ആറ്റിങ്ങൽ: ഗാന്ധിജിയുടെ നൂറ്റിയൻപതാം ജന്മവാർഷികത്തോടനുബന്ധിച്ച് അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ സംഘടിപ്പിച്ച ശില്പശാലയിൽ സോളാർ ലൈറ്റുകൾ നിർമ്മിച്ച് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ സ്റ്റുഡന്റ് സോളാർ അംബാസഡർമാരായി. ഗാന്ധി ഗ്ലോബൽ സോളാർ യാത്രയോടനുബന്ധിച്ച് മുംബയ് ഐ.ഐ.ടിയുടെ സാങ്കേതിക സഹായത്തോടെ രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയുമായി സഹകരിച്ചാണ് സ്റ്റുഡന്റ് സോളാർ അംബാസഡർ വർക്ക്ഷോപ്പ് നടന്നത്. സൗരോർജ വിളക്കുകൾ നിർമ്മിക്കുന്നതിനുള്ള വർക്ക്ഷോപ്പിൽ പങ്കെടുത്ത അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ അവർക്ക് പഠനമുറിയിൽ ഉപയോഗിക്കാവുന്ന വിളക്കുകൾ തയ്യാറാക്കി. അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ നൂറ് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളാണ് ശില്പശാലയിൽ പങ്കെടുത്ത് സ്റ്റുഡന്റ് സോളാർ അംബാസഡർമാരായത്. രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിലെ വിദഗ്ദ്ധർ നേതൃത്വം നൽകിയ ശില്പശാല ചെയർമാൻ ഡോ. ബിജു രമേശ് ഉദ്ഘാടനം ചെയ്തു. 'കാർബൺ ന്യൂട്രൽ കേരളം' എന്ന ആശയം മുൻനിറുത്തി അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.