കാട്ടാക്കട: ലോക ഗജദിനത്തിൽ സന്ദർശകർക്ക് കൗതുകക്കാഴ്‌ചയൊരുക്കി കാപ്പുകാട് ആന പുനരധിവാസ കേന്ദ്രം. ഗജദിനത്തോടനുബന്ധിച്ച് ആനകൾക്ക് പ്രത്യേക ഭക്ഷണം, പരിപാലനം എന്നിവയാണ് സംഘടിപ്പിച്ചത്. തദ്ദേശീയരും വിദേശീയരുമായ നിരവധി ആനപ്രേമികൾ പ്രത്യേക ചടങ്ങുകൾ കാണാനെത്തി. ആനയെ ഹൃദയം കൊണ്ട് തൊട്ടറിയാൻ വഴുതക്കാട് ബ്ലൈൻഡ് സ്‌കൂളിലെ വിദ്യാർത്ഥികളും പ്രത്യേക ക്ഷണിതാക്കളായി എത്തിയിരുന്നു. കൂടാതെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി ആനയെ വിഷയമാക്കിയുള്ള ക്വിസ് മത്സരവും ആനപ്പാട്ടുകളും സംഘടിപ്പിച്ചിരുന്നു. ഗജദിനത്തോടനുബന്ധിച്ച് സന്ദർശകർക്ക് പ്രവേശനം സൗജന്യമാക്കിയിരുന്നു.
വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായിട്ടാണ് ആനകൾക്കായി വനംവകുപ്പ് ഒരുദിനം തന്നെ മാറ്റിവച്ചത്.
ആനയെ ഊട്ടുന്നതിനു സന്ദർശകർക്ക് പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിരുന്നു. ഇതിനായി 100 രൂപ അടച്ച പത്തുപേരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുകയും ആദ്യ രണ്ടു പേരുകാർക്ക് നേരിട്ട് ആനയെ ഫലങ്ങൾ ഊട്ടാൻ അവസരം ഒരുക്കുകയും ചെയ്തു. ബ്ലൈൻഡ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി നിമിഷയാണ് പേരുകൾ നറുക്കെടുത്തത്. സ്ഥലവാസിയും മാദ്ധ്യമപ്രവർത്തകനുമായ പി.എസ്. പ്രഷീദിനാണ് നറുക്കെടുപ്പിലൂടെ ആദ്യം അമ്മു എന്ന ആനയെ ഊട്ടാൻ അവസരം ലഭിച്ചത്. രണ്ടാമത് നറുക്കു വീണ വിദേശിയായ റ്റോഷ് കുസൃതിക്കാരിയായ പൊടിച്ചിക്കാണ് ഫലങ്ങൾ നൽകിയത്. ബ്ലൈൻഡ് സ്‌കൂൾ അദ്ധ്യാപിക സിന്ധുവും ആനയൂട്ട് നടത്തി.
ക്വിസ് മത്സര വിജയികൾക്ക് സർട്ടിഫിക്കറ്റും ആന ശില്പവും സമ്മാനമായി നൽകി. കാപ്പുകാട് നിന്നും ആന പാപ്പാനായി 35 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന പാപ്പാൻ കൃഷ്ണനെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ അനിൽ പൊന്നാട ചാർത്തി ആദരിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി വാർഡൻ എസ്. സതീശൻ, ഡെപ്യൂട്ടി റേഞ്ചർ രഞ്ജിത്ത്, റിനി, മറ്റ് ഉദ്യോഗസ്ഥർ, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി തുടങ്ങിയവർ സംസാരിച്ചു. എക്കോ ഡെവലപ്മെന്റ് കമ്മിറ്റി പ്രസിഡന്റ് സുരേഷ് മിത്ര യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ആനയെ കുറിച്ചുള്ള പ്രസംഗ മത്സരത്തിൽ ബ്ലൈൻഡ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ സിജോ, അക്ഷയ് കൃഷ്ണ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
കേട്ടറിഞ്ഞ ആനയെ തൊട്ടറിഞ്ഞ് അവർ
ബ്ലൈൻഡ് സ്കൂളിലെ കുട്ടികൾക്ക് ആനയെ സ്പർശിച്ചു പരിചയപ്പെടുന്നതിനായി തടിയിൽ തീർത്ത നാല് അടി പൊക്കമുള്ള ആനശില്പം അധികൃതർ വേദിയിൽ സജ്ജമാക്കിയിരുന്നു. അന്ധരായ കുട്ടികൾ ശില്പത്തിൽ സ്പർശിച്ച് ആനയെ ഹൃദയത്തിൽ കൂടുതൽ അടുത്തറിയുകയായിരുന്നു. മൈമും പാട്ടുകളുമൊക്കെയാണ് കുട്ടികൾ ഗജദിനം ആഘോഷിച്ചത്.
ആനയൂട്ടിന് ശേഷം നടന്ന ആനകളുടെ പരേഡും വ്യത്യസ്ത അനുഭവമായി.