തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയെ സ്വകാര്യവത്കരണത്തിലേക്കു നയിക്കുന്ന നെറ്റ് ലീസ് (മൊത്തവാടക) പദ്ധതി അംഗീകരിക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ടെടുത്ത എല്ലാ നടപടികളും റദ്ദു ചെയ്യാൻ കോർപറേഷന് നിർദ്ദേശവും നൽകി.
ലാഭത്തിലോടുന്ന ദീർഘദൂര റൂട്ടുകൾ സ്വകാര്യ ബസ് മുതലാളിമാർക്ക് കാഴ്ചവച്ച് കെ.എസ്.ആർ.ടി.സിയെ പൂട്ടിക്കാനുള്ള തലതിരിഞ്ഞ 'പരിഷ്കാരത്തിന് ' മാനേജ്മെന്റ് നീക്കം തുടങ്ങിയത് ഇന്നലെ കേരളകൗമുദി റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി.
ബസിന്റെ കുറവും ശബരിമല സീസണിൽ കൂടുതൽ ബസുകൾ ഉപയോഗിക്കേണ്ടി വരുന്നതും കാരണമായി പറഞ്ഞാണ് നിശ്ചിത തുക വാടക മാത്രം കൈപ്പറ്റി റൂട്ട് സ്വകാര്യ ബസുടമകൾക്ക് വിട്ടുകൊടുക്കാൻ നീക്കം നടത്തിയത്.
പദ്ധതി ടെൻഡർ നടപടികൾക്ക് സർക്കാരിന്റെ അനുവാദം ചോദിച്ച് കാത്തിരുന്നപ്പോഴാണ് കോർപറേഷന്റെ പൂർണ തകർച്ചയ്ക്ക് ഇടയാക്കുന്ന ഇടപാടിലെ കള്ളക്കളി കേരളകൗമുദി പുറത്തു കൊണ്ടുവന്നത്. ഇതോടെ തൊഴിലാളി സംഘടനകൾ എതിർപ്പുമായി രംഗത്തെത്തി. സർക്കാർ കൈയോടെ ഇടപെടുകയും ചെയ്തു.
400 ബസുകൾ വേണം
കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസ് നടത്തുന്നതിന് അത്യാവശ്യമായി 400 പുതിയ ബസ് വേണം. ഇത്രയും ബസിന്റെ കാലാവധി (അഞ്ച് വർഷം) രണ്ടു വർഷം മുമ്പ് കഴിഞ്ഞതാണ്. അന്ന് പുതിയത് വാങ്ങാൻ പണമില്ലാത്തതിനാൽ കാലാവധി രണ്ടു വർഷം കൂടി നീട്ടി നൽകുകയായിരുന്നു. ഈ ആനൂകൂല്യം സ്വകാര്യബസുകൾക്കും ലഭിച്ചു.
80 കോടി
400 ബസുകൾ വാങ്ങുന്നതിന് 80 കോടി രൂപ വേണം. കിഫ്ബിയെ നേരത്തേ സമീപിച്ചിരുന്നെങ്കിലും ചില വ്യവസ്ഥകളിൽ വ്യക്തത വരാത്തതു കാരണം തീരുമാനമുണ്ടായില്ല. വീണ്ടും കിഫ്ബിയെ സമീപിക്കുകയേ വഴിയുള്ളൂ.