obc-

തിരുവനന്തപുരം: പന്തലിലും പുറത്തുമിരുത്തി രണ്ട് തട്ടിൽ രണ്ട് തരം സദ്യവിളമ്പുന്ന മാടമ്പിക്കാലത്തെ

വിവേചനമാണ് സംസ്ഥാന സർക്കാർ പാവപ്പെട്ട പിന്നാക്ക വിദ്യാർത്ഥികൾക്കുള്ള ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പ് നൽകുന്നതിൽ കാണിച്ചിരിക്കുന്നതെന്ന് വ്യക്തമായി.

. കേന്ദ്രവും സംസ്ഥാനവും തല്യമായി തുക പങ്കിട്ട് നൽകുന്ന സ്കോളർഷിപ്പിൽ നിന്ന് സർക്കാർ അംഗീകൃത അൺഎയ്ഡഡ് സ്കൂളുകളിലെ ഈഴവ, വിശ്വകർമ, നാടാർ വിഭാഗം വിദ്യാർത്ഥികളെ പൂർണമായും ഒഴിവാക്കി. എന്നാൽ ,ഇതേ സ്കൂളുകളിൽ പഠിക്കുന്ന ക്രിസ്ത്യൻ, മുസ്ലീം വിഭാഗം വിദ്യാർത്ഥികൾക്ക് ഈ ആനുകൂല്യം ലഭിക്കും. പിന്നാക്ക വിഭാഗ വികസന വകുപ്പ് പുറത്തിറക്കിയ വിജഞാപനങ്ങളിലാണ് വിചിത്രമായ ഇൗ വേർതിരിവ്. ഇതോടെ ,സംസ്ഥാനത്തെ 1400 ഓളം അംഗീകൃത അൺഎയ്ഡഡ് സ്കൂളുകളിലെ ആയിരക്കണക്കിന് വരുന്ന ഈഴവ, വിശ്വകർമ്മ, ഹിന്ദുനാടാർ വിഭാഗം കുട്ടികൾക്കാണ് ആനുകൂല്യം അപ്പാടെ നിഷേധിക്കപ്പെടുന്നത്.

ഉത്തരവിൽ ഇരട്ടത്താപ്പ്

ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് രണ്ട് ഉത്തരവുകളാണ് ഇറങ്ങിയത്.കഴിഞ്ഞ മേയ് 23നാണ് ആദ്യ ഉത്തരവ് വന്നത്.അതുപ്രകാരം സർക്കാർ/എയ്ഡഡ്/ അൺ എയ്ഡഡ് സ്കുളുകളിൽ പഠിക്കുന്ന ക്രിസ്ത്യൻ, മുസ്ലീം വിഭാഗം വിദ്യാർത്ഥികൾക്ക് പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാം.സി.ബി.എസ്.ഇ,എെ.സി.എസ്.ഇ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്.

കുറഞ്ഞത് 60 ശതമാനം മാർക്ക് വേണം.രക്ഷിതാവിന്റെ വാർഷിക വരുമാനം 6 ലക്ഷം രൂപ കവിയരുത്. ഇൗ ഉത്തരവിൽ പിന്നാക്ക വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ കാര്യം മിണ്ടിയിട്ടില്ല. സെപ്റ്റംബർ 28നാണ് പിന്നാക്ക വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് വേണ്ടിയുള്ള ഉത്തരവ് ഇറങ്ങിയത്. സർക്കാർ/എയ്ഡഡ് സ്കൂളിൽ പഠിക്കുന്ന പിന്നാക്ക വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കേ അപേക്ഷിക്കാൻ പാടുള്ളൂ. അൺ എയ്ഡഡ് സ്കുളുകളിൽ പഠിക്കുന്ന ഇത്തരം വിദ്യാർത്ഥികളെ വെട്ടി.മാത്രമല്ല ഇത്തരം വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ ഒന്നാം ക്ളാസിലൊഴികെ മറ്റു ക്ളാസുകളിൽ മിനിമം 80 ശതമാനം മാർക്കായി ഉയർത്തി. രക്ഷിതാവിന്റെ വരുമാനം 2.5 ലക്ഷമായി കുറയ്ക്കുകയും ചെയ്തു. ഒരേ സ്കോളർഷിപ്പ് വിതരണം ചെയ്യുന്നതിലാണ് വ്യത്യസ്ത മാനദണ്ഡങ്ങൾ നിരത്തി പാവപ്പെട്ട പതിനായിരക്കണക്കിന് ഈഴവ, വിശ്വകർമ്മ, ഹിന്ദുനാടാർ വിഭാഗം കുട്ടികളെ സർക്കാർ വെട്ടിയത്.

ഒന്നുമുതൽ 10 വരെ ക്ളാസുകളിലെ ക്രിസ്ത്യൻ, മുസ്ളിം കുട്ടികൾക്കാണ് ഇതുവരെ പ്രീമെട്രിക് സ്കോളർഷിപ്പ് നൽകിയിരുന്നത്.ഇത്തവണ ആദ്യമായിട്ടാണ് ഈഴവ, വിശ്വകർമ, നാടാർ വിഭാഗം വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയത്. എന്നാൽ അവരിൽ പലർക്കും ഇത് കിട്ടാതെ പോകണമെന്ന വാശി പുലർത്തിയ ഏതോ ഉദ്യോഗസ്ഥ പ്രഭുക്കളിലെ ദുഷ്ടവാശിയാകാം ഇത്തരം

പന്തീപക്ഷത്തിന് ഇടയാക്കിയത്.1000രൂപയാണ് വാർഷിക സ്കോളർഷിപ്പ് തുക.

ഈ വിവേചനത്തിനെതിരെ സർക്കാരിനെ സമീപിക്കുമെന്ന് കേരള റെക്കഗ്നൈസ്ഡ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ആനന്ദ്കണ്ണശ അറിയിച്ചു. ഇക്കാര്യം മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും ശ്രദ്ധയിൽ കൊണ്ടുവരാൻ ഇടപെടണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോടും അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.