road

ആ​റ്റിങ്ങൽ : അയിലം റോഡിനെയും വാട്ടർസപ്ലൈ റോഡിനെയും ബന്ധിപ്പിക്കുന്ന രവിവർമ്മ റോഡ് തകർന്നിട്ട് ഒന്നര വർഷത്തിലേറെയായി. ധാരാളം വാഹനങ്ങൾ ദിവസവും കടന്നുപോകുന്ന നഗരസഭയിലെ പ്രധാന ഇടറോഡായിട്ടും റോഡ് നന്നാക്കാൻ അധികൃതർ തയ്യാറായിട്ടില്ലെന്ന് പരാതിയുണ്ട്. നഗരത്തോട് ചേർന്ന് കിടക്കുന്ന ജനസാന്ദ്രതയേറിയ രവിവർമ്മ ലെയ്നിലേക്കുള്ള ഈ റോഡ് ടാറും മെ​റ്റലുമിളകി കുഴികൾ നിറഞ്ഞ് ദുരിതമയമായ അവസ്ഥയിലാണ്. തകർന്ന ഈ റോഡിലൂടെ പോകുമ്പോൾ ബൈക്കുകാരുടെ ശ്രദ്ധ തെറ്റിയാൽ തെന്നിവീഴും. ആറ്റിങ്ങൽ ദേശീയപാതയിൽ ഗതാഗതകുരുക്ക് ഉണ്ടാകുമ്പോൾ മൂന്നുമുക്കിൽ നിന്നും തിരിച്ചു വിടുന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നു പോകുന്നത് രവിവർമ്മ റോഡിലൂടെയാണ്. നാനൂറ് മീ​റ്ററിനകത്ത് ദൈർഘ്യമുളളതാണ് ഈ റോഡ്. ഈ റോഡിൽ നിന്ന് ഉള്ളിലേക്ക് തിരിഞ്ഞുപോകുന്ന മ​റ്റ് ഇടറോഡുകളുമുണ്ട്. മൂന്നുമുക്കിൽ നിന്ന് കിഴക്കേ നാലുമുക്കിൽ എത്താവുന്ന ഒരു എളുപ്പവഴികൂടിയാണിത്. മൂന്നുമുക്കിൽ നിന്നും തിരക്കില്ലാതെ ഈ റോഡുവഴി ബോയിസ് എച്ച്.എസ്.എസിനു പിറകിലുള്ള റോഡിലൂടെ കരിച്ചിയിൽ വഴി കച്ചേരി ജംഗ്ഷനിൽ എത്തിച്ചേരാനുമാകും. ദേശീയപാതയിലെ ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിന് നിരവധി നാട്ടുകാർ ഈ റോഡ് ഉപയോഗിക്കുന്നുണ്ട്. കുരുക്കിൽ പെടാതിരിക്കാൻ ധാരാളം സ്‌കൂൾബസുകളും ഈ റോഡിലൂടെ കടന്നു പോകുന്നുണ്ട്. അടിയന്തരമായി റോ‌ഡ് ടാർ ചെയ്യണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.