schoolsandharsanam

വിതുര: അരുവിക്കര നിയോജകമണ്ഡലത്തിലെ സർക്കാർ സ്‌കൂളുകളിൽ പുതിയ ബഹുനില മന്ദിരങ്ങൾ നിർമ്മിക്കുന്നതിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചതായി കെ.എസ്. ശബരിനാഥൻ എം.എൽ.എ അറിയിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന അരുവിക്കര മണ്ഡലത്തിലെ വിതുര ഗവ. വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂൾ, വിതുര ഗവ. യു.പി സ്കൂൾ, ആര്യനാട് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ, കുറ്റിച്ചൽ പരുത്തിപ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, അരുവിക്കര ഗവ. ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് പുതിയ മന്ദിര നിർമ്മാണത്തിനായി 3 കോടി രൂപ വീതം അനുവദിച്ചത്. ഇതിന്റെ ആദ്യഘട്ടമായി എം.എൽ.എയുടെ നേതൃത്വത്തിൽ നിർവഹണ അധികാരികളായ ഇൻകെലിന്റെ ഉദ്യോഗസ്ഥരടങ്ങുന്ന സംഘം സ്കൂളുകൾ സന്ദർശിച്ച് വികസന ആവശ്യങ്ങൾ മനസിലാക്കി. ഇനി വിശദമായ എസ്റ്റിമേറ്റ് തയാറാക്കും. എസ്റ്റിമേറ്റ് സമർപ്പിച്ച ശേഷം സാങ്കേതികാനുമതി ലഭ്യമാക്കാനുണ്ട്. അവ ലഭിച്ച ശേഷം ടെൻഡർ നടപടികളിലേക്ക് കടക്കുമെന്ന് എം.എൽ.എ അറിയിച്ചു.