കൂട്ടക്കോപ്പിയടി നടന്നുവെന്നു കരുതുന്ന സംസ്ഥാനത്തെ അഞ്ചു മെഡിക്കൽ കോളേജുകളിലെ അവസാന വർഷ എം.ബി.ബി.എസ് പരീക്ഷാഫലം ആരോഗ്യ സർവകലാശാല തടഞ്ഞുവെന്ന വാർത്ത അതീവ ഉത്കണ്ഠാജനകമാണ്. കോപ്പി അടിച്ച് അവസാന വർഷ പരീക്ഷ പാസായി പുറത്തുവരുന്ന കുട്ടി ഡോക്ടർമാർ സമൂഹത്തിന് എത്രമാത്രം ആപത്കാരികളാണെന്നോർത്താൽ രോഗികൾ മാത്രമല്ല സകലരും ഞെട്ടി വിറയ്ക്കും. പ്രതിജ്ഞ ചൊല്ലി ആതുരസേവനത്തിനായി ഇറങ്ങുന്നവരുടെ ധാർമ്മികതയ്ക്കും സത്യസന്ധമായ പെരുമാറ്റത്തിനും നിരക്കുന്നതല്ല പരീക്ഷയിലെ കണ്ടെഴുത്ത്. ഫലം തടഞ്ഞുവച്ച അഞ്ചു മെഡിക്കൽ കോളേജുകളിൽ രണ്ടെണ്ണം - ആലപ്പുഴ, എറണാകുളം - സർക്കാരിനു കീഴിലുള്ളവയാണെന്നത് ശ്രദ്ധേയമാണ്. സ്വാശ്രയ മെഡിക്കൽ കോളേജുകളാണ് സാധാരണഗതിയിൽ സ്ഥാപനങ്ങളുടെ മാനം നിലനിറുത്താനും ഭീമമായ ഫീസ് നൽകി പഠിക്കുന്ന കുട്ടികളെ സഹായിക്കാനുമായി കോപ്പിയടിക്ക് ഒത്താശ ചെയ്തുകൊടുക്കാറുള്ളത്. പരീക്ഷയിൽ ക്രമക്കേടുകൾ സർവസാധാരണമായതോടെ ഇപ്പോൾ എല്ലാ മെഡിക്കൽ കോളേജുകളിലും പരീക്ഷാഹാളുകളിൽ സി.സി.ടിവി സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ കൂട്ട കോപ്പിയടി പിടികൂടിയതും സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ്.
കുട്ടികളുടെ ഉത്തരക്കടലാസിനൊപ്പം സി.സി.ടിവി ദൃശ്യങ്ങൾ റെക്കാഡ് ചെയ്ത സി.ഡികളും നൽകണമെന്നാണ് നിബന്ധന. എന്നാൽ പല കോളേജുകളും നിബന്ധന കർക്കശമായി പാലിക്കാറില്ല. കോപ്പിയടിച്ചുവെന്നു വ്യക്തമായ സൂചനകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അഞ്ച് വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് ആരോഗ്യ സർവകലാശാല. ഇവരെ ഡീബാർ ചെയ്യുന്നതുൾപ്പെടെയുള്ള ശിക്ഷാനടപടികൾ എടുത്തേക്കും. ദൃശ്യങ്ങളുടെ പരിശോധന പൂർത്തിയാകുമ്പോൾ വേറെയും കുട്ടികൾ കുടുങ്ങുമെന്നു സൂചനയുണ്ട്. സർവകലാശാലയിൽ നിന്നു പല വിവരങ്ങളും സ്വകാര്യ മെഡിക്കൽ കോളേജുകൾ മറച്ചുവയ്ക്കുന്നതായും ആക്ഷേപമുണ്ട്.
മെഡിക്കൽ പ്രവേശനത്തിൽ നിലനിന്നിരുന്ന ക്രമക്കേടുകൾക്ക് പരിഹാരമായി കൊണ്ടുവന്ന 'നീറ്റ്" പരീക്ഷയിൽ വരെ ക്രമക്കേടും ആൾമാറാട്ടവും അരങ്ങേറിയ വാർത്തകൾക്കിടയിലാണ് അവസാന വർഷ മെഡിക്കൽ പരീക്ഷയിൽ നടന്ന കൂട്ട കോപ്പിയടി മറ്റൊരു വിവാദത്തിന്റെ തിരികൊളുത്തിയിരിക്കുന്നത്. ഏറ്റവും മിടുക്കർ മാത്രം എത്തിക്കൊണ്ടിരുന്ന മെഡിക്കൽ വിദ്യാഭ്യാസരംഗം പലതരം താത്പര്യക്കാരുടെ പിടിയിൽ അമർന്നതോടെ എല്ലാത്തരം ക്രമക്കേടുകളുടെയും വിളനിലമായി മാറിയിട്ടുണ്ട്. സന്തതികളെ ഡോക്ടർമാരാക്കുക എന്നത് ജന്മസാഫല്യമായി കരുതുന്ന ധാരാളം രക്ഷാകർത്താക്കൾ സമൂഹത്തിലുണ്ട്. കുട്ടിയുടെ അഭിരുചിയും പഠനമികവുമൊന്നും പരിഗണിക്കാതെയാകും തല്ലിപ്പഴുപ്പിച്ച് മക്കളെ മെഡിക്കൽ രംഗത്തേക്കു തള്ളിവിടുന്നത്. ഭാരിച്ച സിലബസും പഠനശേഷിക്കുറവും പലരെ സംബന്ധിച്ചും വലിയ ബാദ്ധ്യതയായി മാറാറുമുണ്ട്. സമ്മർദ്ദം താങ്ങാനാവാതെ ആത്മഹത്യയുടെ വഴി തേടുന്നവരുടെ എണ്ണവും കൂടിവരികയാണ്. ഈ വക പ്രതിസന്ധികൾക്കിടയിലാണ് എങ്ങനെയും പരീക്ഷ എന്ന കടമ്പ കടന്നുകൂടാൻ പലരും കോപ്പിയടിയെ ആശ്രയിക്കുന്നത്. കോളേജ് അധികൃതരുടെ മൗനാനുവാദമോ കണ്ണടയ്ക്കലോ കൂടിയുണ്ടെങ്കിൽ കാര്യങ്ങൾ കൂടുതൽ എളുപ്പമായി. കരിനിഴലിലായ മെഡിക്കൽ കോളേജുകൾ പരീക്ഷാഹാളിലെ ദൃശ്യങ്ങൾ നേരായ വിധത്തിൽ ചിത്രീകരിക്കാൻ പോലും താത്പര്യം കാണിച്ചില്ലെന്നാണ് അവ പരിശോധിച്ചവർ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. കോപ്പിയടിച്ചുവെന്നു തെളിഞ്ഞ വിദ്യാർത്ഥിയുടെ വിവരങ്ങൾ നൽകാൻ വിസമ്മതിച്ച കോളേജുമുണ്ട്. കോപ്പിയടി എന്ന അധാർമ്മികതയ്ക്ക് കൂട്ടുനിൽക്കുന്ന ഇത്തരം സ്ഥാപനങ്ങൾ സമൂഹത്തിന് എന്തു സന്ദേശമാണു നൽകുന്നത്?
കേരളത്തിൽ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലും പരീക്ഷയിലെ കോപ്പിയടി ഇന്ന് വലിയ നിയമപ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. ബീഹാറിലെ പത്താം ക്ളാസ് മുതലുള്ള പരീക്ഷകളിൽ നടന്നുകൊണ്ടിരുന്ന സംഘടിത കോപ്പിയടി തടയാൻ നിതീഷ് സർക്കാരിന് ഒടുവിൽ പൊലീസിനെത്തന്നെ നിയോഗിക്കേണ്ടിവന്നു. വിവര സാങ്കേതിക വിദ്യയുടെ വികാസം എങ്ങനെയൊക്കെ അനുകൂലമാക്കിയെടുക്കാമെന്നു തെളിയിച്ച സംഭവമാണ് സംസ്ഥാനത്ത് അടുത്തകാലത്ത് കോളിളക്കമുണ്ടാക്കിയ പി.എസ്.സി പരീക്ഷാ തട്ടിപ്പ്. ഇക്കഴിഞ്ഞ നീറ്റ് പരീക്ഷയിൽ ആൾമാറാട്ടത്തിലൂടെ മെഡിക്കൽ പ്രവേശനം നേടിയവരുടെ വിവരങ്ങളും പുറത്തായിക്കൊണ്ടിരിക്കുകയാണ്. വിദ്യാർത്ഥികളും രക്ഷിതാക്കളുമായി ഇതിനകം ഒരു ഡസൻ പേരാണ് അറസ്റ്റിലായിരിക്കുന്നത്.
അൻപതും അറുപതും ലക്ഷമൊക്കെ മുടക്കി മെഡിസിൻ പ്രവേശനം നേടുന്ന ശരാശരി വിദ്യാർത്ഥികൾക്ക് ബിരുദം കൈപ്പിടിയിലൊതുക്കാൻ നേരായ മാർഗത്തിലൂടെ പലപ്പോഴും കഴിഞ്ഞെന്നുവരില്ല. അത്തരക്കാരാണ് കോപ്പിയടി പോലുള്ള വളഞ്ഞ വഴി നോക്കുന്നത്. കുട്ടികളുടെ പഠന മികവോ അഭിരുചിയോ മനസിലാക്കാതെ അവരെ ഈ രംഗത്തേക്കു തള്ളിവിടുന്ന രക്ഷാകർത്താക്കൾ തന്നെയാണ് ഇവിടെ പ്രതിസ്ഥാനത്തു നിൽക്കുന്നത്. കോപ്പിയടിയും അടുത്തിരിക്കുന്ന കുട്ടിയുടെ ഉത്തരക്കടലാസിൽ നിന്ന് കണ്ടെഴുതിയും ഡോക്ടർ പരീക്ഷ പാസായിറങ്ങുന്നവരും ഏതെങ്കിലും ഒരു ആശുപത്രിയിൽ ഡോക്ടറായി എത്തുക തന്നെ ചെയ്യും. സമൂഹത്തിന് ഉത്കണ്ഠയും പേടിയും ജനിക്കുന്നത് അവിടെയാണ്.
പരിശോധകരെ തൃപ്തിപ്പെടുത്താനായി ദിവസക്കൂലിക്ക് 'വ്യാജ രോഗികളെ" പ്രവേശിപ്പിച്ച് തങ്ങളുടെ സ്ഥാപനത്തിന്റെ അംഗീകാരം നിലനിറുത്തുന്ന ഒരു മെഡിക്കൽ കോളേജിന്റെ കള്ളത്തരം മെഡിക്കൽ കൗൺസിൽ കണ്ടുപിടിച്ചത് സമീപ ദിവസങ്ങളിലാണ്. ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങളും അദ്ധ്യാപകരുമില്ലാത്ത കോളേജിൽ പഠനം തുടരുന്നത് വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാക്കുമെന്നുകണ്ട് കുട്ടികളെ മറ്റു മെഡിക്കൽ കോളേജുകളിലേക്ക് മാറ്റാൻ ആലോചന നടക്കുകയാണ്. മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ ക്രമക്കേടുകളും അനാശാസ്യ പ്രവണതകളും തടയാൻ കേന്ദ്ര , സംസ്ഥാന സർക്കാരുകളും മെഡിക്കൽ കൗൺസിലുമൊക്കെ തലകുത്തി ശ്രമിച്ചിട്ടും തിരുത്തപ്പെടേണ്ട പലതും ഇപ്പോഴും ശേഷിക്കുകയാണ്.