നെയ്യാറ്റിൻകര: ഗൃഹനാഥൻ ആത്മഹത്യ ചെയ്ത കേസിലെ രണ്ട് പ്രതികളെ പ്രേരണക്കുറ്റത്തിന് അറസ്റ്റുചെയ്തു. എൽ.ഐ.സി ചീഫ് ഇൻഷ്വറൻസ് അഡ്വൈസറായ മൂന്നുകല്ലിൻമൂട് ജോൺ നിവാസിൽ മേരിജോൺ (55) ആണ് കഴിഞ്ഞ ജൂൺ 7 ന് ആത്മഹത്യാ കുറിപ്പ് എഴുതിവച്ച ശേഷം വീട്ടിൽ തൂങ്ങി മരിച്ചത്. മൂന്നുകല്ലിൻമൂട് വലിയ വീട്ടിൽ ഡ്രൈവറായ വിജയൻ, ഇയാളുടെ അനുജത്തിയുടെ മകൻ വിമൽദേവ് എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. വീടിന് മുൻ വശത്തെ മതിൽ പൂർണമായും ഇടിച്ചിടുകയും തന്നെയും അമ്മയെയും അയൽവാസികൾ മർദ്ദിച്ചെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ ജൂൺ ഒന്നിന് അയൽവാസികളായ നാല് പേർക്കെതിരെ മേരിജോൺ നെയ്യാറ്റിൻകര പൊലീസിന് പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് കേസ് അന്വേഷിച്ചില്ല. ഇതിൽ മനംനൊന്ത് ജൂൺ 7 ന് അയൽവാസികൾക്കെതിരെ കേസെടുക്കണമെന്ന് പൊലീസിന് കത്തെഴുതി വച്ച ശേഷം ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നു. മറ്റു രണ്ട് പ്രതികൾക്കായി അന്വേഷണം ഊർജിതപ്പെടുത്തിയതായി നെയ്യാറ്റിൻകര പൊലീസ് അറിയിച്ചു.