീയ രംഗങ്ങൾക്കൊടുവിൽ പള്ളുരുത്തി സി.ഐ കെ.ജി. അനീഷും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പൊലീസ് നടപടി തടഞ്ഞ അനുയായികളെ ആകാശത്തേക്കു വെടിവച്ചു വിരട്ടിയ ശേഷമായിരുന്നു അറസ്റ്റ്. ഇതേ വർഷം ജൂലൈയിൽ പൊലീസ് സംഘം ചെന്നൈയിലെത്തി ഇയാളെ പിടികൂടിയെങ്കിലും മടക്കയാത്രയിൽ കോയമ്പത്തൂരിൽ മുപ്പതോളം വരുന്ന ഗുണ്ടാസംഘം പൊലീസിനെ വളഞ്ഞു പ്രതിയെ മോചിപ്പിക്കുകയായിരുന്നു.

പ്രത്യാക്രമണം പ്രതീക്ഷിച്ച് ആയുധധാരികളായ പൊലീസ് സംഘമാണ് ഇത്തവണ അറസ്റ്റ് ചെയ്യാൻ പോയത്. ചെന്നൈ വിരുംകംപാക്കത്തെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യാനൊരുങ്ങിയപ്പോഴാണ് അനുയായികൾ തടയാൻ ശ്രമിച്ചത്. കേരളത്തിൽ വൻകിട വ്യവസായികൾക്കടക്കം വട്ടിപ്പലിശയ്ക്കു കോടിക്കണക്കിനു രൂപ കൊടുക്കുന്നയാളാണ് മഹാരാജ മഹാദേവൻ. 500 കോടി രൂപയുടെ സാമ്പത്തിക ഇടപാട് ഇയാൾ കേരളത്തിൽ നടത്തുന്നുണ്ടെന്നാണ് അനുമാനം. കൊച്ചി സ്വദേശി ഫിലിപ്പ് ജേക്കബ് നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.