എന്റെ പ്രിയ സ്നേഹിതനും സഹപാഠിയുമായിരുന്ന ഡോ. ഇക്ബാൽ അഹമ്മദ് വിടപറഞ്ഞു. ഡോ. ഇക്ബാൽ റീജിയണൽ കാൻസർ സെന്ററിൽ വളരെക്കാലം ഓങ്കോ സർജറിയുടെ തലവനും പിന്നീട് മലബാർ കാൻസർ സെന്ററിന്റെ ആദ്യ ഡയറക്ടറുമായിരുന്നു.
1971 ൽ ആണ് ഞങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചേരുന്നത്. അദ്ദേഹം യൂണിവേഴ്സിറ്റി കോളേജിലെ ബി.എസ്.സി പഠനത്തിനു ശേഷവും ഞാൻ പ്രീഡിഗ്രി കഴിഞ്ഞുമാണ് മെഡിക്കൽ പ്രവേശനം നേടിയെത്തിയത്. അന്നത്തെ കാലത്ത് എൻട്രൻസ് പരീക്ഷ ആരംഭിച്ചിട്ടില്ല. യൂണിവേഴ്സിറ്റി പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. അറുപതു ശതമാനം സീറ്റുകളും ബിരുദം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായി നീക്കിവച്ചിരുന്നു. അതുകൊണ്ടുള്ള ഒരു ഗുണം, കേരളത്തിലെ പല കോളേജുകളിൽ നിന്നു വന്ന സ്നേഹിതരുടെ കൂടെ പഠിക്കാൻ പറ്റി എന്നുള്ളതാണ്. അങ്ങനെയാണ് ഡോ. ഇക്ബാൽ എന്റെ സഹപാഠിയായത്.
ഇക്ബാലിന്റെ പ്രിയ വിഷയം സർജറി ആയിരുന്നു. അദ്ദേഹം എന്നും ഒരു സൗമ്യനായ വിദ്യാർത്ഥിയും ഡോക്ടറുമായിരുന്നു. ഒരിക്കൽപ്പോലും സഹപാഠികളോടോ കൂട്ടിരുപ്പുകാരോടോ രോഗികളോടോ കർക്കശമായി സംസാരിക്കാൻ പോലും അറിയാത്ത തികച്ചും ഒരു ജെന്റിൽമാൻ. സൗമ്യമായ ഒരു പുഞ്ചിരിയോടെയല്ലാതെ അദ്ദേഹത്തിന്റെ മുഖം എനിക്ക് ഓർക്കാനാകുന്നില്ല. സർജറിയിലെ ഉപരിപഠനത്തിനുശേഷം കുറച്ചുകാലം കണ്ണൂരിലെ എ.കെ.ജി ആശുപത്രിയിൽ പ്രശസ്തനായ ഡോ.പി.കെ.ആർ. വാരിയരുടെ കൂടെ ജോലി ചെയ്യാൻ ഇക്ബാലിനു ഭാഗ്യം സിദ്ധിച്ചു. അദ്ദേഹത്തിന്റെ കരവിരുത് പ്രശസ്തമായിരുന്നു. തീർച്ചയായും വാരിയർ സാറിന്റെ കൂടെയുള്ള കാലം ഇക്ബാലിന്റെ സർജിക്കൽ കഴിവുകളിൽ കാര്യമായ സംഭാവന ചെയ്തിട്ടുണ്ട് എന്ന് അനുമാനിക്കാം.
കേരളത്തിൽ കാൻസർ സർജറിയിൽ സ്പെഷ്യലൈസ് ചെയ്ത ആദ്യ സർജന്മാരിൽ ഒരാളായിരുന്നു ഇക്ബാൽ. റീജിയണൽ കാൻസർ സെന്റർ സ്ഥാപിച്ചതോടു കൂടി അനേകം രോഗികളെ ചികിത്സിക്കാനുള്ള അവസരം ഇക്ബാലിനു കൈവന്നു. അദ്ദേഹം അവിടെ സർജിക്കൽ ഓങ്കോളജി - കാൻസർ ശാസ്ത്രക്രിയാവിഭാഗം തലവനായി കുറെക്കാലം ജോലി ചെയ്തിരുന്നു. ഇക്ബാലിന്റെ അടുത്തേക്ക് പറഞ്ഞുവിട്ടിട്ടുള്ള എല്ലാ രോഗികൾക്കും പറയാനുണ്ടായിരുന്നത് അദ്ദേഹത്തിന്റെ സൗമ്യമായ പെരുമാറ്റത്തെപ്പറ്റിയും, രോഗികളോടുള്ള,കരുതലിനെക്കുറിച്ചും, പാവപ്പെട്ട രോഗികളെ കഴിയുന്നതും സഹായിക്കാനുള്ള മനസിനെക്കുറിച്ചുമൊക്കെ മാത്രം ആയിരുന്നു. ഡോക്ടറാവാൻ വേണ്ടി ജനിച്ചവർ എന്നു ചിലരെപ്പറ്റി നമുക്കു തോന്നാറുണ്ട്. അതിന്റെ ഉത്തമോദാഹരണമായിരുന്നു ഇക്ബാൽ. സർജിക്കൽ ഒാങ്കോളജി രംഗത്ത് കേരളത്തിലും ഭാരതത്തിലും അദ്ദേഹത്തിന്റെ പേര് എന്നും ഓർമ്മിക്കപ്പെടും.
ആർ.സി.സിയിൽ നിന്നും അദ്ദേഹം ഇടയ്ക്ക് മലബാർ കാൻസർ സെന്ററിന്റെ ഡയറക്ടർ പദവി ഏറ്റെടുത്തു. വളരെ ബുദ്ധിമുട്ടുള്ള ഒരു ദൗത്യം ആയിരുന്നു അത്. ഭരണകാര്യങ്ങളിലും തനിക്ക് പ്രാഗല്ഭ്യം ഉണ്ടെന്നു തെളിയിക്കാനുള്ള ഒരവസരം അദ്ദേഹത്തിനു ലഭിച്ചു. കേരളത്തിന്റെ വടക്ക് ജില്ലകളിലുള്ള രോഗികൾക്ക് കാൻസർ ചികിത്സ ലഭ്യമാക്കാൻ ഉള്ള ഒരു വലിയ സ്ഥാപനം കെട്ടിപ്പടുക്കാൻ അങ്ങനെ ഇക്ബാലിന്റെ സംഭാവനയും ഉണ്ടായിരുന്നു.
അവസാനനാളുകളിൽ രോഗം അദ്ദേഹത്തെ വളരെ കഷ്ടപ്പെടുത്തി. വളരെയധികം പരിശ്രമിച്ചിട്ടും ആ വിലയേറിയ ജീവൻ തിരിച്ചുപിടിക്കാൻ നമുക്കു കഴിഞ്ഞില്ല. നഷ്ടം ഈ നാട്ടിലെ കാൻസർ രോഗികൾക്കും സഹപ്രവർത്തകർക്കും കുടുംബത്തിനും. പ്രിയ സുഹൃത്തിന് ആദരാഞ്ജലികൾ!