m-najeem

കല്ലമ്പലം: പള്ളിക്കലിൽ ബന്ധുക്കൾ തമ്മിലുള്ള വഴിത്തർക്കം അതിരുവിട്ടപ്പോൾ അക്രമത്തിലും കത്തിക്കുത്തിലും കലാശിച്ചു. ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു.

പള്ളിക്കൽ താഴേമൂതല കക്കാട് കാവുവിള കുന്നുംപുറത്തു വീട്ടിൽ അബ്ദുൾ റഹീമിന്റെ മകൻ പള്ളിക്കൽ ആലീസ് മൻസിലിൽ നജീമാണ് (38) മരിച്ചത് . അബ്ദുൾ റഹീമിനും, മറ്റൊരു മകനായ നൈസാമിനും, അയൽവാസികളും ബന്ധുക്കളുമായ റഫീക്ക് എന്ന ഷാഹുൽ ഹമീദിനും, ഷെഹീറിനും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ നജീമിനെ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലും തുടർന്ന് കിംസിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റുള്ളവരെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഷെഹീറിന്റെ നില ഗുരുതരമാണ്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. ഇരു കൂട്ടരുടെയും വീടിനു സമീപത്തു കൂടിയുള്ള വഴിയുമായി ബന്ധപ്പെട്ട തർക്കം നേരത്തേ നിലനിന്നിരുന്നതായും അതിർത്തി കെട്ടിത്തിരിക്കുന്നതിന്റെ ഭാഗമായുള്ള വാക്കേറ്റമാണ് കൈയാങ്കളിയിൽ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു.. പ്രതികൾ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിലാണ്.

ഗൾഫിൽ നിന്ന് അവധിക്കെത്തിയ നജീം നാളെ മടങ്ങിപ്പോകാനിരിക്കയായിരുന്നു. ബിൻസിയാണ് നജീമിന്റെ ഭാര്യ. മക്കൾ: മുഹമ്മദ്‌ ആലിഫ്, സെയ്ദ് മുഹമ്മദ്.