ആര്യനാട്: ക്ലാസ് മുറികളിൽ നിന്നും ആർജ്ജിച്ച അറിവുകൾ ദൃശ്യവത്കരിച്ച് വിദ്യാർത്ഥികൾ. ആര്യനാട് ഗവ. വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിലെ വി.എച്ച് എസ്.ഇ അഗ്രിക്കൾച്ചർ വിദ്യാർത്ഥികളാണ് ജീവനം അതിജീവനം എന്ന പേരിൽ സ്കൂളിൽ കാർഷിക പ്രദർശനവും പരിശീലനവും സംഘടിപ്പിച്ചത്.
അദ്ധ്യാപകരായ എസ്. ദിവ്യ, സുജ, ആർ.വി. വിനോദ് എന്നിവർ നേതൃത്വം നൽകി.
വിവിധയിനം ജൈവവളങ്ങൾ, ജൈവകീടനാശിനികൾ, രോഗ കീട നിയന്ത്രണത്തിന് കൂടുതലായി ഉപയോഗിക്കുന്ന മിത്ര കുമിളുകൾ, ബാക്ടീരിയകൾ, മാതൃകാ അടുക്കളത്തോട്ട നിർമ്മാണം, ജൈവ കൃഷി പരിപാലനം എന്നിവയ്ക്കാണ് പ്രദർശനത്തിൽ കൂടുതൽ ഊന്നൽ നകിയത്. കുടുംബ ശ്രീ അംഗങ്ങൾക്കായി കൂൺ കൃഷി പരിശീലനം, ജൈവകീടനാശിന് നിർമ്മാണം, രോഗ നിയന്ത്രണത്തിന് ട്രൈക്കോഡെർമ്മ ഉപയോഗിക്കേണ്ട രീതി, എന്നിവയെപ്പറ്റി വിദ്യാർത്ഥികൾ തന്നെ പരിശീലനം നൽകി. വിദ്യാർത്ഥികളുടെ കാർഷിക ഉത്പന്നങ്ങളും മോഡലുകളും പ്രദർശിപ്പിച്ചു.
അഗ്രിക്കൾച്ചർ വിദ്യാർത്ഥികൾ സ്കൂൾ വളപ്പിൽ നിർമ്മിച്ചിരിക്കുന്ന ശലഭോദ്യാനം, ഔഷധത്തോട്ടം, വിവിധയിനം തുളസികൾ, വാഴകൃഷി, മട്ടുപ്പാവിലെ പച്ചക്കറികൃഷി, ജലസേചനത്തിനുള്ള ഡ്രിപ്പ് ഇറിഗേഷൻ രീതി എന്നിവയും പ്രദർശനത്തിൽ ശ്രദ്ധ്യേയമായി.
മേള ആര്യനാട് കൃഷി ഓഫീസർ ചന്ദ്രലേഖ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സുനിൽകുമാർ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ രഘു, വൈസ് പ്രസിഡന്റ് വേലായുധൻ, അദ്ധ്യാപകരായ എസ്. ദിവ്യ, സുജ, ആർ.വി. വിനോദ്, സ്റ്റാഫ് സെക്രട്ടറി ബിനു, അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.