കോവളം: ബൈപ്പാസ് നിർമ്മാണം പുരോഗമിക്കുന്ന കോവളം ജംഗ്ഷനിൽ കാൽനട യാത്രക്കാർക്കായി ഫുഡ് ഓവർ ബ്രിഡ്ജ് നിർമ്മിക്കാത്തതിൽ പ്രതിഷേധമുയരുന്നു. കോവളം ജംഗ്ഷന് സമീപ പ്രദേശങ്ങളിൽ നൂറുകണക്കിന് ആളുകളാണ് താമസിക്കുന്നത്. മേൽപ്പാലം നിർമ്മിക്കാതെ ബൈപാസ് നിർമ്മാണം പൂർത്തിയായാൽ പ്രദേശവാസികളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടും. കെ.എസ് റോഡ്, കമുകിൻകുഴി, വലിയ കുളത്തിൻകര, വേടർ കോളനി, കോവളം ബീച്ച്, തൊഴിച്ചൽ,നെടുമം തുടങ്ങിയ സ്ഥലങ്ങളിലുള്ളവർക്ക് കോവളം ബീച്ച് റോഡിലേക്കും വിഴിഞ്ഞത്തേക്കും നഗരത്തിലേക്കും പോകുന്നതിനോ ബൈപാസിന് ഇരുവശത്തുമുള്ള ബസ് സ്റ്റോപ്പുകളിൽ എത്തണമെങ്കിലോ റോഡ് മുറിച്ച് കടക്കാൻ അര കിലോമീറ്റർ ചുറ്റി സഞ്ചരിക്കേണ്ടിവരും. മാത്രമല്ല ഈ ഭാഗത്തെ ബൈപാസ് റോഡ് നിർമ്മാണം പലയിടങ്ങളിലും അശാസ്ത്രിയമാണെന്നും ആരോപണമുയർന്നിട്ടുണ്ട്. വെള്ളാർ ജംഗ്ഷനിൽ സർവീസ് റോഡുകൾ നിർമ്മിച്ചതിലും ബൈപാസ് റോഡിന്റെ ഒരു ഭാഗം ഉപയോഗ ശൂന്യമാക്കിയതിനെതിരെയും പ്രതിഷേധം ഉയർന്നിരുന്നു. ആഴാകുളത്ത് ബീമുകൾ നിർമ്മിച്ച് അതിനുമുകളിൽ ഫ്ലൈഓവർ നിർമ്മിച്ചിരുന്നെങ്കിൽ ഈ പ്രദേശത്ത് നിരവധി വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ലഭിക്കുമായിരുന്നു. അന്തർദേശീയ വിനോദ സഞ്ചാര കേന്ദ്രമായ കോവളത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലം ലഭിക്കാതെ ഗതാഗതക്കുരുക്കുണ്ടാകുന്നതിന് പരിഹാരവും കാണുമായിരുന്നു. ഫ്ലൈഓവറിന് കീഴിൽ പാർക്കിംഗിനുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നെങ്കിൽ വാഹനങ്ങളിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് വലിയ അനുഗ്രഹമാകുമായിരുന്നു. എന്നിട്ടും സ്ഥലം കെട്ടിയടച്ച് ഫ്ലൈഓവർ നിർമ്മിച്ചതാണ് നിർമ്മാണ പ്രവർത്തനം അശാസ്ത്രീയമാണെന്ന ആരോപണത്തിന് കാരണം. റോഡിന് ഇരുവശത്തുമുള്ള കാൽനട യാത്രക്കാരായ പ്രദേശവാസികളുടെ സൗകര്യാർത്ഥം കോവളം ജംഗ്ഷനിൽ റോഡ് ക്രോസ് ചെയ്യാനുള്ള ഫുഡ് ഓവർ ബ്രിഡ്ജ് നിർമ്മിക്കണമെന്നാവശ്വപ്പെട്ട് എം. വിൻസന്റ് എം.എൽ.എ നാഷണൽ ഹൈവേ അതോറിട്ടിക്ക് പരാതി നൽകിയിട്ടുണ്ട്.