തിരുവനന്തപുരം : എം.ബി.ബി.എസ് അവസാനവർഷ പാർട്ട് വൺ പരീക്ഷയിൽ സംസ്ഥാനത്തെ അഞ്ച് മെഡിക്കൽ കോളേജുകളിൽ കോപ്പിയടി കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ആരോഗ്യ സർവകലാശാല സ്ഥിരം സമിതിയെ ചുമതലപ്പെടുത്തി.
പരീക്ഷാ കൺട്രോളർ ഉൾപ്പെടുന്ന അഞ്ചംഗ സമിതി നാലാഴ്ചയ്ക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് വൈസ് ചാൻസലർക്ക് നൽകും. കോപ്പിയടി കണ്ടെത്തിയ ആലപ്പുഴ, എറണാകുളം ഗവ. മെഡിക്കൽ കോളേജുകളുടെയും തിരുവനന്തപുരം എസ്.യു.ടി, കൊല്ലം അസീസിയ, പെരിന്തൽമണ്ണ എം.ഇ.എസ് സ്വാശ്രയ മെഡിക്കൽ കോളേജുകളുടെയും അധികൃതർ ആകെ ആറു വിദ്യാർത്ഥികളുടെ പേരുവിരങ്ങളാണ് സർവകലാശാലയ്ക്ക് കൈമാറിയത്. എന്നാൽ കൂടുതൽ പേർ കോപ്പയടിച്ചിട്ടുണ്ടെന്നാണ് സർവകലാശാല അധികൃതരുടെ കണക്കുകൂട്ടൽ .
ജൂലായ്, ആഗസ്റ്റ് മാസങ്ങളിലായി നടന്ന എം.ബി.ബി.എസ് അവസാനവർഷ പാർട്ട് വൺ പരീക്ഷയിലാണ് കോപ്പിയടി നടന്നത്. കോപ്പിയടി കണ്ടെത്തിയ സാഹചര്യത്തിൽ അഞ്ചു കോളേജുകളുടെയും ഫലം തടഞ്ഞുവച്ചിരുന്നു. കോളേജ് അധികൃതർ കോപ്പിയടിച്ച ആറ് പേരുടെ ലിസ്റ്റ് നൽകിയതോടെ ഫലം പ്രസിദ്ധീകരിക്കുകയായിരുന്നു. കൂടുതൽ പേർ കോപ്പിയടിച്ചതായി കണ്ടെത്തിയാൽ ഗവേണിംഗ് കൗൺസിൽ ചേർന്ന് കർശന നടപടികൾ സ്വീകരിക്കും. കോളേജ് അധികൃതർ നൽകിയ ലിസ്റ്റിലുള്ള ആറ് പേർ ഡീബാറിംഗ് ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടിവരുമെന്നും പ്രോ വൈസ് ചാൻസലർ ഡോ. നളിനാക്ഷൻ വ്യക്തമാക്കി.
പാർട്ട് വൺ പരീക്ഷയ്ക്ക് പിന്നാലെ ഈ കോളേജുകളിലെ ചില വിദ്യാർത്ഥികളാണ് സർവകലാശാലയ്ക്ക് പരാതി നൽകിയത്. പരാതി ലഭിച്ച കോളേജുകളിലെ ദൃശ്യങ്ങൾ സർവകലാശാലാ സമിതി പരിശോധിച്ചതോടെയാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. കോളേജുകൾ ഇക്കാര്യം നിരസിച്ചെങ്കിലും പ്രിൻസിപ്പൽമാരെയും പരീക്ഷാ മുഖ്യ സൂപ്രണ്ടിനെയും സർവകലാശാലാ ആസ്ഥാനത്തേക്ക് വിളിപ്പിച്ച് സമിതി വിശദീകരണം തേടി. കുട്ടികളെ തിരിച്ചറിഞ്ഞ് വിവരം കൈമാറാൻ നിർദ്ദേശിച്ചു. കോളേജ് അധികൃതർ കോപ്പിയടിച്ചവരുടെ പേരുൾപ്പെടെ വിശദീകരണം നൽകിയതോടെയാണ് ഫലം പ്രസിദ്ധീകരിച്ചത്.
മൂല്യനിർണയത്തിനായി ഉത്തരക്കടലാസ് സർവകലാശാലയ്ക്ക് അയയ്ക്കുമ്പോൾ പരീക്ഷാഹാളിലെ സി.സി ടിവി ദൃശ്യവും സി.ഡിയിലാക്കി അതേ പാക്കറ്റിൽത്തന്നെ മുദ്രവച്ച് നൽകണമെന്നാണ് ചട്ടം. പരാതികൾ ലഭിക്കുമ്പോൾ മാത്രമാണ് ഇത്തരം സി.ഡികൾ സർവകലാശാല പരിശോധിക്കുന്നത്.